റഷ്യയില്‍ തിരിച്ചെത്തിയ നവല്‍നി അറസ്റ്റില്‍

5
നവല്‍നിയും ഭാര്യയും മോസ്‌കോ വിമാനത്താവളത്തില്‍

മോസ്‌കോ: വിഷബാധയേറ്റ് ജര്‍മനിയിലെ ചികിത്സക്കുശേഷം രാജ്യത്ത് തിരിച്ചെത്തിയ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലെക്‌സി നവല്‍നി അറസ്റ്റില്‍. മോസ്‌കോ വിമാനത്താവളത്തില്‍ എത്തിയ ഉടനെയായിരുന്നു അറസ്റ്റ്. പരോള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് നല്‍വിനിക്കെതിരെ റഷ്യന്‍ ജയില്‍ സര്‍വിസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ കോടതി വിധിയുണ്ടാകുന്നതു വരെ കസ്റ്റഡിയില്‍ വെക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ എപ്പോഴാണ് കോടതിയില്‍ ഹാജരാക്കുകയെന്ന് വ്യക്തമല്ല. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് ജയിലില്‍ കഴിയാതെ സസ്‌പെന്‍ഡഡ് തടവ് അനുഭവിച്ചുകൊണ്ടിരിക്കേയാണ് നവല്‍നിക്ക് വിഷബാധയേറ്റത്. അബോധാവസ്ഥയിലായ അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ജര്‍മനിയിലേക്ക് കൊണ്ടുപോയെങ്കിലും അനാരോഗ്യത്തിന്റെ ആനുകൂല്യം നല്‍കി കുറ്റമുക്തനാക്കാന്‍ റഷ്യന്‍ ഭരണകൂടം തയാറായില്ല. ജര്‍മനിയില്‍ വിശ്രമജീവിതം നയിച്ചിരുന്ന അദ്ദേഹത്തെ മോസ്‌കോയിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. മോസ്‌കോയില്‍ അജ്ഞാത കേന്ദ്രത്തില്‍ കഴിയുന്ന അദ്ദേഹത്തെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കിയിട്ടില്ല. നവല്‍നിയുടെ അവസ്ഥ എന്താണെന്നുപോലും അറിയില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു. അറസ്റ്റിനെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അപലപിച്ചു. അദ്ദേഹത്തെ എത്രയും വേഗം വിട്ടയക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, പോളണ്ട് തുടങ്ങിയ നിരവധി രാജ്യങ്ങളും അറസ്റ്റിനെ അപലപിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സൈബീരിയയില്‍നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രക്കിടെയാണ് നവല്‍നിക്ക് വിഷബാധയേറ്റത്. റഷ്യന്‍ നിര്‍മിത നവിചോക്കിന്റെ അംശം അദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നവല്‍നിയെ അപായപ്പെടുത്തുന്നതിന് റഷ്യന്‍ ഭരണകൂടം തന്നെയാണ് വിഷം നല്‍കിയതെന്ന് റഷ്യന്‍ പ്രതിപക്ഷവും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നുണ്ട്.