ദുബൈ: മനുഷ്യ രാശിയുടെ തന്നെ വിധി മാറ്റിയെഴുതിയ രോഗവുമായുള്ള പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഇനി വരുന്ന കാലത്തെ കുറിച്ചുള്ള നമ്മുടെ വീക്ഷണം എന്താവണമെന്നതിനെ കുറിച്ച് ഡോ. ശശി തരൂര്‍ എംപി സംസാരിക്കുന്നു. മിഷന് ബെറ്റര്‍ ടുമാറോ(എംബിടി)യുടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രേക്ഷകര്‍ കാത്തിരിക്കുന്ന പോസ് പോസ് പ്രതിവാര സംവാദത്തിന്റെ ഗ്ളോബല്‍ എഡിഷനില്‍ ജനുവരി 15നാണ് ഡോ. തരൂര്‍ ‘കോവിഡാനന്തര ലോകത്തെ ജീവിതം’ (ലൈഫ് ഇന്‍ പോസ്റ്റ് പാന്‍ഡമിക് വേള്‍ഡ്) എന്ന വിഷയത്തില്‍ സംസാരിക്കുന്നത്.
ജനങ്ങള്‍ക്കിടയില്‍ ക്രിയാത്മക മാറ്റങ്ങള്‍ കൊണ്ടുവരാനും അര്‍ത്ഥപൂര്‍ണമായ സാമൂഹിക ഇടപെടലുകള്‍ നടത്താനും പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ പി.വിജയന് ഐപിഎസിന്റെ പിന്തുണയോടെ ആഗോള തലത്തില്‍ രൂപീകരിച്ച കൂട്ടായ്മയാണ് മിഷന് ബെറ്റര്‍ ടുമാറോ (എംബിടി). കുട്ടികള്‍ക്ക് വേണ്ടി വിജയകരമായി നടപ്പാക്കിയ പല പ്രശസ്തമായ പദ്ധതികളുടെയും ഉപജ്ഞാതാവ് കൂടിയാണ് വിജയന്. സമൂഹത്തില്‍ പ്രത്യാശയുടെ തിരി കെടാതെ സൂക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ ലോക്ക്ഡൗണ്‍ കാലത്ത് തുടങ്ങിയ പോസ് പോസ് എന്ന ഓണ്‍ലൈന്‍ സംവാദ പരമ്പര ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആള്ക്കാരിലെത്തിക്കഴിഞ്ഞു.
മോഹന്‍ലാല്‍, ഇന്‍ഫോസിസ് മുന്‍ സിഇഒ എസ്.ഡി ഷിബുലാല്‍, ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്, മുതിര്‍ന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍, പ്രമുഖ കലാ-സാംസ്കാരിക നായകര്‍ തുടങ്ങി 75ലധികം പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ഈ സംവാദത്തില്‍ പങ്കെടുത്തു കഴിഞ്ഞു. യൂണിസെഫ് ഈ സംവാദ പരമ്പരയുടെ തുടക്കം മുതലുള്ള പങ്കാളിയാണ്.
പോസ്-പോസ് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്ളോബല്‍ എഡിഷന്റെ രണ്ടാമത്തെ സംവാദമാണ് ഡോ. തരൂര്‍ നടത്തുന്നത്. ആദ്യ സംവാദം നോബല്‍ സമാധാന സമ്മാന ജേതാവള കൈലാഷ് സത്യാര്ത്ഥിയുമായിട്ടായിരുന്നു.
വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.45ന് ഡോ. ശശി തരൂരുമായി നടക്കുന്ന സംവാദം എംബിടിയുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ തത്സയമം കാണാവുന്നതാണ്.
വിലാസം:
http://facebook.com/mbtunited,
http://instagram.com/mbtunitted,
http://youtube.com/mbtunited.