ഒമാന്‍ കര അതിര്‍ത്തികള്‍ ജനു.18 മുതല്‍ അടക്കുന്നു

റാസല്‍ഖൈമ ചെക്ക് പോയിന്റ്

ദുബൈ/മസ്‌കത്ത്: ഒമാനിലെ കര അതിര്‍ത്തികള്‍ ജനുവരി 18 മുതല്‍ ഒരാഴ്ചത്തേക്ക് അടക്കാന്‍ കോവിഡ് 19 നേരിടാനുള്ള ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. അതിവ്യാപന ശേഷിയുള്ള ഏറ്റവും പുതിയ ഇനം വൈറസ് ഭീഷണിയാണെന്ന് പ്രത്യേക സാങ്കേതിക സംഘം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം 6 മുതല്‍ കര അതിര്‍ത്തികള്‍ അടക്കുന്നതെന്ന് കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് 19 മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവരെ ബന്ധപ്പെട്ട അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ലംഘകര്‍ക്ക് കടുത്ത ശിക്ഷകള്‍ തന്നെയുണ്ടാകുമെന്നും കമ്മിറ്റി ആവര്‍ത്തിച്ചു വ്യക്തമാക്കി. കോവിഡ് 19 മുന്‍കരുതല്‍ നടപടികള്‍ അനുസരിക്കാത്ത രാജ്യത്തെ പൗരന്മാരും താമസക്കാരും വര്‍ധിച്ചു വരികയാണ്. മാസ്‌കുകള്‍ ധരിക്കാതിരുന്നും വലിയ ആള്‍ക്കൂട്ട ഒത്തുചേരലുകളും മറ്റും നടത്തിയും രാജ്യത്ത് വൈറസ് പൊട്ടിപ്പുറപ്പെടാന്‍ വീണ്ടും കാരണമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.