ഷെഫീക്കിന്റെ മരണം: പൊലീസ് കസ്റ്റഡിലെടുക്കുന്നത് കാരണം പറയാതെയെന്ന് ഭാര്യ

ഷെഫീക്ക്‌

കോട്ടയം: കാരണം പറയാതെയാണ് ഷെഫീക്കിനെ പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് റിമാന്‍ഡില്‍ മരിച്ച കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീക്കിന്റെ (37) ഭാര്യ സെറീന.
ഷെഫീക്കിന്റെ മരണകാരണം അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ 6ന് തന്നെ വിളിച്ച് ഷെഫീക്ക് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലാണെന്ന് പറയുന്നത്. ഉദയംപേരൂര്‍ പൊലീസ്് എത്തി ഷെഫീക്കിനെ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നും ഷെഫീക്കിന്റെ ഭാര്യ പറഞ്ഞു. പിന്നീട് അറിയുന്നത് ഷെഫീക്കിന്റെ മരണവാര്‍ത്തയാണ്. ഷെഫീക്കിനെ പൊലീസ് പിടിച്ചുകൊണ്ടുപോകുമ്പോള്‍ യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. ഷെഫീക്കിന് അപസ്മാര രോഗമില്ല. ഷെഫീക്കിന്റെ മൃതദേഹത്തില്‍ തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിഞ്ഞപാടുകള്‍ ഉണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും, ഷെഫീക്കിന്റേത് കസ്റ്റഡിമരണംതന്നെയാണെന്നും കുടുംബം ആവര്‍ത്തിച്ചു.
സംഭവത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിന് മുന്‍പില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. കോട്ടയം ജില്ലാ കലക്ടര്‍ വന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കയറ്റണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പകരം എറണാകുളം സബ്കലക്ടര്‍ ഹാരിസ് റഷീദ് ഐഎഎസ് (ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ) ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എത്തിയത്. ഈ സമയം ഷെഫീക്കിന്റെ വീട്ടുകാര്‍ സബ്കലക്ടറോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് ,യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസുമായി വാക്കുതര്‍ക്കവും ഉന്തുംതള്ളും ഉണ്ടായി.
ഒറ്റക്കു താമസിക്കുന്ന വയോധികയെ കബളിപ്പിച്ച് 3000 രൂപയും സ്വര്‍ണകമ്മലും തട്ടിയെടുത്തന്ന കേസിലാണ് പൊലീസ് ഷെഫീക്കിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. തിങ്കളാഴ്ചയാണ് ഉദയംപേരൂര്‍ പൊലീസ് ഷെഫീക്കിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്‌റ്റേഷനിലാണ് ആദ്യം എത്തിച്ചത്. അവിടെനിന്നു ഷെഫീക്കിനെ ഉദയംപേരൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഷെഫീക്ക് ജയിലില്‍ തലകറങ്ങി വീണതിനെതുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഷെഫീക്കിന് അപസ്മാരം ഉണ്ടായി എന്നും അസ്പത്രിയില്‍ പ്രവേശിപ്പിച്ചെന്നും പൊലീസ് ബന്ധുക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഷെഫീക്കിന്റെ തലയില്‍ രക്തശ്രവം ഉണ്ടെന്ന് മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയ ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മുടി വെട്ടിയപ്പോഴാണ് തലയില്‍ഉള്‍പ്പെടെ മുറിവുകള്‍ കണ്ടെത്തിയത്. ഇത് ഏതുസാഹചര്യത്തില്‍ ഉണ്ടായിഎന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണം. പൊലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ പാടുകളാണ് ഷെഫീക്കിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്ന് കുടുംബം ആരോപിക്കുന്നു.

മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു

കോട്ടയം: റിമാന്റിലായിരുന്ന യുവാവ് കോട്ടയം മെഡിക്കല്‍ കേളേജില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പോലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ജയില്‍ ഡി ജി പിയും കോട്ടയം ജില്ലാ പോലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കാഞ്ഞിരപള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖാണ് (36) മരിച്ചത്. ഷെഫീക്കിന്റെ തലയ്ക്ക് പിന്നിലുള്ള മുറിവ് പൊലീസ് മര്‍ദ്ദനത്തില്‍ സംഭവിച്ചതാണെന്ന് പിതാവ് ആരോപിച്ചിരുന്നു . ചൊവ്വാഴ്ച വൈകിട്ടാണ് ഷെഫീഖിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് മധ്യമേഖല ജയില്‍ ഡിഐജി അന്വേഷിക്കാന്‍ ഉത്തരവായി. ഡിഐജി കാക്കനാട് ജയിലിലും കോട്ടയം മെഡിക്കല്‍ കോളേജിലുമെത്തി തെളിവെടുക്കും. ഷെഫീഖിന് പരുക്കുകള്‍ ഉണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് ജയില്‍ ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞ ഷഫീഖിനെ ജയിലി നോട് ചേര്‍ന്നുള്ള ക്വാറന്റീന്‍ സെന്ററില്‍ ആണ് പ്രവേശിപ്പിച്ചിരുന്നത്. ഷെഫീഖിന്റെ കസ്റ്റഡി മരണത്തില്‍ ബോസ്റ്റല്‍ സ്‌കൂളിലെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്ന് മധ്യമേഖല ജയില്‍ ഡി ഐ ജി സാം തങ്കയ്യന്‍ പറഞ്ഞു. ജയിലിലെ പരിശോധന ഒരു മണിക്കൂറിലധികം നീണ്ടു. ജയിലിനുള്ളിലെ ദൃശ്യങ്ങളടക്കം പരിശോധിച്ചു. ഷെഫീഖിന് ചികില്‍സ നല്‍കിയ ആസ്പത്രികളിലും അടുത്ത ദിവസം പരിശോധന നടത്തും.

അന്വേഷണം പ്രഹസനം: കോണ്‍ഗ്രസ്
കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഹസനമാക്കുവാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനമാണ് മരണത്തിനിടയാക്കിയതെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കസ്റ്റഡിയിലെടുത്തിട്ട് ആറു ദിവസങ്ങള്‍ പിന്നിട്ടിട്ടും കുടുംബത്തിന് യാതൊരു അറിവുമില്ലായിരുന്നു. ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിഞ്ഞിട്ടും കുടുബത്തെ അറിയിച്ചില്ല. ശരീരമാസകലം ക്ഷതമേറ്റ മുറിവുകളുമുണ്ട്. നീതിപൂര്‍വ്വമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. പൊലീസ് അന്വേഷിച്ചാല്‍ യാഥാര്‍ത്ഥ്യം പുറത്തുവരില്ലന്നും, സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ജോഷി ഫിലിപ്പ് പറഞ്ഞു. ഷെഫീഖിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.