ഭാര്യക്ക് ജോലിയും കുടുംബത്തിന് വീടും സ്ഥലവും അനുവദിക്കണം

ഉമ്മന്‍ ചാണ്ടി ഷെഫീഖിന്റെ വസതിയില്‍

കാഞ്ഞിരപ്പള്ളി: റിമാന്റിലിരിക്കെ മരണപ്പെട്ട ഷെഫീഖിന്റെ വസതിയിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഷെഫീക്കിന്റെ ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍ സര്‍ക്കാര്‍ നിഷ്പക്ഷ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം നടന്ന് നാലു ദിവസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരും ആ കുടുംബത്തെ സന്ദര്‍ശിക്കുകയോ സാമ്പത്തിക സഹായം അനുവദിക്കുകയോ ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷെഫീഖിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിരമായി ധനസഹായം അനുവദിക്കണം. ഷഫീഖിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബത്തിന് വീടും സ്ഥലവും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം തലക്കേറ്റ ക്ഷതം മൂലമാണെന്ന പ്രാഥമിക കണ്ടെത്തല്‍ കൊലപാതമാണെന്ന സൂചനയാണ് നല്‍കുന്നത്.യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്നാവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവുമായി ആശയവിനിമയം നടത്തി കുടുംബത്തിന് നിയമസഹായ മുള്‍പ്പടെ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വീട്ടുകാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ ഉള്‍പ്പടെ നിരവധി ആളുകളുമായി 45 മിനിറ്റിലധികം നേരം സംസാരിച്ച് വിവരങ്ങള്‍ മനസിലാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. കെ.പി.സി.സി സെക്രട്ടറി പി.എ. സലീം, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പി.എ ഷെമീര്‍, റോണി കെ.ബേബി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.എം.ഷാജി, മാത്യു കുളങ്ങര, ഷാജി പെരുന്നേപ്പറമ്പില്‍, നായിഫ് ഫൈസി, എം.കെ.ഷെമീര്‍, അഫ്‌സല്‍ കളരിയ്ക്കല്‍,ഫസിലി കോട്ടവാതുക്കല്‍, മുഹമ്മദ് സജാസ്, അബ്ദുല്‍ ഫത്താഹ്, ഫൈസല്‍ എം.കാസിം , പി.ഐ. ഷാജി എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.