കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തന്നെ നയിക്കണം

അഡ്വ. ഹാഷിക്ക് തൈക്കണ്ടി
സ്വാതന്ത്ര്യം ഇരുട്ട് നിറഞ്ഞ പകലിരവുകളാണ് സമ്മാനിച്ചത്. അതിര്‍ത്തികളില്‍ കലാപക്കൊടികള്‍. ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹമുണ്ടായി. ഇന്ത്യ ഒരു പരമാധികാര റിപ്പബ്‌ളിക് ആകുന്നതിന് മുന്‍പേ മഹാത്മാ ഗാന്ധിയെ ഹിന്ദുത്വ ഭീകരര്‍ വധിച്ചു. പട്ടിണിക്കോലമായ ഒരിന്ത്യയെ നെഹ്‌റു പഞ്ച വത്സര പദ്ധതികളിലൂടെയും ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും സ്വതന്ത്ര ചിന്തകളിലൂടെയും കൈ പിടിച്ചു കയറ്റി. ഒരു ഭാഗത്ത് അബുല്‍ കലാം ആസാദും മറ്റൊരു വശത്ത് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും നെഹ്‌റുവിന് കരുത്തായി. രണ്ടാം ലോക മഹായുദ്ധാനന്തരമുണ്ടായ ലോക രാഷ്ട്രീയ ഭൂപടത്തില്‍ ചേരിചേരാ നയം രൂപവത്കരിച്ച് ഒരു പുതിയ രാഷ്ട്രീയ ദിശ കാണിക്കാനും ഇന്ത്യക്ക് സാധിച്ചു.
തുടര്‍ന്ന്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാ ഗാന്ധിയും ഇന്ത്യയുടെ ഭാഗധേയത്വം നിര്‍ണയിച്ചു. ഭക്ഷ്യ സുരക്ഷാ മേഖലയില്‍ വലിയ കുതിപ്പുണ്ടായി. ബാങ്കുകളുടെ ദേശസാത്കരണം നടന്നു. നവ രത്‌ന കമ്പനികള്‍ വേരുറപ്പിച്ചു. പക്ഷേ, കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. മൊറാര്‍ജി ദേശായിയും ഇന്ദിരാ ഗാന്ധിയും തെറ്റി. സംഘടനാ കോണ്‍ഗ്രസും ഇന്ദിരാ കോണ്‍ഗ്രസും. പക്ഷേ, യുദ്ധം ജയിച്ചും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചും ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പൗരുഷ സമവാക്യങ്ങളെ തള്ളിയിട്ടു.
അടിയന്തിരാവസ്ഥക്കാലം കോണ്‍ഗ്രസിന് തേച്ചാലും മായ്ച്ചാലും പോകാത്ത കളങ്കം കൊടുത്തു. ഇന്ദിര തോറ്റ് വീട്ടിലിരുന്നു. ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാറിനെ മൊറാര്‍ജി നയിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ദിരാ ഗാന്ധി മടങ്ങി വന്നു. ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന് വീണ്ടും കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞു നടന്നു. തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും അധികാരം പോയിട്ടും വീണ്ടും ശക്തമായി പാര്‍ട്ടിയെ മടക്കിക്കൊണ്ടു വരാന്‍ ഇന്ദിരാ ഗാന്ധിക്ക് കഴിഞ്ഞതെങ്ങനെയെന്ന് ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പഠിക്കുന്നത് പാര്‍ട്ടിക്ക് ഇപ്പോഴുള്ള ദുരവസ്ഥയില്‍ ഉപകാരം ചെയ്യും.
തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാന്‍ മൃദു ഹിന്ദുത്വത്തിനാകുമെന്ന് കോണ്‍ഗ്രസ് തെറ്റിദ്ധരിച്ചു. ഓരോ തവണയും പരാജയപ്പെട്ടു. ഒടുവില്‍, ഭാരതത്തിന്റെ മഹത്തായ മൂല്യങ്ങളിലേക്ക് മടങ്ങിയപ്പോഴാകട്ടെ ജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസം കുറഞ്ഞു വന്നു.എന്നാല്‍, അപ്പോഴൊക്കെയും രാഹുല്‍ ഗാന്ധി എന്ന സത്യസന്ധനായ നേതാവില്‍ ജനങ്ങള്‍ പ്രതീക്ഷ വെച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്ര സത്യസന്ധത എന്തിനാണെന്ന് ആളുകള്‍ സ്‌നേഹത്തോടെ പരിഭവം പറയുന്നു. പക്ഷേ, രാഹുല്‍ ഗാന്ധിയെ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിയിലെ തന്നെ താപ്പാനകള്‍ക്ക് പലപ്പോഴും കഴിയാതെ പോയി. 2019ലും അവര്‍ അയാളെ തോല്‍പ്പിച്ചു.
അധികാരത്തോടുള്ള ആര്‍ത്തിക്കിടയിലും പാര്‍ട്ടിയുടെ അടിത്തട്ടിനെ കുറിച്ച് ഈ നേതാക്കളാരും ചിന്തിച്ചില്ല. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം കൊണ്ട് കാര്യമില്ലെന്ന് രാഹുല്‍ കഴിഞ്ഞ ദിവസവും പാര്‍ട്ടിയെ ഓര്‍മിപ്പിച്ചു. കൊട്ടാരം പണ്ഡിതന്മാരെയല്ല, തെരുവുകളിലിറങ്ങുന്ന നേതാക്കളെയാണ് ആവശ്യമെന്നാണ് രാഹുല്‍ അവരോട് പറയുന്നതിന്റെ പൊരുള്‍. മുസ്‌ലിംകളിലും ഹിന്ദുക്കളിലും ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളിലും മറ്റു മത-സാമൂഹിക വിഭാഗങ്ങളിലും കോണ്‍ഗ്രസ് വീണ്ടും വിശ്വാസമുറപ്പിക്കണം.
ഇപ്പോള്‍ വേണ്ടത് അടിയന്തിരമായ നേതൃമാറ്റം തന്നെയാണ്. അടുത്ത മാസം നടക്കേണ്ടിയിരുന്ന സംഘടനാ തെരഞ്ഞെടുപ്പ് ഇനിയും നീളുമെന്നാണ് അറിയുന്നത്. അതായത്, പാര്‍ട്ടിക്ക് 136 വര്‍ഷത്തിന്റെ പക്വത ഉണ്ടായെന്ന് വരാം. എന്നാല്‍, അതു പോലെ അത്രയും വയസ്സായതിന്റെ മടിയും കൂടെയുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റ് വരണമെന്ന് ഈയടുത്തായി പാര്‍ട്ടിയില്‍ ഉയര്‍ന്നു കേട്ട വിമത ശബ്ദങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, സമവായത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തി കാര്യങ്ങള്‍ എളുപ്പത്തിലാക്കാനാണ് അപ്പോഴും മറ്റൊരു ശ്രമം. മാറ്റം പേരിന് മാത്രം മതിയാവില്ല. മാറ്റമുണ്ടായെന്ന് അടിമുടി അനുഭവവേദ്യമാകണം. അങ്ങനെയൊരു മാറ്റം കൊണ്ടു വന്നാലേ അടിത്തട്ടില്‍ പാര്‍ട്ടിക്ക് ഇനിയും വേരോടാനുള്ള ഊര്‍ജം തരപ്പെടൂ.
ജനാധിപത്യ-മതനിരപേക്ഷ-സോഷ്യലിസ്റ്റ് ആശയങ്ങളില്‍ പുരോഗമനപരമായ ഉയര്‍ന്ന ചിന്തയുള്ള രാഹുല്‍ ഗാന്ധി തന്നെയായിരിക്കും പാര്‍ട്ടി തലപ്പത്തേക്ക് ഉചിതം. അപ്പോഴും പ്രവര്‍ത്തന ശൈലിയില്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണ്. രാഹുല്‍ വരുമ്പോള്‍ പാര്‍ട്ടിക്കും അദ്ദേഹത്തിനും സ്ഥിരതയുണ്ടാകുമെന്ന് ഉറപ്പിക്കാന്‍ ഉതകുന്ന മാറ്റങ്ങളാണ് വേണ്ടത്. അങ്ങനെയൊരു ദൗത്യം കൂടി ഇടക്കാല അധ്യക്ഷ എന്ന നിലക്ക് പാര്‍ട്ടിയുടെ എക്കാലത്തെയും മികച്ച നേതൃത്വങ്ങളിലൊന്നായ സോണിയാ ഗാന്ധിക്കുണ്ട്.
(advocatedubai@gmail.com).


————–