യുഎഇയില്‍ പണപ്പിരിവിന് അനുമതി വേണം: നിയമത്തിന് എഫ്എന്‍സി അംഗീകാരം

സംഭാവനകള്‍ സ്വീകരിക്കല്‍, ആവശ്യക്കാര്‍ക്ക് പണം നല്‍കല്‍ എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടി

ദുബൈ: അനുമതി ഇല്ലാതെ പണപ്പിരിവ് നടത്തുന്നവരെ പിടികൂടാനുള്ള നിയമം യഎഇ നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്എന്‍സി) ഇതിന് അംഗീകാരം നല്‍കി. സംഭാവനകള്‍ സ്വീകരിക്കല്‍, ആവശ്യക്കാര്‍ക്ക് പണം നല്‍കല്‍ എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് എഫ്എന്‍സിയിലെ നിയമ നിര്‍മാണ സമിതി പ്രതിനിധി മര്‍യം മാജിദ് ബിന്‍ സനിയ്യ അറിയിച്ചു.
പണം കണ്ടെത്തി ഭീകര സംഘടനകള്‍ക്ക് നല്‍കുന്നത് തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നിയമ നിര്‍മാണത്തിനായി യുഎഇ തയാറെടുക്കുന്നത്. ഒരു ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെയാണ് ശിക്ഷ. വിദേശികളാണ് കേസില്‍ അകപ്പെടുന്നതെങ്കില്‍ ശിക്ഷക്ക് ശേഷം നാടു കടത്തും. സന്നദ്ധ സംഘടനകള്‍ക്കായി പണം സ്വരൂപിക്കുന്നതില്‍ ക്രമീകരണം കൊണ്ടു വരും.
സാമൂഹിക സേവനങ്ങളുടെ പേരില്‍ പണം പിരിക്കുന്നത് തടയും. യുഎഇയില്‍ നിന്ന് സ്വദേശികള്‍ വന്‍ തുകകള്‍ വിദേശ രാജ്യങ്ങളിലേക്ക് സംഭാവനയായി അയക്കുന്നുണ്ട്. ഇങ്ങനെ സംഭാവനകള്‍ സ്വീകരിക്കുന്നവരുടെ വിശദാംശങ്ങള്‍ ശേഖരിക്കും. രാജ്യത്ത് പണം പിരിക്കുന്നത് പൂര്‍ണമായും തടയാനാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്.