തഖ്ദീര്‍ അവാര്‍ഡ്: 91 തൊഴിലാളികളെയും കമ്പനികളെയും തെരഞ്ഞെടുത്തു

14
ഖ്ദീര്‍ അവാര്‍ഡ് ജഡ്ജിംഗ് പാനലിന്റെ വെര്‍ച്വല്‍ മീറ്റിംഗ്

ദുബൈ: തഖ്ദീര്‍ അവാര്‍ഡിന്റെ നാലാം പതിപ്പിലേക്ക് 5 വിഭാഗങ്ങളിലായി 91 തൊഴിലാളികളെയും കമ്പനികളെയും തെരഞ്ഞെടുത്തതായി തഖ്ദീര്‍ അവാര്‍ഡ് ജഡ്ജിംഗ് പാനല്‍ അറിയിച്ചു. ഉന്നത യോഗ്യതയുള്ള പരിചയ സമ്പന്നരായ 120ലധികം പേര്‍ നടത്തിയ സ്മാര്‍ട് മൂല്യനിര്‍ണയ പ്രക്രിയകള്‍ക്ക് ശേഷമാണ് വിജയികളുടെ പട്ടിക പാനല്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജഡ്ജിംഗ് കമ്മിറ്റിയുടെ പ്രത്യേക വെര്‍ച്വല്‍ മീറ്റിംഗാണ് കമ്പനികളെയും തൊഴിലാളികളെയും അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ രക്ഷാകര്‍തൃത്വത്തില്‍ മികച്ച തൊഴിലാളി ക്ഷേമം നടത്തുന്നവര്‍ക്ക് നല്‍കുന്ന അംഗീകാരമാണ് തഖ്ദീര്‍. തൊഴിലാളികളുടെ സംഭാവന തിരിച്ചറിഞ്ഞ് ദുബൈയുടെ വളര്‍ച്ചക്കും സാമ്പത്തിക വിജയത്തിനും വഴിയൊരുക്കാന്‍ ലക്ഷ്യം വെച്ചാണ് പുരസ്‌കാരം നല്‍കുന്നത്.
ദുബൈ പൊലീസ് ആന്‍ഡ് ജനറല്‍ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയര്‍മാനും തഖ്ദീര്‍ അവാര്‍ഡ് ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാനും ലെഫ്.ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം ആണ്. അംഗങ്ങള്‍: ദുബൈ പോലീസ് കമാന്‍ഡര്‍-ഇന്‍ ചീഫ് ലെഫ്.ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, ജിഡിആര്‍എഫ്എഡി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ദീവ സിഇഒ സഈദ് മുഹമ്മദ് അല്‍ തായര്‍, ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ഹാജിരി, മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍, സിഡിഎ ഡയറക്ടര്‍ ജനറല്‍ അഹ്മദ് ജുല്‍ഫാര്‍, ഏവിയേഷന്‍ സിറ്റി കോര്‍പറേഷന്റെയും ദുബൈ സൗത്തിന്റെയും എക്‌സി.ചെയര്‍മാന്‍ ഖലീഫ അല്‍ സഫിന്‍, ഡാഫ്‌സ ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ സറൂനി, ആര്‍ടിഎ ഡയറക്ടര്‍ ബോര്‍ഡ് അംഗം മുഹമ്മദ് ഉബൈദ് അല്‍ മുല്ല, ദുബൈ മുനിസിപ്പാലിറ്റി കമ്യൂണികേഷന്‍സ് ആന്‍ഡ് കമ്യൂണിറ്റി അഫയേഴ്‌സ് അസി.ഡയറക്ടര്‍ മുഹമ്മദ് അല്‍ മുത്വവ്വ. തഖ്ദീര്‍ അവാര്‍ഡ് ഉപദേശകന്‍ കേണല്‍ അബ്ദുസ്സമദ് അല്‍ ബലൂഷി അവാര്‍ഡ് കമ്മിറ്റി ടീം മേധാവിയാണ്. സെക്രട്ടറി ജനറല്‍: മേജര്‍ ഖാലിദ് ഇസ്മായില്‍.
77 തൊഴിലാളികള്‍ക്കും കമ്പനികള്‍ക്കും 3 മുതല്‍ 5 സ്റ്റാര്‍ റേറ്റിംഗുകള്‍ നല്‍കും. ഭാവിയിലെ പതിപ്പുകളില്‍ ഉയര്‍ന്ന റേറ്റിംഗിനായി പരിശ്രമിക്കാന്‍ കമ്പനികളെയും തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി 14 തൊഴിലാളികളും കമ്പനികളും ഉള്‍പ്പെടുന്ന 1 മുതല്‍ 2 സ്റ്റാര്‍ വരെയുള്ള റേറ്റിംഗിലെ വിജയികള്‍ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്. മികച്ച നഗരമായി മാറാനും ജോലി ചെയ്യാനും നിക്ഷേപിക്കാനുമുള്ള മികച്ച ഇടമായി ദുബൈ മാറാനുള്ള ഭരണകൂടത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണക്കുന്ന പ്രധാന സംരംഭമാണ് അവാര്‍ഡെന്ന് ലെഫ്.ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം പറഞ്ഞു. തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാനും ഈ അവാര്‍ഡ് സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് നടത്തിപ്പിന്റെ നിരന്തര പിതുണക്ക് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനോട് തഖ്ദീര്‍ അവാര്‍ഡ് ചെയര്‍മാന്‍ കൃതജ്ഞത രേഖപ്പെടുത്തി.
2016ല്‍ അവാര്‍ഡ് ആരംഭിച്ച ശേഷം പല തലങ്ങളിലും സുപ്രധാന നാഴികക്കല്ലുകള്‍ തീര്‍ക്കാന്‍ ഇതിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ബിസിനസ് സമൂഹത്തിലും ജീവനക്കാരിലും നല്ല സ്വാധീനം ചെലുത്താനും സാധിച്ചു. ഇത് ഉന്നം വെച്ച് കമ്പനികളില്‍ നിന്ന് വളരെ പ്രോത്സാഹജനകമായ പ്രതികരണമാണ് ലഭിച്ചത്. മൂല്യനിര്‍ണയ പ്രക്രിയയില്‍ സുതാര്യതയുടെയും സമഗ്രതയുടെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിച്ച മൂല്യനിര്‍ണയ സംഘത്തിന്റെ അസാധാരണമായ ശ്രമങ്ങളെ യോഗം പ്രശംസിച്ചു.
കോവിഡ് 19ന്റെ പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദുബൈയിലെ കമ്പനി മേഖലകളും കാര്യമായ വെല്ലുവിളികള്‍ നേരിട്ട സമയത്താണ് ഈ അവാര്‍ഡിന്റെ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നത്. പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള മാതൃകാപരമായ പങ്കാളിത്തത്തിന്റെ മറ്റൊരു മാതൃകയാണിത്. ബ്‌ളൂ കോളര്‍ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ പരിരക്ഷിക്കാനും തൊഴിലാളികളില്‍ മഹാമാരിയുടെ സ്വാധീനം ഫലപ്രദമായി കൈകാര്യം ചെയ്യാനുമായി ദുബൈയിലെ മുന്‍നിര സംഘടനകള്‍ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു. കമ്പനികളും അവരുടെ തൊഴിലാളികളും തമ്മിലുള്ള മികച്ച ബന്ധം വളര്‍ത്തിയെടുക്കുന്നതിലും ബിസിനസ് പ്രകടനത്തിലെ മികവിന്റെയും നേതൃത്വത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലും അവാര്‍ഡിന്റെ നാലാം പതിപ്പിന്റെ വിജയത്തില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യരായ കമ്പനികളില്‍ 67 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. സ്വമേധയാലുള്ള സംരംഭമാണെങ്കിലും പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വളര്‍ച്ചയാണ് അവാര്‍ഡിന് ലഭിച്ചത്. അവാര്‍ഡിന്റെ നാലാം പതിപ്പില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ച കമ്പനികള്‍ മൂവായിരത്തിലധികമാണ്. ഇതില്‍ 125 കമ്പനികള്‍ അവാര്‍ഡ് നിശ്ചയിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി അന്തിമ വിലയിരുത്തലിന് യോഗ്യത നേടി. മൂന്നാം പതിപ്പിനെ അപേക്ഷിച്ച് 67 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്.