ദുബൈ ഗവണ്‍മെന്റ് വകുപ്പുകള്‍ തഖ്ദീര്‍ അവാര്‍ഡ് ജേതാക്കളെ പിന്തുണക്കും

മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍

ദുബൈ: തഖ്ദീര്‍ അവാര്‍ഡ് ജേതാക്കളാകുന്ന കമ്പനികളെ ദുബൈയിലെ 4 സര്‍ക്കാര്‍ വകുപ്പുകള്‍ പിന്തുണക്കും. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ മികച്ച തൊഴിലാളി ക്ഷേമം നടത്തുന്ന കമ്പനികള്‍ക്ക്
നല്‍കുന്ന അംഗീകാരമാണ് തഖ്ദീര്‍ അവാര്‍ഡ്. പിന്തുണ പ്രകാരം തഖ്ദീര്‍ അവാര്‍ഡിന്റെ 4, 5 സ്റ്റാര്‍ റേറ്റിംഗുകള്‍ നേടുന്ന കമ്പനികള്‍ക്ക് 35ലധികം സേവന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കും. ആര്‍ടിഎ, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റി, ജിഡിആര്‍എഫ്എഡി തുടങ്ങിയ നാലു കേന്ദ്രങ്ങളാണ് കമ്പനികള്‍ക്ക് ഇളവുകളും പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്‍കി പിന്തുണക്കുന്നത്.

തഖ്ദീര്‍ അവാര്‍ഡുമായി ബന്ധപ്പെട്ടു നടന്ന പ്രഖ്യാപന ചടങ്ങ്

ഇതുസംബന്ധിച്ച പ്രഖ്യാപന ചടങ്ങ് തഖ്ദീര്‍ അവാര്‍ഡ് ചെയര്‍മാനും ദുബൈ തൊഴില്‍ കാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ മുഹൈര്‍ സുറൂറിന്റെ സാന്നിധ്യത്തില്‍ നടന്നു. ചടങ്ങില്‍ നിര്‍ദിഷ്ട നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായുള്ള ധാരണാപത്രത്തില്‍ വിവിധ സര്‍ക്കാര്‍ പ്രതിനിധികള്‍ ഒപ്പുവച്ചു. അടുത്ത് നടക്കുന്ന തഖ്ദീര്‍ അവാര്‍ഡ് നാലാം പതിപ്പ് വിജയികള്‍ക്കാണ് മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുക.
കമ്പനികള്‍ക്ക് പുറമെ, വ്യക്തിഗത ഇനത്തിലും അവാര്‍ഡ് നല്‍കുന്നുണ്ട്. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരം 2016 മുതലാണ് തഖ്ദീര്‍ അവാര്‍ഡ് നല്‍കി വരുന്നത്. കമ്പനികളെയും തൊഴിലാളികളെയും ക്രിയാത്മകമായി ഇടപെടാന്‍ പ്രേരിപ്പിക്കുന്ന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത സ്ഥാപന പ്രതിനിധികളെ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അഭിനന്ദിച്ചു. പരിമിതികളില്ലാത്ത പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കുന്ന ശൈഖ് ഹംദാന് മേജര്‍ ജനറല്‍ കൃതജ്ഞത അറിയിച്ചു.
സമഗ്ര മൂല്യനിര്‍ണയത്തിലൂടെ പോയിന്റ് അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നക്ഷത്ര പദവി നല്‍കുന്ന ഈ സമ്പ്രദായം ലോകത്ത് ആദ്യമായി നടപ്പാക്കിയത് ദുബൈയാണ്. തൊഴില്‍ നിയമങ്ങളുടെ നടത്തിപ്പിലെ കാര്യക്ഷമത തിരിച്ചറിഞ്ഞ് തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും എമിറേറ്റിലെ വിവിധ മേഖലകളില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് തഖ്ദീര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇയുടെ വികസനത്തില്‍ തൊഴിലാളികളുടെ മികച്ച പങ്കിനുള്ള അംഗീകാരമാണിത്.
തഖ്ദീര്‍ എന്നാല്‍ പ്രശംസ എന്നാണര്‍ത്ഥം. തൊഴിലാളി ക്ഷേമ നടപടികളിലെ ഗുണമേന്മയെ ആധാരമാക്കിയുള്ള ലോകത്തെ ആദ്യ അവാര്‍ഡാണിത്. തൊഴിലാളികളുടെ ക്ഷേമത്തിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച നീക്കങ്ങളാണ് ഈ സംരംഭം പ്രോല്‍സാഹിപ്പിക്കുന്നത്. തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളെ സംബന്ധിച്ച ബോധവത്കരണവും ഇതുകൊണ്ട് സാധ്യമാകുന്നു.
മതമോ ജാതിയോ പരിഗണിക്കാതെ ദുബൈയിലെ ജനങ്ങളുടെ സന്തോഷവും ക്ഷേമവും ഉറപ്പു വരുത്താനും, അതു വഴി ലോകത്തില്‍ ഏറ്റവും മികച്ച നിലയില്‍ തൊഴിലെടുക്കാനും ജീവിക്കാനുമുള്ള ഇടമാക്കി ദുബൈയെ മാറ്റിയെടുക്കാനും സാധിക്കുന്ന ‘ദുബൈ വിഷന്‍’ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുരസ്‌കാരമെന്ന് മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.

തഖ്ദീര്‍ അവാര്‍ഡ് ലോഗോ