ലണ്ടന്‍: ഇന്നാണ് ആ മല്‍സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും നിലവിലെ ജേതാക്കളായ ലിവര്‍പൂളും മുഖാമുഖം. ഇന്ത്യന്‍ സമയം രാത്രി പത്തിനാണ് അടിപൊളിയങ്കം. സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് എച്ച്.ഡി ഒന്നില്‍ തല്‍സമയം.
ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്ന പോരാട്ടത്തെക്കാള്‍ ഇംഗ്ലീഷ് ഫുട്ബോള്‍ ലോകം ഇന്നത്തെ മല്‍സരത്തെ വിശേഷിപ്പിക്കുന്നത് ജുര്‍ഗന്‍ ക്ലോപ്പെ- ഒലെ ഗണാര്‍ സോള്ക്സ്ജര് അങ്കം എന്ന നിലക്കാണ്. യൂറോപ്യന്‍ ഫുട്ബോളിലെ വിഖ്യാതരായ രണ്ട് പേര്. ക്ലോപ്പെയുടെ സംഘത്തില്‍ റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനേ, മുഹമ്മദ് സലാഹ് തുടങ്ങിയ വിഖ്യാതര്‍. സോള്ക്സജര്ക്കൊപ്പം പോള്‍ പോഗ്ബയും ബ്രുണോ ഫെര്‍ണാണ്ടസും എഡിന്‍സണ്‍ കവാനിയുമെല്ലാം. ഇത് വരെ ലീഗ് പോയിന്റ് ടേബിളില്‍ ലിവര്‍പൂളായിരുന്നു ഒന്നാം സ്ഥാനത്ത്. അവസാന മല്‍സരത്തില്‍ അവര്‍ പരാജയപ്പെടുകയും യുനൈറ്റഡ് ഒരു ഗോളിന് വോള്‍വ്സിനെ തോല്‍പ്പിക്കുകയും ചെയ്തതോടെ അവര്‍ക്കായി മുന്‍ത്തൂക്കം. 17 മല്‍സരങ്ങളാണ് രണ്ട് ടീമുകളും പിന്നിട്ടിരിക്കുന്നത്. 36 ല്‍ നില്ക്കുന്നു യുനൈറ്റഡ്. 33 ലാണ് ലിവര്‍. ഇന്ന് ജയിക്കാനാവുന്ന പക്ഷം യുനൈറ്റഡിന് കിരീടം നോട്ടമിട്ട് മുന്നേറാം. ലിവറിന് ജയിക്കാനായാല്‍ യുനൈറ്റഡിന് ഒപ്പമെത്താം. ഗോള്‍ ശരാശരിയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്യാം.ലിവര്‍പൂള്‍ സംഘത്തില്‍ നിന്നും ശുഭ വാര്‍ത്തകളുണ്ട്. ആര്‍ക്കും കാര്യമായ പരുക്കില്ല. ജോയല്‍ മാടിപ് ഫിറ്റ്നസ് നേടിയതായാണ് റിപ്പോര്‍ട്ട്. നബി കെയ്ത, ജോ ഗോമസ്, ഡിയാഗോ ജോട്ട, വിര്‍ജില്‍ വാന്‍ ഡിജിക് എന്നിവര്‍ പക്ഷേ കളിക്കില്ല. യുനൈറ്റഡ് ക്യാമ്പില്‍ നിന്നും പരുക്കിന്റെ ആശങ്കാവാര്ത്തകളുണ്ട്. ആന്റണി മാര്‍ഷ്യല്‍, നേമാന്ജ മാറ്റിച്ച്, വിക്ടര്‍ ലിന്‍ഡോഫ് എന്നിവര്‍ ഇനിയും ആരോഗ്യം തെളിയിച്ചിട്ടില്ല. ഇരുവരും തമ്മിലുള്ള സമീപകാല പോരാട്ട ചരിത്രത്തിലെ വിജയങ്ങളില്‍ ഭൂരിപക്ഷവും ലിവറിന് സ്വന്തമാണ്. അവസാന പത്ത് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് യുനൈറ്റഡിന്റെ വിജയം. 2018 മാര്‍ച്ചില്‍ നടന്ന പ്രീമിയര്‍ ലീഗ് അങ്കത്തില്‍ 2-1 ന് ചുവപ്പന്‍ പട ജയിച്ചിരുന്നു. പക്ഷേ നിലവില്‍ ലിവറിനേക്കാള് ശക്തരായി കളിക്കുന്നുണ്ട് യുനൈറ്റഡ്. മധ്യനിരക്കാരന് പോള്‍ പോഗ്ബ ഫോമിലെത്തിയത് തന്നെ ടീമിന്റെ കരുത്ത്. ഗോള്വേട്ടക്കാരന് ബ്രൂണോ ഫെര്‍ണാണ്ടസ് സീസണില്‍ മിന്നും ഫോമിലാണ്. ലിവറിന് ഈ സീസണില്‍ ഇതിനകം നഷ്ടപ്പെട്ടിരിക്കുന്നത് 18 പോയന്റാണ്. യുനൈറ്റഡാവട്ടെ 2012 ന് ശേഷം ആദ്യമായാണ് ഇത്രയധികം പോയന്റുകളുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് വരുന്നത്. നവംബര്‍ ഒന്നിന് ആഴ്സനലിനോട് പരാജയപ്പെട്ട ശേഷം അവര്‍ തോല്‍വിയറിഞ്ഞിട്ടില്ല.