ദുബൈയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വൈദഗ്ധ്യ-പരിശീലന കേന്ദ്രം മന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ ബ്‌ളൂ കോളര്‍ തൊഴിലാളികള്‍ക്കുള്ള വൈദഗ്ധ്യ-പരിശീലന കേന്ദ്രം ജബല്‍ അലി ഡെല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

അറബി-ഇംഗ്‌ളീഷ് ഭാഷാ പരിജ്ഞാന, കമ്പ്യൂട്ടര്‍ വൈദഗ്ധ്യ ക്‌ളാസുകള്‍ക്കും തുടക്കമായി

ജലീല്‍ പട്ടാമ്പി
ദുബൈ: സാധാരണക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വൈദഗ്ധ്യ-പരിശീലന കേന്ദ്രം
ഇന്നലെ ജബല്‍ അലി ഡെല്‍ഹി പ്രൈവറ്റ് സ്‌കൂളി(ഡിപിഎസ്)ല്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. വിദേശ കാര്യ മന്ത്രാലയ ജോ.സെക്രട്ടറി വിപുല്‍, യുഎഇയിലെ ഡിപിഎസ് സൊസൈറ്റി ചെയര്‍മാന്‍ ദിനേശ് കോത്താരി, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി എന്നിവര്‍ സന്നിഹിതരായിരുന്നു. ഡിപിഎസ് സമുച്ചയത്തിലെ അറബി-ഇംഗ്‌ളീഷ് ഭാഷാ പരിജ്ഞാന, കമ്പ്യൂട്ടര്‍ വൈദഗ്ധ്യ ക്‌ളാസുകള്‍ ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുമായി സംവദിച്ച മന്ത്രി മുരളീധരന്‍, വൈദഗ്ധ്യം, വിശേഷിച്ചും സ്ത്രീ തൊഴിലാളികളുടെ കഴിവുകള്‍ പോഷിപ്പിക്കാനും അതു വഴി ഉദ്യോഗത്തില്‍ ഉയര്‍ച്ച ലഭിക്കാനും ഈ കേന്ദ്രം വഴിയൊരുക്കുമെന്നതില്‍ സന്തോഷം രേഖപ്പെടുത്തി. മുഴുവന്‍ പങ്കാളികളെയും ഒരുമിച്ചു നിര്‍ത്തി അവര്‍ക്ക് ഇത്തരമൊരു അവസരമൊരുക്കിയ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ദിനേശ് കോത്താരി സ്വാഗത ഭാഷണത്തില്‍ പ്രശംസിച്ചു. ബ്‌ളൂ കോളര്‍ തൊഴിലാളികള്‍ക്കും ക്ഷേമം സമ്മാനിച്ച് അവരിലെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ഈ കേന്ദ്രം പര്യാപ്തമാകുമെന്നും സ്‌കൂളുകളും സര്‍വകലാശാലകളും അടങ്ങിയ അക്കാദമിക് മേഖലയെ വ്യാവസായിക സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി കഴിവുകള്‍ വര്‍ധിപ്പിക്കാനുള്ള കോഴ്‌സുകള്‍ ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാശയത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ഡിപിഎസ് ടീമിനെ അദ്ദേഹം അഭിനന്ദിച്ചു. വിശേഷിച്ചും, മന്ത്രി ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത് ഒരു ആദരവായി കാണുകയാണെന്നും കോത്താരി വ്യക്തമാക്കി. ഡിപിഎസ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ചടങ്ങില്‍ തൊഴിലാളികളെ മന്ത്രി അനുമോദിച്ചു. തങ്ങള്‍ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ വിഹിതത്തില്‍ നിന്നും ഇന്ത്യയുടെ സാമ്പത്തിക മേഖലക്ക് ശക്തമായ പിന്‍ബലമായി വര്‍ത്തിക്കുന്ന തൊഴിലാളി സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹത്തായ മൂല്യത്തോടെയാണ് കാണുന്നതെന്ന് തൊഴിലാളികളോട് മന്ത്രി പറഞ്ഞു. അവരുടെ കഠിനാധ്വാനത്തില്‍ യുഎഇ എന്ന നാടും ഉയര്‍ന്നു വന്നതില്‍ ഇവിടത്തെ ഭരണകൂടത്തിന് അകൈതവമായ നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് 19ന്റെ കഠിനതരമായ വേളയില്‍ തൊഴിലാളികള്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്ന് പറഞ്ഞ മന്ത്രി, വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങി വരുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ പ്രോഗ്രാമുകള്‍ ആവിഷ്‌കരിക്കാന്‍ ഓരോ സംസ്ഥാനങ്ങളോടും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
സ്വദേശ് (വര്‍കേഴ്‌സ് അറൈവല്‍ ഡാറ്റാബേസ് ഫോര്‍ എംപ്‌ളോയ്‌മെന്റ് സപ്പോര്‍ട്ട്) തിരിച്ചെത്തിയ തൊഴിലാളികള്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്ന (റീഎംപ്‌ളോയ്‌മെന്റ്) പദ്ധതിയാണ്.

വൈദഗ്ധ്യ-പരിശീലന കേന്ദ്രം മന്ത്രി സന്ദര്‍ശിച്ചപ്പോള്‍