യുനൈറ്റഡ് നമ്പര്‍ വണ്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ബേണ്‍ലിക്കെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിജയ ഗോള്‍ നേടുന്ന പോള്‍ പോഗ്ബ

ലണ്ടന്‍: പലരും എഴുതിത്തള്ളിയ ഒലേ ഗണാര്‍ സോള്‍ക്‌സ്ജറുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സീസണില്‍ ഇതാദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ തലപ്പത്ത്. ഇന്നലെ നടന്ന മല്‍സരത്തില്‍ ബേണ്‍ലിയെ ഒരു ഗോളിന് കീഴടക്കിയാണ് യുനൈറ്റഡ് നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ പിറകിലാക്കി ടേബിളില്‍ ഒന്നാമത് വന്നത്. നാല് മല്‍സരത്തിലെ നിലവാരമില്ലായ്മക്ക് ശേഷം കാര്‍ലോസ് അന്‍സലോട്ടിയുടെ എവര്‍ട്ടണും ഇന്നലെ വിജയിച്ചു. വോള്‍വ്‌സിനെയവര്‍ 1-2 ന് കീഴടക്കിയപ്പോള്‍ ഷെഫീല്‍ഡ് യുനൈറ്റഡ് ഒരു ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ വീഴ്ത്തി.മധ്യനിരക്കാരന്‍ പോള്‍ പോഗ്ബയായിരുന്നു ഇന്നലെ യുനൈറ്റഡിന്റെ ഹീറോ. പരുക്കും മോശം ഫോമും കാരണം പലപ്പോഴും വിമര്‍ശനത്തിന് വിധേയനായ ഫ്രഞ്ചുകാരന്‍ ഇന്നലെ ഗംഭീര ഫോമിലായിരുന്നു. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് നല്‍കിയ ക്രോസ് പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് പോഗ്ബ ഹാഫ് വോളിയിലുടെ വലയിലേക്ക് തിരിക്കുകയായിരുന്നു. പക്ഷേ മല്‍സരത്തില്‍ വ്യക്തമായ ആധിപത്യം ബേണ്‍ലിക്കായിരുന്നു. മൂന്ന് മികച്ച അവസരങ്ങളും അവര്‍ക്ക് ലഭിച്ചു. പക്ഷേ ഉപയോഗപ്പെടുത്താനായില്ല. മൂന്ന് മല്‍സര വിലക്കിന് ശേഷം ടീമില്‍ തിരികെയെത്തിയ ഉറുഗ്വേക്കാരന്‍ എഡിന്‍സണ്‍ കവാനിക്ക് മൂന്ന് സുവര്‍ണാവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഒന്ന് പോലും ഉപയോഗപ്പെടുത്താന്‍ അനുഭവ സമ്പന്നനായ മുന്‍നിരക്കാരനായില്ല. ആന്റണി മാര്‍ഷ്യലും രണ്ടവസരങ്ങള്‍ പാഴാക്കി.