മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണത്തില്‍ അനിശ്ചിതത്വം രണ്ടുലക്ഷത്തോളം പാവപ്പെട്ടവര്‍ പട്ടിണിയില്‍

3

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിലെ അനിശ്ചിത കാലതാമസം ബി.പി.എല്ലുകാരെ ദുരിതലാക്കുന്നു. മുന്‍ഗണനാ(ബി.പി.എല്‍)പട്ടികയില്‍ കയറിക്കൂടിയ അനര്‍ഹരെ കണ്ടെത്തുന്നതില്‍ പൊതുവിതരണവകുപ്പ് കാണിക്കുന്ന അലംഭാവം കാരണമാണ് ബി.പി.എല്ലുകാര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കാത്തത്. മുന്‍ഗണനാ കാര്‍ഡുകള്‍ക്കായി 2,00,566 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ് 26,531 അപേക്ഷകള്‍. കുറവ് കണ്ണൂരിലും. 6440 അപേക്ഷകര്‍ മാത്രം. നിലവില്‍ 38,36,005 മുന്‍ഗണന കാര്‍ഡുകള്‍ മാത്രമാണ് നിലവിലുള്ളു. 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരം സംസ്ഥാനത്ത് 1,54,80,049 പേരെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്താനാകും.
അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കി പകരം കാര്‍ഡ് നല്‍കുന്ന രീതി കൂടുതല്‍ കാലതാമസം ഉണ്ടാക്കുന്നതിനാല്‍ പുതിയ കാര്‍ഡുകള്‍ അനുവദിക്കുകയും കണ്ടെത്തുന്നവരുടെ കാര്‍ഡ് റദ്ദാക്കിയാല്‍ മതിയെന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് സര്‍ക്കാര്‍ പരിഗണിക്കാത്തതാണ് പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്നത്. കോവിഡ് കാലത്തെ ലോക്ക് ഡൗണും മറ്റു നിയന്ത്രണങ്ങളും കാരണം സര്‍ക്കാര്‍ ഓഫീസുകള്‍ സജീവമാകാത്തതും മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനെ ബാധിച്ചു.
ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുള്ളവരുടെയും മരണപ്പെട്ടവരുടെയും, സ്വന്തമായി മോട്ടോര്‍ വാഹനമുള്ളവരുടെയും കാര്‍ഡുകള്‍, ബി.പി.എല്ലില്‍ നിന്ന് ഒഴിവാക്കും. ഇതിനായി ഇവരുടെ വിവരങ്ങള്‍ തദ്ദേശവകുപ്പില്‍ നിന്നും മോട്ടോര്‍വാഹനവകുപ്പില്‍ ശേഖരിക്കേണ്ടതുണ്ട്. താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും വീടുവീടാന്തരം പരിശോധന നടത്തിയും അനര്‍ഹരെ കണ്ടെത്തണം. എന്നാല്‍ ഇവയില്‍ വരുന്ന അലംഭാവവും കാര്‍ഡ് വിതരണത്തില്‍ കാലതാമസമുണ്ടാക്കുന്നു.
എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളിലുള്ളവരില്‍ തുടര്‍ച്ചയായി മൂന്നു മാസം റേഷന്‍ വാങ്ങാത്തവരെയും മുന്‍ഗണനാപട്ടികയില്‍ നിന്ന് ഒഴിവാക്കും. ഇതുവരെ സംസ്ഥാനത്ത് 5,79,990 കുടുംബങ്ങളെ മുന്‍ഗണനാപട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ഇത് പരിശോധിച്ച് ക്ലേശഘടകങ്ങള്‍ കണ്ടെത്തി മാര്‍ക്ക് രേഖപ്പെടുത്തു. 30 ഓ അതില്‍ കൂടുതലോ മാര്‍ക്ക് ലഭിക്കുന്ന കുടുംബങ്ങളുടെ പട്ടിക തയാറാക്കി സിവില്‍ സപ്ലൈസ് ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി ഒഴിവുകള്‍ ലഭ്യമാകുന്ന മുറയ്ക്കാണ് മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.