ട്രംപ് നാണം കെട്ട് പുറത്തേക്ക്

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അംഗീകരിച്ച് യു.എസ് ജനപ്രതിനിധി സഭ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 25-ാമത് ഭേദഗതി ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള പ്രമേയം യു.എസ്.ജനപ്രതിനിധി സഭ അംഗീകരിച്ചു. പ്രമേയം പാസായതോടെ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി 25-ാം ഭേദഗതിയുടെ നാലാം അനുച്ഛേദം ഉപയോഗിച്ച് പുറത്താക്കപ്പെടുന്ന പ്രസിഡന്റായി ട്രംപ് മാറും.
പ്രസിഡന്റിനെ പുറത്താക്കാന്‍ ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് സഭ പാസാക്കിയത്. അതേസമയം പ്രസിഡന്റിനെ പുറത്താക്കാനുള്ള ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നേരത്തെ പറഞ്ഞിരുന്നു. സമാധാനപരമായ അധികാര കൈമാറ്റമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ജനപ്രതിനിധി സഭയില്‍ പ്രമേയം പാസാകുന്നത്. പ്രസിഡന്റിനെ ഉടന്‍ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഡെമോക്രാറ്റുകള്‍.
223 അംഗങ്ങള്‍ പ്രമയേത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 205 പേര്‍ പ്രമേയത്തെ എതിര്‍ത്തു. കാപ്പിറ്റോള്‍ മന്ദിരത്തിന് നേരെയുണ്ടായ കലാപത്തിന് പിന്നില്‍ ട്രംപാണെന്ന് ആരോപിച്ചാണ് ഡെമോക്രാറ്റുകള്‍ അദ്ദേഹത്തിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. അക്രമത്തിനു തൊട്ടുമുമ്പ് അനുയായികളുടെ റാലിയെ അഭിസംബോധന ചെയ്ത ട്രംപ് നിയമവിരുദ്ധ നടപടികള്‍ക്ക് ആഹ്വാനം ചെയ്തതായും പ്രമേയത്തില്‍ ആരോപിച്ചിരുന്നു.
ഈ മാസം 20നാണ് പുതിയ പ്രസിഡന്റായി ജോ ബൈഡന്റെ സത്യപ്രതിജ്ഞ. ട്രംപ് അധികാരമൊഴിയാന്‍ ദിവസങ്ങള്‍ക്ക് മാത്രം ശേഷിക്കെയാണ് പ്രസിഡന്റിനെ പുറത്താക്കാനുള്ള ഡെമോക്രാറ്റുകളുടെ രാഷ്ട്രീയനീക്കം.

ഇംപീച്ച്മെന്റ് നീക്കം
കൂടുതല്‍ അക്രമത്തിന്
കാരണമാകുമെന്ന് ട്രംപ്
ടെക്സസ്: തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കം കൂടുതല്‍ അക്രമങ്ങള്‍ക്കു കാരണമാകുമെന്ന മുന്നറിയിപ്പു നല്‍കി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ആറു ദിവസത്തെ നിശബ്ദത്ക്കു ശേഷമാണ് ഇംപീച്ച്മെന്റ് നീക്കങ്ങള്‍ക്കെതിരെ ട്രംപ് രംഗത്തെത്തിയത്.
രണ്ടു പൊലീസുകാരുടെ ഉള്‍പ്പെടെ മരണത്തിനിടയാക്കിയ കാപ്പിറ്റോള്‍ ആക്രമണത്തില്‍ തനിക്കു യാതൊരു പങ്കുമില്ലെന്ന് ട്രംപ് വ്യക്തമാക്കി. അക്രമത്തിനു താന്‍ അനുയായികളെ പ്രേരിപ്പിച്ചുവെന്ന ആരോപണം അടസ്ഥാനരഹിതമാതെന്നും ട്രംപ് പറഞ്ഞു. തനിക്കെതിരെ വര്‍ഷങ്ങളായി നടക്കുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് ഇംപീച്ച്മെന്റ് തട്ടിപ്പെന്നും ട്രംപ് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഇതു കടുത്ത വിദ്വേഷത്തിനും വിഭജനത്തിനും ഇടയാക്കുന്നുണ്ട്.

എന്താണ്
25-ാമത് ഭേദഗതി
1967 ലാണ് ഭരണഘടനയിലെ 25ാമത് ഭേദഗതി അമേരിക്ക അംഗീകരിക്കുന്നത്. പ്രസിഡന്റ് മരിക്കുകയോ അപ്രാപ്തനാകുകയോ ചെയ്യുമ്പോള്‍ പുതിയ രാഷ്ട്രതലവനെ സൃഷ്ടിക്കുന്നതിനുള്ള നിയമ സംവിധാനം ഉണ്ടാകുന്നത് ഇതുവഴിയാണ്. അമേരിക്കയുടെ പ്രസിഡന്റ് മരിക്കുകയോ രാജിവെക്കുകയോ ചെയ്താല്‍ സ്ഥിരമായി വൈസ് പ്രസിഡന്റിന് അധികാരമേല്‍ക്കുന്നതിന് നിയമപരമായി അംഗീകാരം ലഭിക്കുന്നതും ഈ ഭേദഗതിയിലൂടെയാണ്.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയുടെ വധമാണ് 25-ാം ഭേദഗതി അംഗീകരിക്കുന്നതില്‍ നിര്‍ണയാകമാകുന്നത്. കെന്നഡിയുടെ വധത്തിന് പിന്നാലെ അമേരിക്കയില്‍ അടുത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
1985ല്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന് ഒരു ശസ്ത്രക്രിയ നടത്തിയ സമയത്ത് വൈസ് പ്രസിഡന്റിന് താത്ക്കാലികമായി അധികാരവും ചുമതലകളും കൈമാറാന്‍ അനുവദിക്കുന്ന 25ാം ഭേദഗതിയുടെ മൂന്നാമത്തെ ഭാഗം ഉപയോഗിച്ചിരുന്നു.
ജോര്‍ജ്ജ് ഡബ്ല്യു. ബുഷിന്റെ സമയത്തും 25ാമത് ഭേദഗതിയുടെ മൂന്നാമത്തെ ഭാഗം ഉപയോഗിക്കപ്പെട്ടു. വാട്ടര്‍ഗേറ്റ് വിവാദത്തെ തുടര്‍ന്ന് റിച്ചാര്‍ഡ് നിക്‌സണ്‍ രാജിവെച്ച ഒഴിവില്‍ ജെറാള്‍ഡ് റൂഡോള്‍ഫ് ഫോര്‍ഡ് അധികാരത്തിലേറുന്നത് ഇതേ നിയമത്തിന്റെ രണ്ടാമത്തെ അനുച്ഛേദം ഉപയോഗിച്ചാണ്.
എന്നാല്‍ പ്രസിഡന്റ് അയോഗ്യനാണെന്ന പൊതു അഭിപ്രായത്തിന്‍മേല്‍ അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള ഭേദഗതിയുടെ നാലാമത്തെ അനുച്ഛേദം ഇതുവരെ അമേരിക്കയുടെ ചരിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല. ഇതാദ്യമായാണ് നാലാം ഭേദഗതി ഉപയോഗിക്കുന്നത്.