തുനീഷ്യയില്‍ പ്രക്ഷോഭം അക്രമാസക്തമാകുന്നു

തുനീഷ്യയുടെ തലസ്ഥാനമായ തൂനിസില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുന്ന പ്രക്ഷോഭകര്‍

തൂനിസ്: തുനീഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി മൂന്നാം ദിവസവും കലാപങ്ങള്‍ തുടര്‍ന്നു. രാത്രി തെരുവിലിറങ്ങിയ ജനക്കൂട്ടം പൊലീസിനും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറ് നടത്തി. ടയറുകള്‍ കത്തിച്ചും മാലിന്യങ്ങള്‍ കൂട്ടിയിട്ടും റോഡുകള്‍ തടഞ്ഞു. അക്രമങ്ങള്‍ തടയാന്‍ നിരവധി നഗരങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. 600ലേറെ പേരെ അറസ്റ്റ് ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയുമാണ് ജനങ്ങളെ വീണ്ടും പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചത്. സ്വേച്ഛാധിപതിയായ പ്രസിഡന്റ് സൈനുല്‍ ആബിദിന്‍ ബിന്‍ അലിയെ പുറത്താക്കിയ മുല്ലപ്പൂ വിപ്ലവത്തിന്റെ 10-ാം വര്‍ഷികത്തിലും രാജ്യത്ത് കാര്യമായ പുരോഗതിയില്ലെന്നാണ് തുനീഷ്യന്‍ ജനതയില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നത്. എന്നാല്‍ പ്രത്യേക ആവശ്യങ്ങളൊന്നും പ്രക്ഷോഭകര്‍ മുന്നോട്ടുവെച്ചിട്ടില്ല.
തലസ്ഥാനമായ തൂനിസില്‍ പ്രതിഷേധക്കാരായ യുവാക്കളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാകവും ജലപീരങ്കിയും പ്രയോഗിച്ചു. കൊള്ളയടിക്കാനും അക്രമങ്ങള്‍ സൃഷ്ടിക്കാനുമായി അയല്‍പ്രദേശങ്ങളില്‍നിന്ന് എത്തിയവരാണ് ഇവരെന്ന് നഗരവാസികള്‍ കുറ്റപ്പെടുത്തി. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് തുനീഷ്യ കടന്നുപോകുന്നത്. വിപ്ലവാനന്തര ഭരണകൂടങ്ങള്‍ പ്രതീക്ഷിക്കൊത്ത് ഉയരാത്തതില്‍ ജനങ്ങള്‍ നിരാശരാണ്. കഴിഞ്ഞ വര്‍ഷം ദേശീയ വരുമാനം ഒന്‍പത് ശതമാനത്തോളം ചുരുങ്ങി. അവശ്യ സാധനങ്ങളുടെ വില കുതിച്ചുരുകയാണ്. യുവാക്കളില്‍ തൊഴില്‍ രഹിതരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. പ്രധാന വരുമാന മാര്‍ഗമായ ടൂറിസം മേഖലക്ക് കോവിഡ് വ്യാപനത്തോടെ കനത്ത തിരിച്ചടിയാണ് നേരിട്ടത്.