റിപ്പബ്ലിക് ദിനാഘോഷം തടസപ്പെടുത്തില്ല

തിക്രി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ കേന്ദ്ര സര്‍ ക്കാരി നെതിരെ മുദ്രാവാക്യം വിളിക്കുന്നു

നിലപാട് വ്യക്തമാക്കി കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ റാലി ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ മാത്രമായിരിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ചെങ്കോട്ടയില്‍ സമരം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും അവര്‍ വ്യക്തമാക്കി.
ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബീര്‍ രജേവാള്‍ കര്‍ഷകര്‍ക്കെഴുതിയ തുറന്ന കത്തിലാണ് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ മാത്രമാണ് നടക്കുകയെന്ന് വ്യക്തമാക്കിയത്. ചിലര്‍ അവകാശപ്പെടുന്നതുപോലെ ചെങ്കോട്ടയില്‍ പ്രതിഷേധ സമരം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷക സമരത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന വിഘടനവാദ ഘടകങ്ങളില്‍നിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം കര്‍ഷകരോട് ആവശ്യപ്പെട്ടു. റിപ്പബ്ലിക് ദിനത്തിന്റെ തലേന്നുതന്നെ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിച്ചേരാന്‍ കര്‍ഷകരോട് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തുന്ന സമരം തടയണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിത്. ഡല്‍ഹി പൊലീസ് മുഖേനയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം റിപ്പബ്ലിക് ദിനാഘോഷത്തിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ അത് ലോകത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്ര കൃഷി സഹ മന്ത്രി കൈലാഷ് ചൗധരി പ്രതികരിച്ചു. അതിനാല്‍, അന്നേദിവസം കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്താന്‍ തീരുമാനിച്ച ട്രാക്ടര്‍ റാലി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ട കര്‍ഷകര്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയെ വിശ്വസിക്കണം. സമിതി പക്ഷപാതമില്ലാതെ തീരുമാനം എടുക്കും. കര്‍ഷകര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ സമിതിയുടെ മുമ്പാകെ വെച്ചാല്‍ കോടതിക്ക് എത്രയും വേഗം വിധി പ്രഖ്യാപിക്കാനാകും’- അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നം രാഹുല്‍ ഗാന്ധി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും കോണ്‍ഗ്രസ് തങ്ങളെ പ്രകോപിപ്പിക്കുന്നത് കര്‍ഷകര്‍ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.