‘എന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ, കര്‍ഷക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരും’: രാഹുല്‍

പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടിലെത്തിയ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി മധുരൈ ജെല്ലിക്കെട്ട് കാണാനെത്തിയപ്പോള്‍

മധുരൈ: ”എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരാവും. ഞാന്‍ പറയുന്നത് എന്താണെന്ന് ഓര്‍ത്തുവച്ചോളൂ”- പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കാനും ജെല്ലിക്കെട്ട് കാണാനുമായി മധുരൈയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ കര്‍ഷക നിയമങ്ങള്‍ക്കെതിരെ രാജ്യമൊട്ടുക്കും ജനരോഷം അണപൊട്ടുമ്പോഴാണ്, തെന്നിന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷികാഘോഷങ്ങളില്‍ ഒന്നായ പൊങ്കലില്‍ പങ്കെടുക്കാനും കര്‍ഷകര്‍ക്ക് ഐകദാര്‍ഢ്യമറിയിക്കാനുമായി രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെത്തിയത്. ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്ന് ജെല്ലിക്കെട്ടു വേദിക്കു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു. തമിഴ് ജനതയേയും ഭാഷയേയും സംസ്‌കാരത്തേയും അവഗണിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുമായാണ് താനിവിടെ വന്നിരിക്കുന്നത്. രാജ്യത്തിന്റെ ഭാവിയാണ് തമിഴ് ഭാഷയും സംസ്‌കാരവും- രാഹുല്‍ പറഞ്ഞു. ഡി.എംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും മകനും യുവജന വിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിന്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, തമിഴ്‌നാട് ഘടകം പ്രസിഡണ്ട് കെ.എസ് അളഗിരി, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി എന്നിവരും രാഹുലിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ ഡി.എം.കെ – കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശം പകരുന്നതിന് കൂടിയാണ് രാഹുല്‍ തമിഴ്‌നാട്ടിലെത്തിയത്. ഓരോ സന്ദര്‍ശനത്തിലും മനം നിറയെ സ്‌നേഹമാണ് തമിഴ്് ജനത തനിക്ക് സമ്മാനിച്ചിട്ടുള്ളതെന്ന് രാഹുല്‍ പറഞ്ഞു.
സംഘടിതവും സുരക്ഷിതവുമായ രീതിയില്‍ നടക്കുന്ന കാര്‍ഷിക കായിക വിനോദമായ ജെല്ലിക്കെട്ട് നേരിട്ട് കാണാനായതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു. എം.കെ സ്റ്റാലിന്‍ അടക്കമുള്ളവരുമായി രാഷ്ട്രീയ കാര്യങ്ങളും രാഹുല്‍ ചര്‍ച്ച ചെയ്തു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ആകെയുള്ള 38 സീറ്റില്‍ 31ഇടത്തും ഡി.എം.കെ – കോണ്‍ഗ്രസ് സഖ്യത്തിനായിരുന്നു വിജയം.

ജെല്ലിക്കെട്ട് വേദിയില്‍
പ്രധാനമന്ത്രിക്കെതിരെ
മുദ്രാവാക്യം
മധുരൈ: പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന മധുരൈ ജെല്ലിക്കെട്ട് വേദിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ പ്രതിഷേധം. കാളയെ മെരുക്കാനെത്തിയ യുവാക്കളില്‍ ഒരുകൂട്ടമാളുകളാണ് മത്സരത്തിനിടെ ജെല്ലിക്കെട്ട് വേദിയില്‍ കരിങ്കൊടിയുയര്‍ത്തി പ്രതിഷേധിച്ചത്. ഇവരെ പിന്നീട് പൊലീസ് ഇടപെട്ട് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതിഷേധിച്ച രണ്ട് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് വ്യക്തമാക്കി.