പ്രതിഷേധം ആപ്പായി; സ്വകാര്യത നയം ഉടനില്ലെന്ന് വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി ഫെബ്രുവരി എട്ടിന് പ്രാബല്യത്തില്‍ വരില്ല. പകരം മെയ് 15-ലേക്ക് നീട്ടിവെച്ചു.
ഫെയ്സ്ബുക്കിന് ഡാറ്റ കൈമാറുന്നത് നിര്‍ബന്ധിതമാക്കുന്ന പോളിസി്ക്കെതിരെ ആഗോള തലത്തില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഒരു കേസും ഇന്ത്യയില്‍ നടക്കുന്നുണ്ട്.
പുതിയ പ്രൈവസി പോളിസി അപ്ഡേറ്റ് അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി എട്ട് മുതല്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല എന്നായിരുന്നു വാട്സാപ്പിന്റെ അറിയിപ്പ്. എന്നാല്‍ തീയ്യതി നീട്ടിയ സാഹചര്യത്തില്‍ ഫെബ്രുവരി എട്ടിന് ശേഷവും എല്ലാ ഉപയോക്താക്കള്‍ക്കും വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ആരുടെയും അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യില്ലെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. വാട്സ്ആപ്പിന്റെ പ്രൈവസി പോളിസിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണ ഇല്ലാതാക്കുമെന്നും വാട്സാപ്പ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് വാട്സ്ആപ്പ് പുതിയ പോളിസി അപ്ഡേറ്റ് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉപയോക്താക്കള്‍ക്കെല്ലാം അയച്ചു തുടങ്ങിയത്. വാട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്സ്ബുക്കിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ആവശ്യമെങ്കില്‍ പുറത്തുള്ള സ്ഥാപനങ്ങള്‍ക്കും കൈമാറുമെന്ന് വ്യവസ്ഥ ചെയ്യുന്ന അപ്ഡേറ്റിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയായിരുന്നു. ഉപയോക്താക്കള്‍ വലിയ രീതിയില്‍ കൊഴിഞ്ഞുപോവാന്‍ തുടങ്ങിയതോടെയാണ് പോളിസി നടപ്പാക്കുന്നത് വൈകിപ്പിച്ചത്‌.