സിഡ്‌നിയില്‍ സുന്ദര സമനില

ഇന്ത്യക്ക് അഭിമാനകരമായ സമനില സമ്മാനിച്ച ശേഷം പരസ്പരം അഭിനന്ദിക്കുന്ന ഹനുമ വിഹാരിയും ആര്‍. അശഅവിനും

സിഡ്‌നി: നന്ദി…. ആദ്യം റിഷാഭ് പന്തിന്…. പിന്നെ ചേതേശ്വര്‍ പുജാരക്ക്…. അത് കഴിഞ്ഞ് ഹനുമ വിഹാരിക്ക്… അവസാനത്തില്‍ രവിചന്ദ്രന്‍ അശ്വിന്…
തോല്‍ക്കുമെന്ന് കരുതിയ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിന് തുല്യമായ സമനില സ്വന്തമാക്കിയത് ഈ നാല് പേരുടെ കരുത്തില്‍. പന്ത് എന്ന വിക്കറ്റ് കീപ്പര്‍ക്ക് ആദ്യം നന്ദി പറയാന്‍ പ്രത്യേക കാരണമുണ്ട്. തട്ടുതകര്‍പ്പന്‍ പ്രകടനത്തില്‍ അദ്ദേഹം സെഞ്ച്വറിക്ക് അരികിലെത്തിയെന്ന് മാത്രമില്ല, ഒരു വേള ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന് അരികിലേക്ക് ടീമിനെ എത്തിച്ചു…. പന്തിനെ മൂന്ന് തവണ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞ ദിനത്തില്‍ ചടുലവേഗത്തിന്റെ വക്താവായി കൊച്ചുതാരം മാറിയത് പരുക്ക് മറന്നാണ്. പുജാരയിലെ പ്രതിരോധ ബാറ്റ്‌സ്മാന്‍ മോഹിപ്പിക്കുന്ന പന്തുകളെയും അപകടകാരികളായ പന്തുകളെയും ചെറുത്ത് നിന്നത് മൂന്ന് വിലപ്പെട്ട മണിക്കൂറാണ്. ഹനുമ വിഹാരിയിലെ മധ്യനിര ബാറ്റ്‌സ്മാന്‍ പേശീവലിവിന്റെ വേദനയിലും ടീമിനെ കൈ വിട്ടില്ല. നാല് സെഞ്ച്വറികള്‍ സ്വന്തം നാമധേയത്തിലുള്ള അശ്വിനാവട്ടെ പല തവണ ഓസീസ് പേസര്‍മാരുടെ ദേഹാക്രമണത്തിന് വിധേയനായി. തെറി വിളി കേട്ടു. എന്നിട്ടും അദ്ദേഹം പിന്മാറിയില്ല. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അഞ്ചാം ദിവസം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 334 റണ്‍സായിരുന്നു ഇന്ത്യന്‍ സ്‌ക്കോര്‍. ജയിക്കാനാവശ്യമായിരുന്നുത് 407 റണ്‍സായിരുന്നു. റിഷാഭ് പന്തും ചേതേശ്വര്‍ പുജാരയും അല്‍പ്പമധികം സമയം കളിച്ചിരുന്നുവെങ്കില്‍ സിഡ്‌നിയില്‍ ഇന്ത്യക്ക് സ്വന്തമായി ചരിത്രം പിറക്കുമായിരുന്നു. സ്‌ക്കോര്‍ അവസാനത്തില്‍: ഓസ്‌ട്രേലിയ 338, ആറ് വിക്കറ്റിന് 312 ഡിക്ലയേര്‍ഡ്. ഇന്ത്യ 244, അഞ്ച് വിക്കറ്റിന് 334. വ്യക്തമായ വിജയമെന്നതായിരുന്നു അവസാന ദിവസത്തിലെ ഓസീസ് ഗെയിം പ്ലാന്‍. നതാന്‍ ലിയോണ്‍ രണ്ടാം ഓവറില്‍ തന്നെ നായകന്‍ അജിങ്ക്യ രഹാനേയെ പുറത്താക്കിയപ്പോല്‍ കാര്യങ്ങള്‍ ഓസ്‌ട്രേലിയയുടെ വഴിക്കാണെന്നാണ് കരുതിയത്. മല്‍സരത്തിന്റെ മൂന്നാം ദിവസം പാറ്റ് കമിന്‍സിന്റെ പന്ത് കൈക്കുഴയില്‍ തട്ടി പരുക്കേറ്റ പന്ത് പിന്നെ വിക്കറ്റിന് പിറകില്‍ വന്നിരുന്നില്ല. പക്ഷേ നിര്‍ണായക ഘട്ടത്തില്‍ വേദന മറന്ന് അദ്ദേഹം ബാറ്റിംഗിനിറങ്ങി. സ്വന്തസിദ്ധമായ ശൈലിയില്‍ കടന്നാക്രമണായിരുന്നു വേദനയിലും അദ്ദേഹത്തിന്റെ പ്ലാന്‍. വ്യക്തിഗത സ്‌ക്കോര്‍ മൂന്നില്‍ നില്‍ക്കുമ്പോള്‍ പന്തിന് പിഴച്ചു. പക്ഷേ വിക്കറ്റിന് പിറകില്‍ ഓസീസ് നായകന്‍ ക്യാച്ച് നിലത്തിട്ടു. ലിയോണായിരുന്നു നിര്‍ഭാഗ്യവാനായ ബൗളര്‍. പിന്നെ ലിയോണിനെതിരെ മൂന്ന് കൂറ്റന്‍ സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരം 64 പന്തില്‍ 50 ലെത്തി. 56 നില്‍ക്കുമ്പോള്‍ വീണ്ടും പന്തിന് പിഴച്ചു. അപ്പോഴും ലിയോണിന് ലഭിക്കുമായിരുന്ന വിക്കറ്റ് പെയിനെ നഷ്ടമാക്കി. തുടര്‍ന്ന് വീണ്ടും കടന്നാക്രമണം. ഓസ്‌ട്രേലിയക്കാര്‍ വിറക്കാന്‍ തുടങ്ങി. അവരുടെ പന്തുകള്‍ക്ക് ലക്ഷ്യബോധം നഷ്ടമായി. ഇന്ത്യന്‍ സ്‌ക്കോര്‍ മൂന്ന് വിക്കറ്റിന് 250 ലെത്തിയ ഘട്ടം. വിജയിക്കാന്‍ 157 റണ്‍സ് മതിയായിരുന്നു അപ്പോള്‍. 97 ല്‍ നില്‍ക്കുകയായിരുന്ന പന്ത് മറ്റൊരു കൂറ്റന്‍ ഷോട്ടിനാണ് ശ്രമിച്ചത്. പക്ഷേ ഇത്തവണ ലിയോണിനെ ഫീല്‍ഡര്‍ ചതിച്ചില്ല. ഗള്ളിയില്‍ കമിന്‍സ് പന്തിനെ പിടികൂടി. അതോടെ ഓസ്‌ട്രേലിയക്കാര്‍ക്ക് ജീവനായി. പിറകെ 205 പന്തുകളെ അതിജയിച്ച പുജാരയെ ഹേസില്‍വുഡും പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും തോല്‍വി മുഖത്തായി.
പകരമെത്തിയത് രണ്ട് പുതിയ ബാറ്റ്‌സ്മാന്മാര്‍. ഹനുമ വിഹാരിയും ആര്‍. അശ്വിനും. അപ്പോഴും ഇന്ത്യന്‍ മനസില്‍ വിജയമുണ്ടായിരുന്നു. പക്ഷേ വളരെ പെട്ടെന്നുള്ള സിംഗിളിനിടെ വിഹാരിക്ക് പേശിവലിവുണ്ടായി. പിന്നെ ഓടാന്‍ പ്രയാസമായി, അവിടെയാണ് ഇന്ത്യ വിജയമെന്ന ലക്ഷ്യത്തില്‍ നിന്നും സമനിലയെന്ന ലക്ഷ്യത്തിലേക്ക് ചുവടു മാറ്റിയത്. ആ ഘട്ടത്തില്‍ 43.4 ഓവറുകള്‍ മല്‍സരത്തില്‍ ബാക്കിയുണ്ടായിരുന്നു. ഓസ്‌ട്രേലിയക്കാര്‍ കരുതിയത് ഈ സമയം തന്നെ വിജയത്തിന് ധാരാളമെന്നായിരുന്നു. കമിന്‍സും സ്റ്റാര്‍ക്കും ഹേസില്‍വുഡും ലിയോണും ആയുധങ്ങള്‍ക്ക് മൂര്‍ഛ വര്‍ധിപ്പിച്ചു. പക്ഷേ ഭാഗ്യം അശ്വിനായിരുന്നു. പല വേളകളില്‍ അദ്ദേഹത്തിന് പിഴച്ചു. പക്ഷേ ഒരു ഘട്ടത്തിലും അത് ഉപയോഗപ്പെടുത്താവന്‍ ഫീല്‍ഡര്‍മാര്‍ക്കായില്ല. വ്യക്തിഗത സ്‌ക്കോര്‍ 15 ല്‍ അശ്വിന്‍ നല്‍കിയ അവസരം സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ സീന്‍ ആബോട്ട് വിട്ടു. ഇന്ത്യ പൊരുതവെ ബാറ്റ്‌സ്മാന്മാരുടെ ജാഗ്രതയെ ചോര്‍ത്താന്‍ പെയിനെയും മാത്യു വെയിഡെയും പരമാവധി വാക്ക് പ്രയോഗങ്ങള്‍ നടത്താന്‍ തുടങ്ങി. ഓസീസ്് നായകനും വെയിഡെയും നടത്തുന്ന മോശം പരാമര്‍ശങ്ങള്‍ സ്റ്റംമ്പ് മൈക്രോ ഫോണിലുടെ കേള്‍ക്കാമായിരുന്നു. പക്ഷേ ഒരു ഘട്ടത്തിലും രണ്ട് പേരും പതറിയില്ല. 236 മിനുട്ടാണ് എല്ലാ വെല്ലുവിളികളും അതിജയിച്ച് വിഹാരി കളിച്ചത്. സമ്പാദ്യം 23 റണ്‍സ്. അശ്വിനാവട്ടെ 128 പന്തുകളെ വിജയകരമായി അതിജയിച്ചു. 39 റണ്‍സാണ് അദ്ദേഹം നേടിയത്. അങ്ങനെ 272 ല്‍ ഒരുമിച്ച ഇരുവരും 334 വരെ ടീമിനെ ഭദ്രമായി മുന്നോട്ട് കൊണ്ട് പോയി. ഒടുവില്‍ ഓസീസ് ക്യാമ്പിന് തോന്നി-ഇനി രക്ഷയില്ലെന്ന്. അങ്ങനെയാണ് സമനില സമ്മതിച്ച് പെയിനെ ഹസ്തദാനത്തിന് തയ്യാറായത്.
ക്രിക്കറ്റ് ലോകം ഏറെ ആസ്വദിച്ച സമനില. ഇപ്പോള്‍ പരമ്പര 1-1 ല്‍. അവസാന മല്‍സരം 15 മുതല്‍ ബ്രിസ്‌ബെനില്‍. ഇതില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര. ഈ മല്‍സരം സമനിലയിലായാല്‍ ഇന്ത്യക്ക് ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താം.

സ്‌കോര്‍ബോര്‍ഡ്
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്: പുകോവിസ്‌കി-എല്‍.ബി.ഡബ്ല്യു-ബി- സെയ്‌നി-62, ഡേവിഡ് വാര്‍ണര്‍ -സി-പുജാര-ബി-സിറാജ്-5, ലബുഷാനെ-സി-രഹാനേ-ബി-ജഡേജ-91, സ്മിത്ത്-റണ്ണൗട്ട്-131, വെയിഡെ-സി-ബുംറ-ബി-ജഡേജ-13, ഗ്രീന്‍-എല്‍.ബി.ഡബ്ല്യു-ബി-ബുംറ-0, പെയിനെ-ബി-ബുംറ-1, കമിന്‍സ്-ബി-ജഡേജ-0, സ്റ്റാര്‍ക് -സി-ഗില്‍-ബി-സെയ് നി-24, ലിയോണ്‍ -എല്‍.ബി.ഡബ്ല്യു-ബി-ജഡേജ-0, ഹേസില്‍വുഡ്-നോട്ടൗട്ട്-1. എക്‌സ്ട്രാസ്-10 ആകെ 105.4 ഓവറില്‍ 338. വിക്കറ്റ് വീഴ്ച്ച: 1-6,2-106,3-206,4-232, 5-249, 6-255, 7-278, 8-310, 9-315, 10-338.
ബൗളിംഗ്: ബുംറ 25.4-7-66-2, സിറാജ് 25-4-67-1, അശ്വിന്‍ 24-1-74-0 സെയ്‌നി 13-0-65-2, ജഡേജ 18-3-62-4.
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്: രോഹിത്-സി ആന്‍ഡ് ബി-ഹേസില്‍വുഡ്-26, ഗില്‍ -സി-ഗ്രീന്‍-ബി-കമിന്‍സ്-50, പുജാര -സി-പെയിനെ-ബി-കമിന്‍സ്-50, രഹാനേ -ബി-കമിന്‍സ്-22, വിഹാരി-റണ്ണൗട്ട്-4, പന്ത്-സി-വാര്‍ണര്‍-ബി-ഹേസില്‍വുഡ്-36, ജഡേജ-നോട്ടൗട്ട്-28, അശഅവിന്‍-റണ്ണൗട്ട്-10, സെയ്‌നി-സി-വെയിഡെ-ബി-ബി-സ്റ്റാര്‍ക്ക്-3, ബുംറ-റണ്ണൗട്ട്- എക്‌സ്ട്രാസ്-9, ആകെ 100.4 ഓവറില്‍ 244 ന് എല്ലാവരും പുറത്ത്. വിക്കറ്റ് വീഴ്ച്ച: 1-70, 2-85,3-117, 4-142, 5-195, 6-195, 7-206, 8-210, 9-216, 10-244. ബൗളിംഗ്: സ്റ്റാര്‍ക് 19-7-61-1, ഹേസില്‍വുഡ് 21-10-43-2, കമിന്‍സ് 21.4-10-29-4, ലിയോണ്‍ 31-8-87-0, ലബുഷാനേ 3-0-11-0, ഗ്രീന്‍ 5–2-11-0
ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ്
വാര്‍ണര്‍-എല്‍.ബി.ഡബ്ല്യുൃ-ബി-അശ്വിന്‍-13, പുകോവിസ്‌കി-സി-സബ്-ബി-സിറാജ്-10, ലബുഷാനേ –സി-സബ്-ബി-സെയ്‌നി-73, സ്മിത്ത് -എല്‍.ബി.ഡബ്ല്യു-ബി-അശ്വിന്‍-81, വെയിഡെ -സി-സബ്-ബി-സെയ്‌നി-4, ഗ്രീന്‍-സി-സബ്-ബി-ബുംറ-84, പെയിനെ-നോട്ടൗട്ട്-39 എക്‌സ്ട്രാസ് 84, ആകെ 87 ഓവറില്‍ ആറ് വിക്കറ്റിന് 312 ഡിക്ലയേര്‍ഡ്. വീക്കറ്റ് വീഴ്ച്ച: 1-16,2-35. 3-138, 4-148,5-2208,6-312 ബൗളിംഗ്: ബുംറ 21-4-68-1 സിറാജ് 25-5-90-1 സെയ്‌നി 16-2-54-1 അശ്വിന്‍ 25-1-95-2
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്:
രോഹിത്-സി-സ്റ്റാര്‍ക്-ബി-കമിന്‍സ്-52, ഗില്‍-സി-പെയിനെ-ബി-ഹേസില്‍വുഡ്-31, പുജാര–ബി-ഹേസില്‍വുഡ്-77, രഹാനേ-സി-വെയിഡെ-ബി-ലിയോണ്‍-4, പന്ത് -സി-കമിന്‍സ്-ബി-ലിയോണ്‍-97, വിഹാരി-നോട്ടൗട്ട്-23, ആര്‍.അശ്വിന്‍ -നോട്ടൗട്ട്-39. എക്‌സ്ട്രാസ്-11, ആകെ 131 ഓവറില്‍ അഞ്ച് വിക്കറ്റിന് 334. വിക്കറ്റ് വീഴ്ച്ച: 1-71,2-92. 3-102, 4-250, 5-272. ബൗളിംഗ്: സ്റ്റാര്‍ക്ക് 22-6-66-0, ഹേസില്‍വുഡ് 26-12-39-2 കമിന്‍സ് 26-6-72-1 ലിയോണ്‍ 46-17-114-2, ഗ്രീന്‍ 7-0-31-0, ലബുഷാനേ 4-2-9-0.