72-ാം ഇന്ത്യന്‍ റിപ്പബ്‌ളിക്: തിളക്കമാര്‍ന്ന ഭാവി പ്രതീക്ഷ -ഡോ. ആസാദ് മൂപ്പന്‍

72-ാം ഇന്ത്യന്‍ റിപ്പബ്‌ളിക്: തിളക്കമാര്‍ന്ന ഭാവി പ്രതീക്ഷ -ഡോ. ആസാദ് മൂപ്പന്‍

ദുബൈ: 72-ാം ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനാഘോഷ വേള തിളക്കമാര്‍ന്ന ഭാവിയിലേക്കുള്ള പ്രതീക്ഷ പകരുന്നതാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ റിപ്പബ്‌ളിക് ദിന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
”ചരിത്രത്തിലെ സുപ്രധാന മുഹൂര്‍ത്തത്തിലൂടെയാണ് നാം കടന്നു പോകുന്നത്. നമ്മുടെ ജീവിത കാലത്ത് മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരനിശ്ചിതത്വം നിറഞ്ഞ പ്രതിസന്ധിക്കാണ് കഴിഞ്ഞ വര്‍ഷം സാക്ഷിയായത്. കോവിഡ് 19 മഹാമാരി നമ്മുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുകയും ആഗോള സമ്പദ് വ്യവസ്ഥയെയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെയും സാരമായി ബാധിക്കുകയും ഒരു ബില്യന്‍ ജീവിതങ്ങളില്‍ പ്രതികൂലമായ പ്രഭാവമുണ്ടാക്കുകയും ചെയ്തു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2020 അവസാനത്തോടെ ആറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ ജിഡിപി നിരക്കിലേക്ക് എത്തുകയും ചെയ്തു.
വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചതിന്റെ വാര്‍ത്തകള്‍ വന്നതോടെ 2021 വര്‍ഷം പുതിയ പ്രതീക്ഷയോടെയാണ് മുന്നോട്ടു പോകുന്നത്. ഓരോ ദിവസവും ദശലക്ഷക്കണക്കിനാളുകള്‍ക്ക് വാക്‌സിന്‍ കുത്തിവെക്കുന്നതിലൂടെ, പകര്‍ച്ചവ്യാധിക്കെതിരായ സുസ്ഥിര പരിഹാരത്തിലേക്ക് നാം ചുവടു വെയ്ക്കുകയാണ്. ജനസംഖ്യയിലെ ഭൂരിഭാഗം പേര്‍ക്കും കുത്തിവയ്പ് നല്‍കുന്നതിലൂടെ എല്ലാവരിലും പ്രതിരോധശേഷി (ഹേര്‍ഡ് ഇമ്യൂണിറ്റി) വര്‍ധിപ്പിക്കാനും അതിലൂടെ മഹാമാരിയെ നിര്‍മാര്‍ജനം ചെയ്യാനും സഹായിക്കും. വൈകി ആരംഭിച്ചിട്ടും 6 ദിവസത്തിനുള്ളില്‍ ഒരു ദശലക്ഷം ഷോട്ടുകള്‍ നല്‍കി ഇന്ത്യയില്‍ വാക്‌സിനേഷന്‍ ദൗത്യം അതിവേഗം പുരോഗമിക്കുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, ബംഗ്‌ളാദേശ്, മ്യാന്‍മര്‍, മൗറീഷ്യസ്, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നത് കാണുമ്പോള്‍, അത് നമ്മില്‍ അഭിമാനബോധം നിറയ്ക്കുന്നു. സഊദി അറേബ്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, മൊറോക്കോ എന്നിവിടങ്ങളിലേക്ക് വാക്‌സിനുകള്‍ വിതരണം ചെയ്യാനുളള നീക്കങ്ങളും കോവിഡ് 19ന്റെ ആഗോള നിര്‍മാര്‍ജനത്തില്‍ രാജ്യത്തെ സുപ്രധാന പങ്കാളിയാക്കുന്നു” -അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയിലെ വലിയ ജനസംഖ്യക്ക് മുഴുവന്‍ പ്രതിരോധ കുത്തിവയ്പ് നല്‍കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, ‘ആയുഷ്മാന്‍ ഭാരതി’ന് കീഴില്‍ വരുന്ന കുറഞ്ഞ വരുമാനമുള്ള ജനസംഖ്യയുടെ 40 ശതമാനത്തിനെങ്കിലും സൗജന്യമായി വാക്‌സിനേഷന്‍ നല്‍കാന്‍ വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ആവശ്യമായ ഫണ്ട് അനുവദിക്കുക എന്നിവയാണ് ഇപ്പോള്‍ ചെയ്യേണ്ടത്.
എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാന്‍ യുഎഇ സര്‍ക്കാര്‍ നടത്തിയ കഠിന പരിശ്രമത്തിന്റെ ഭാഗമായി യുഎഇയിലുളള വലിയൊരു ശതമാനം ഇന്ത്യന്‍ പ്രവാസി സമൂഹവും അതിന്റെ പ്രയോജനം നേടുന്നു.
ഈ റിപ്പബ്‌ളിക് ദിനത്തില്‍ ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന നമ്മുടെ നാട്ടുകാര്‍ക്കുള്ള എന്റെ സന്ദേശം, മഹാമാരിക്കപ്പുറം നാം ചിന്തിക്കാന്‍ തുടങ്ങണം എന്നതാണ്. കോവിഡ് 19 കഴിഞ്ഞ വര്‍ഷം നമ്മുടെ ജീവിതത്തെ നിശ്ചലമാക്കിയപ്പോള്‍, അത്തരം ശക്തമായ പ്രതികൂല സാഹചര്യങ്ങളിലൊന്നിലൂടെ കടന്നു പോയ നമുക്ക് അതിനോട് പോരാടാനുള്ള കരുത്തും ശക്തിയും ആര്‍ജിക്കാനും സാധിച്ചിട്ടുണ്ട്. പല മേഖലകളിലും വികസനം, നവീകരണം, ഉപഭോക്തൃ കേന്ദ്രീകൃതവും സാങ്കേതിക വിദ്യ നയിക്കുന്നതുമായ സംവിധാനങ്ങള്‍ എന്നിവ അതിവേഗം ഉപയോഗപ്പെടുത്താന്‍ ഈ സാഹചര്യം കാരണമായിട്ടുണ്ട്. ആരോഗ്യ സംരക്ഷണ മേഖലയില്‍, മഹാമാരിയുടെ വരവ് അതിന്റെ വ്യവസ്ഥാപിത സാഹചര്യങ്ങളില്‍ കടുത്ത സമ്മര്‍ദങ്ങള്‍ ഉണ്ടാക്കിയെങ്കിലും, ഈ സാഹഹചര്യങ്ങള്‍ക്ക് മുന്‍പുള്ളതിനെക്കാള്‍ അതിവേഗത്തില്‍ സാങ്കേതിക വിദ്യയുടെയും ഗവേഷണത്തന്റെയും പുരോഗതിക്ക് ഉത്തേജകമായി വര്‍ത്തിക്കാന്‍ ഈ അവസ്ഥക്ക് സാധിച്ചിട്ടുണ്ട്. ന്യൂ നോര്‍മല്‍ ജീവിതത്തോടിണങ്ങി ജീവിക്കുന്ന രീതി ജനങ്ങള്‍ തുടരുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ വര്‍ഷം മുതലുള്ള മാറ്റങ്ങളുടെ പഠനങ്ങള്‍ നീരീക്ഷിച്ചു കൊണ്ട് സുസ്ഥിര ഭാവിയിലേക്കുള്ള ഒരു പാത ഒരുക്കാനും നമുക്ക് ഈ സാഹചര്യങ്ങള്‍ അവസരം നല്‍കുന്നു.
ഇന്ത്യ സാമ്പത്തിക രംഗത്ത് ഒരു സൂപര്‍ പവറായി ഉയര്‍ന്നു വരാനുള്ള പാതയിലാണ്. ഒരു രാജ്യത്തിന്റെ കരുത്ത് അതിന്റെ ഏറ്റവും വലിയ യുവജന സംഖ്യയിലാണ്. ഇന്ത്യയില്‍ അത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ശതമാനമാണ്. ഇത്രയും വലിയൊരു തൊഴില്‍ ശക്തിയുടെ സാന്നിധ്യം രാജ്യത്തെ ഉയരങ്ങളിലേക്ക് കൊണ്ടു പോകാനാവശ്യമായ പരിപൂര്‍ണമായ ശക്തി പകരും. ഇതോടൊപ്പം, സ്ത്രീ ശാക്തീകരണവും എല്ലാ മേഖലകളിലും നടക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ വളര്‍ച്ചക്ക് കൂടുതല്‍ കരുത്ത് പകരുന്നു. വിദ്യാഭ്യാസത്തിലേക്കുള്ള നിക്ഷേപം, പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ആഗോള സാമ്പത്തിക ശക്തികളുടെ ഇടയിലേക്ക് ഉയര്‍ന്നു വരികയെന്ന ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കും.
പൗരന്മാര്‍ക്ക് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാനും അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രതിജ്ഞാബദ്ധരായി നില കൊള്ളാനുമുള്ള ശ്രമങ്ങളില്‍ രാഷ്ട്രത്തെ സഹായിക്കുമെന്ന് ഞങ്ങള്‍ ആസ്റ്റര്‍ പ്രതിജ്ഞ ചെയ്യുന്നു. ഇന്ത്യ ഞങ്ങള്‍ക്ക് ഒരു പ്രധാന പ്രവര്‍ത്തന മേഖലയാണ്. ഈ രാജ്യം ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വേഗം നല്‍കുകയും അവ നേടാനുള്ള അടിത്തറ ഒരുക്കുകയും ചെയ്തു. 2001ല്‍ രാജ്യത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഇപ്പോള്‍ ഇന്ത്യയിലെ മികച്ച ആരോഗ്യ സംരക്ഷണ ശൃംഖലകളിലെ മുന്‍നിര സ്ഥാപനമായി മാറിയിരിക്കുന്നു.