കോവിഡ് 19 കാലയളവില്‍ കെഎംസിസി നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ ലോകോത്തരം: സാദിഖലി തങ്ങള്‍

യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി ദുബൈ ഫ്‌ളോറ ഇന്‍ ഹോട്ടലില്‍ ഒരുക്കിയ വിവിധ സംസ്ഥാനങ്ങളിലെ കെഎംസിസികളുടെ ഉന്നത തല സമിതിയെ അഭിമുഖീകരിച്ച് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, നിസാര്‍ തളങ്കര സമീപം

മിഡില്‍ ഈസ്റ്റ് ചന്ദ്രിക പുന:പ്രസിദ്ധീകരണം ഉടന്‍

ദുബൈ: കോവിഡ് 19 രൂക്ഷമായ കാലയളവില്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയ പ്രവര്‍ത്തനമാണ് കെഎംസിസി നിര്‍വഹിച്ചതെന്നും കൊറോണ വൈറസിന് മുന്നില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പോലും അന്തിച്ചു നിന്ന ഘട്ടത്തില്‍ മനുഷ്യ സമൂഹത്തെ രക്ഷിച്ചെടുക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ കെഎംസിസി ഘടകങ്ങള്‍ നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്‌ളാഘനീയമാണെന്നും മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി ദുബൈ ഫ്‌ളോറ ഇന്‍ ഹോട്ടലില്‍ ഒരുക്കിയ വിവിധ സംസ്ഥാനങ്ങളിലെ കെഎംസിസികളുടെ ഉന്നത തല സമിതിയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ കേന്ദ്ര കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
കോവിഡിനെതിരായ പോരാട്ട നാളുകളില്‍ സ്വജീവന്‍ പോലും തൃണവല്‍ഗണിച്ച് കെഎംസിസി നടത്തിയ ത്യാഗസമ്പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാന്‍ വാക്കുകളില്ല. അവരെ എല്ലാവരെയും ഹൃദത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുകയാണ്. ആ മനുഷ്യര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെയെന്നും തങ്ങള്‍ പ്രാര്‍ത്ഥിച്ചു. സംഘമായി നീങ്ങുമ്പോള്‍ അല്ലാഹുവിന്റെ സഹായം ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് ആത്മാര്‍ത്ഥതയുടെ നിറകുടങ്ങളായ കെഎംസിസി പ്രവര്‍ത്തകരെ ഇത്രയും ഉന്നതമായ നന്മ നിറവേറ്റാന്‍ പ്രചോദിപ്പിച്ചിട്ടുള്ളത്. കോവിഡ് കാലയളവില്‍ മാത്രമല്ല, അതിന് മുന്‍പ് സംഭവിച്ച രണ്ടു പ്രളയ ഘട്ടങ്ങളിലും സര്‍ക്കാറുകള്‍ പോലും നോക്കി നില്‍ക്കേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ പോലും, മുസ്‌ലിം ലീഗും കെഎംസിസിയും അടക്കമുള്ള മനുഷ്യ സ്‌നേഹികള്‍ നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ എത്ര ഉത്കൃഷ്മാണെന്നത് നമുക്ക് മുന്നില്‍ ചരിത്രമായുണ്ട്. 2018ലെ പ്രളയ സമയത്ത് ഒരു സിനിമാ സെലിബ്രിറ്റി സോഷ്യല്‍ മീഡിയയില്‍ എഴുതിയ ഒരു കുറിപ്പുണ്ട്. അതില്‍ പറയുന്നു: ഇടപ്പള്ളി പാലത്തില്‍ നിന്ന് ഞങ്ങള്‍ വടക്കോട്ട് നോക്കും. വടക്കു നിന്നും വരുന്ന വാഹനങ്ങളില്‍ മനുഷ്യ സ്‌നേഹികള്‍ കൊടുത്തയച്ച ഭക്ഷണ വിഭവങ്ങളുണ്ടാകും. മലബാറിന്റെ മനുഷ്യത്വത്തെ കുറിച്ചാണ് ആ കുറിപ്പില്‍ പറഞ്ഞത്.
കോവിഡ് കൊടുമ്പിരിക്കൊണ്ട കാലയളവില്‍ ഭക്ഷണം, ഐസൊലേഷന്‍, മരുന്ന് പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജാതിമത ഭേദമെന്യേ ഒരുക്കി നല്‍കിയും നാട്ടിലെത്തേണ്ടവര്‍ക്ക് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തും മറ്റും കെഎംസിസി നിറവേറ്റിയ എണ്ണമറ്റ ദൗത്യങ്ങള്‍ കൊണ്ട് ഈ പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യത്വ തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. അതു വരെ കെഎംസിസിയെ പരിചയമില്ലാത്തവര്‍ പോലും ഈ കൂട്ടായ്മയെ ഹൃദയത്തില്‍ സ്വീകരിച്ചിരിക്കുന്നു. കെഎംസിസിയുടെ സേവനം കണ്ട് സംസ്ഥാന സര്‍ക്കാറിന് ആ മഹത്തായ മാതൃക പിന്‍പറ്റേണ്ടി വന്നു. കെഎംസിസി എവിടെയൊക്കെ ഉണ്ടോ, അവിടെയെല്ലാം അടിയന്തിര ഘട്ടങ്ങളില്‍ അര്‍ഹര്‍ക്ക് സഹായമെത്തിക്കുന്നു. ബംഗളൂരുവില്‍ ഒരു അത്യാഹിതമുണ്ടായപ്പോള്‍ അവിടെ സഹായവുമായി കെഎംസിസി രംഗത്ത് വന്നു. കെഎംസിസിയുള്ളതിനാലാണ് തങ്ങള്‍ക്ക് മോചനം ലഭിച്ചതെന്നും, ഇങ്ങനെയൊരു സംഘടന തങ്ങള്‍ക്കില്ലാതെ പോയല്ലോ എന്നും പറയുന്ന അസംഖ്യം പേര്‍ ഇന്ന് സമൂഹത്തിലുണ്ടായത് അഭിമാനകരമാണ്.
ദുബൈയില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക പുന:പ്രസിദ്ധീകരണം ഉടന്‍ ഉണ്ടാകുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതിനായുള്ള ചര്‍ച്ചകളും ആലോചനകളും നേതാക്കള്‍ നടത്തി വരികയാണ്. ബാഫഖി തങ്ങള്‍ അടക്കമുള്ള മഹാന്മാര്‍ സ്ഥാപിച്ച പത്രമാണ് ചന്ദ്രിക. അത് അധസ്ഥിതന്യൂനപക്ഷപിന്നാക്ക സമൂഹങ്ങളുടെ ജിഹ്വയാണ്. അവരുടെ അവകാശ പോരാളിയാണ്. ആദര്‍ശത്തിലധിഷ്ഠിതമായാണ് ചന്ദ്രിക മുന്നോട്ടു പോകുന്നത്. ചന്ദ്രികയെ നിലനിര്‍ത്താന്‍ പാര്‍ട്ടി അങ്ങേയറ്റം പരിശ്രമിക്കുമെന്നും അതിന് എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് പറഞ്ഞ സാദിഖലി ശിഹാബ് തങ്ങള്‍, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. യുഡിഎഫ് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നേറാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അല്‍പം ക്ഷീണമുണ്ടായിട്ടുണ്ടെങ്കിലും അതിലെല്ലാം മാറ്റം വരും. മറ്റു ഘടക കക്ഷികളെ കൂടി ശക്തിപ്പെടുത്തും. ഒരു തെരഞ്ഞെടുപ്പും മറ്റൊരു തെരഞ്ഞെടുപ്പ് പോലെയാവണമെന്നില്ല. അതിനുദാഹരണമാണല്ലോ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ അത്യുജ്വല വിജയം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി ഭരണം നേടിയെടുക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ യുഎഇ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം, അഡൈ്വസറി ബോര്‍ഡ് മെംബര്‍ സി.കെ അബ്ദുല്‍ മജീദ്, വിവിധ സംസ്ഥാന കെഎംസിസി നേതാക്കളായ ഷുക്കൂറലി കല്ലുങ്ങല്‍ (അബുദാബി), ഹുസൈനാര്‍ ഹാജി എടച്ചാക്കൈ (ദുബൈ), സൂപ്പി പാതിരിപ്പറ്റ (അജ്മാന്‍), അബ്ദുല്ല ചേലേരി (ഷാര്‍ജ), സെയ്തലവി തായാട്ട് (റാസല്‍ഖൈമ), ഹാഷിം തങ്ങള്‍ (അല്‍ ഐന്‍), അബൂബക്കര്‍ ഹാജി (ഉമ്മുല്‍ഖുജവൈന്‍), റാഷിദ് ജാതിയേരി (ഫുജൈറ) എന്നിവര്‍ സംസാരിച്ചു. അഡ്വ. സാജിദ് അബൂബക്കര്‍ (ദുബൈ), അസീസ് കാളിയാടന്‍ (അബുദാബി), സിറാജ് (ഫുജൈറ), ഹംസ തൊട്ടിയില്‍, ഇസ്മായില്‍ ഏറാമല (ദുബൈ), നൗഷാദ് (അല്‍ ഐന്‍) ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്ര കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര സ്വാഗതവും വൈസ് പ്രസിഡന്റ് എം.പി.എം റഷീദ് നന്ദിയും പറഞ്ഞു.