ഷാക്കിബ് തിരിച്ചെത്തുന്നു

ധാക്ക: പന്തയ വിവാദത്തില്‍ ആരോപണ വിധേയനായി ഒരു വര്‍ഷത്തെ വിലക്ക് പൂര്‍ത്തിയാക്കിയ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലാദേശ് ദേശീയ നിരയില്‍ തിരിച്ചെത്തുന്നു. വിന്‍ഡീസിനെതിരെ അടുത്തയാഴ്ച്ച ആരംഭിക്കുന്ന മൂന്ന് മല്‍സര ഏകദിന പരമ്പരക്കുള്ള ടീമില്‍ ഷാക്കിബിനെ ഉള്‍പ്പെടുത്തി. അണ്ടര്‍ 19 ലോകകപ്പില്‍ മികവ് പ്രകടിപ്പിച്ച ഷരിഫുല്‍ ഇസ്‌ലാം, ഹസന്‍ മഹമൂദ് എന്നിവരും ടീമിലുണ്ട്. മുന്‍ നായകന്‍ മഷ്‌റഫെ മൊര്‍ത്തസ ഉള്‍പ്പെടെ പല സീനിയര്‍ താരങ്ങള്‍ക്കും ടീമില്‍ ഇടമില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ദര്‍ശിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഷാക്കിബ് ടീമിന്റെ നായകനായി നില്‍ക്കുന്ന വേളയിലാണ് പന്തയ വിവാദത്തില്‍ ആരോപണ വിധേയനായത്. തുടര്‍ന്നായിരുന്നു ഐ.സി.സി ഒരു വര്‍ഷത്തെ വിലക്ക്് പ്രഖ്യാപിച്ചത്. ടീം ഇതാണ്: തമീം ഇഖ്ബാല്‍ (ക്യാപ്റ്റന്‍), ഷാക്കിബ് അല്‍ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, മുഷ്ഫിഖുര്‍ റഹീം, മുഹമ്മദ് മിഥുന്‍, ലിട്ടണ്‍ദാസ്, മഹമുദ്ദുല്ല, അഫിറ്റ് ഹുസൈന്‍, സൗമ്യ സര്‍ക്കാര്‍, തസ്‌കിന്‍ അഹമ്മദ്, റുബല്‍ ഹുസൈന്‍, താജുല്‍ ഇസ് ലാം, മുസ്താഫിസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍, മെഹദി ഹസന്‍, ഹസന്‍ മഹമൂദ്, ഷരിഫുല്‍ ഇസ്‌ലാം.