തിയേറ്ററുകള്‍ തുറന്നു

ഇതല്ലേ ഹീറോയിസം... എറണാകുളം സരിത തിയേറ്ററില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മാസ്‌കും ഹെല്‍മെറ്റും ധരിച്ച് സിനിമ കാണിനിരിക്കുന്ന യുവാവ്. സംസ്ഥാനത്തുടനീളം ഇന്നലെ മുതലാണ് തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത്. ചിത്രം: നിധിന്‍ കൃഷ്ണ

സാമൂഹ്യ അകലം കാറ്റില്‍ പറന്നു

കൊച്ചി: മാസങ്ങളുടെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനം പുനരാരംഭിച്ചു. നടന്‍ വിജയ് നായകനായ മാസ്റ്ററായിരുന്നു എല്ലാ തിയേറ്ററുകളിലെയും ആദ്യചിത്രം. ആദ്യഷോയ്ക്ക് വന്‍ വരവേല്‍പ്പാണ് സിനിമ ആരാധകര്‍ സംസ്ഥാനമൊട്ടൊകെ നല്‍കിയത്. കൊച്ചിയിലെ തിയേറ്ററുകളില്‍ ആദ്യഷോ കാണാന്‍ പുലര്‍ച്ചെ മുതല്‍ ആളുകള്‍ തിയേറ്ററുകള്‍ക്ക് മുന്നിലെത്തിയിരുന്നു. ഭൂരിഭാഗം തിയേറ്ററുകളിലും ആദ്യ ദിവസത്തെ ടിക്കറ്റുകളെല്ലാം പൂര്‍ണമായും വിറ്റഴിഞ്ഞു. പാലഭിഷേകം നടത്തിയും നൃത്തംവച്ചുമാണ് വിജയ് ആരാധകര്‍ ചിത്രത്തെ വരവേറ്റത്. ദക്ഷിണേന്ത്യന്‍ റിലീസിന് മുമ്പ് ചൊവ്വാഴ്ച തന്നെ ഗള്‍ഫ് രാജ്യങ്ങളിലും മറ്റും മാസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമയാണ് മാസ്റ്റര്‍. രാവിലെ ഒമ്പതിനാണ് ഷോ തുടങ്ങിയത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ മൂന്നു പ്രദര്‍ശനങ്ങളാണ് നടന്നത്. സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ സെക്കന്‍ഡ് ഷോ ഉണ്ടായില്ല. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ആദ്യ ഷോ തടസപ്പെട്ടു. തിയേറ്ററുകള്‍ തുറക്കുമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ടായെങ്കിലും ആദ്യദിവസം തന്നെ ഇത് ലംഘിക്കപ്പെട്ടു.