തൊഴില്‍ നഷ്ടമായ പ്രവാസികളെ പുനരധിവസിപ്പിക്കണം: ഡോ. ആസാദ് മൂപ്പന്‍

ഡോ. ആസാദ് മൂപ്പന്‍

ദുബൈ: മഹാമാരിയുടെ സാഹചര്യത്തില്‍ നിരവധി പ്രവാസികളാണ് തൊഴില്‍ നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയിട്ടുള്ളത്. അവര്‍ക്ക് തൊഴില്‍ പ്രദാനം ചെയ്തും സംരംഭങ്ങളാരംഭിക്കാനാവശ്യമായ പ്രാരംഭ മൂലധനം നല്‍കിയും അവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ആവശ്യമാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പ്രീബജറ്റ് കമന്റില്‍ ആവശ്യപ്പെട്ടു.
പ്രവാസികളുടെ നൈപുണ്യ വികസനം ലക്ഷ്യമാക്കിയുള്ള ഉദ്യമങ്ങളും ഉണ്ടാവേണ്ടതുണ്ട്. സുസ്ഥിരമായ ഒരു സമ്പദ് വ്യവസ്ഥ ഉറപ്പാക്കാന്‍ മികച്ച ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ തികച്ചും അനിവാര്യമാണെന്ന വസ്തുത കോവിഡ് 19 വ്യാപനത്തോടെ 2020ല്‍ ബോധ്യപ്പെട്ടതാണ്. ബജറ്റില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച തുച്ഛമായ വിഹിതത്തില്‍ നിന്നും ഇരട്ടിയായി ആരോഗ്യ സംരക്ഷണ മേഖലക്കുളള വിഹിതം ഉയര്‍ത്തേണ്ടത് അനിവാര്യമാണ്. ഇത് സാധാരണക്കാര്‍ക്ക് ഗുണനിലവാരമുളള ആരോഗ്യ പരിചരണം എളുപ്പം പ്രാപ്യമാവാന്‍ സഹായിക്കും. പകര്‍ച്ചവ്യാധിയെ മറികടക്കാനും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുമുള്ള സുപ്രധാന ചുവടുവെയ്പ്പായ ഇന്ത്യയിലെ വലിയ ജനസമൂഹത്തിനാകെയും കോവിഡ് 19 പ്രതിരോധ കുത്തിവയ്പ് നല്‍കാനുളള ശേഷി സൃഷ്ടിക്കാനും കേന്ദ്ര ബജറ്റിന് കഴിയണം. ‘ആയുഷ്മാന്‍ ഭാരത്’ പദ്ധതിയുടെ കീഴില്‍ വരുന്ന താഴ്ന്ന വരുമാനക്കാരായ ജനസംഖ്യയുടെ 40 ശതമാനത്തോളമുളള ആളുകള്‍ക്ക് പ്രത്യേക ഫണ്ട് നീക്കി വെച്ച് അവര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ ലഭ്യമാക്കണം. ഇന്ത്യക്കും വിദേശ വിമാന കമ്പനികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുന്ന ഒരു ഓപണ്‍ സ്‌കൈ പോളിസി ഇന്ത്യയില്‍ ഉണ്ടായിരിക്കണം. ഇത് രാജ്യങ്ങള്‍ക്കിടക്കുളള വിമാന നിരക്ക് കുറയാനും പ്രവാസി സമൂഹത്തിന് അതിലൂടെ വലിയ ആശ്വാസം ലഭിക്കാനും സഹായകമാകും.