പിണറായിയോട് ചെന്നിത്തല ഇങ്ങനെയും തള്ളരുതേ…

തിരുവനന്തപുരം: ‘ഞാന്‍ ഒരു ഭയങ്കര സംഭവമാണ്’ എന്ന് മുഖ്യമന്ത്രി സ്വയം പറയുന്നതിനെക്കാള്‍ നല്ലത് പുറകില്‍നിന്ന് ആരെക്കൊണ്ടെങ്കിലും പറയിക്കുന്നതായിരുന്നു. ഇപ്പോള്‍ത്തന്നെ പി.ആര്‍ ഏജന്‍സി അദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തിരി മയത്തിലൊക്കെ തള്ളണമായിരുന്നു എന്നാണ് അദ്ദേഹത്തോട് എനിക്കു പറയാനുള്ളത്-നിയമസഭയില്‍ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട വാക്‌പോരിനിടെ മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് പറഞ്ഞതായിരുന്നു ഇവ. താന്‍ പ്രത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ചായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.
പതിനെട്ടു വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിരുന്ന്, അച്യുതാനന്ദനെന്ന വലിയ നേതാവിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്ത ഗ്രൂപ്പിന്റെ നേതാവാണ് പിണറായി വിജയന്‍. അങ്ങനെയുള്ളയാള്‍ ഞങ്ങളെ നോക്കി ഗ്രൂപ്പിനെപ്പറ്റി പറയണ്ടെന്ന്, പി.ടി തോമസിനെ നിയന്ത്രിക്കാന്‍ ഗ്രൂപ്പ് പോര് കാരണം ചെന്നിത്തലയ്ക്ക് കഴിയില്ല എന്ന പിണറായിയുടെ ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു. ഗ്രൂപ്പ് കളിച്ച് മുഴുവന്‍ സ്ഥാനവും പിടിച്ചടക്കിയ ഗ്രൂപ്പുകളിയുടെ ആശാനാണ് ഗ്രൂപ്പുകളിയെപ്പറ്റി പറയുന്നത്.
മുഖ്യമന്ത്രിതന്നെ കത്തയച്ച് വരുത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്കു തിരിയുമെന്നായപ്പോഴാണ് മുഖ്യമന്ത്രി ഏജന്‍സികള്‍ക്കെതിരായ നിലപാടു സ്വീകരിക്കാന്‍ തുടങ്ങിയത്. 374 കോടി രൂപയുടെ ഗുരുതരമായ അഴിമതി നടത്തിയ ലാവ്‌ലിന്‍ കേസ് ഇപ്പോഴും സുപ്രീംകോടതിയിലാണ്. 20 തവണ മാറ്റിവച്ചു. ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുളള അന്തര്‍ധാരയാണ് അതിലൂടെ തെളിയുന്നത്.
സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന് സംസ്ഥാനത്തെ ഏറ്റവും ഉന്നതമായ ഭരണനിര്‍വ്വഹണ കേന്ദ്രത്തില്‍ കയറിപ്പറ്റാനും തങ്ങളുടെ നിക്ഷിപ്ത താല്പര്യത്തിനുവേണ്ടി അതിനെ ഉപയോഗിക്കാനും കഴിഞ്ഞത് എങ്ങനെയാണ്? മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഈ കള്ളക്കടത്തിന്റെ പിണിയാളായി മാറി. ഈ ഉദ്യോഗസ്ഥനെപ്പറ്റി മുഖ്യമന്ത്രി അറിയാത്തത് എന്തുകൊണ്ടാണ്? ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കണയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു അധോലോകകേന്ദ്രമായി മാറിയപ്പോഴാണ് പ്രതിപക്ഷം പോരാട്ടം തുടങ്ങുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതുവരെ പ്രതിപക്ഷം പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.