ഉസ്താദ് ഗുലാം മുസ്തഫാ ഖാന്‍ ഓര്‍മ്മയായി

വിടവാങ്ങിയത് ക്ലാസിക്കല്‍ സംഗീത ലോകത്തെ കുലപതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീത ലോകത്തെ വിസ്മയം ഉസ്താദ് ഗുലാം മുസ്തഫാ ഖാന്‍ ഓര്‍മ്മയായി. 89 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് മുംബൈ ബാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. പത്മവിഭൂഷണ്‍ ഉള്‍പ്പെടെ നല്‍കി രാജ്യം ആദരിച്ചിരുന്നു.
പക്ഷാഘാതം അനുഭവപ്പെട്ടതിനെതുടര്‍ന്ന് 2019 മുതല്‍ ശരീരത്തിന്റെ ഒരു ഭാഗത്തിന് സ്വാധീനക്കുറവുണ്ടായിരുന്നെങ്കിലും ഇന്നലെ കാലത്ത് വരെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് മരുമകള്‍ നമ്രതാ ഗുപ്താ ഖാന്‍ പറഞ്ഞു. ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദ്ദി അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഡോക്ടറെ വിളിച്ചു വരുത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും നമ്രതാ ഗുപ്ത പറഞ്ഞു. വൈകുന്നേരത്തോടെ സാന്താക്രൂസ് ഖബറിസ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടന്നു.
1931 മാര്‍ച്ച് മൂന്നിന് ഉത്തര്‍പ്രദേശിലെ ബദ്വാനിലായിരുന്നു ജനനം. നാലു സഹോദരങ്ങളും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിലെ മുതിര്‍ന്ന അംഗം. വിഖ്യാത സംഗീതജ്ഞന്‍ ഉസ്താദ് മുറേദ് ബക്ഷിന്റെ മകന്‍ ഉസ്താവ് വാരീസ് ഹുസൈന്‍ ഖാന്‍ ആയിരുന്നു പിതാവ്. ഉസ്താദ് ഇനായത് ഹുസൈന്‍ ഖാന്റെ മകള്‍ സാബ്രി ബീഗമായിരുന്നു മാതാവ്. പിതാവില്‍നിന്ന് സംഗീതത്തിന്റെ ബാലപാഠമഭ്യസിച്ച മുസ്തഫാ ഖാന്‍ അമ്മാവന്‍ ഉസ്താദ് നിസാര്‍ ഹുസൈന്‍ ഖാന്റെ കീഴിലാണ് പിന്നീട് സംഗീതമഭ്യസിച്ചത്. മറാഠി സംഗീതത്തിലൂടെ അരങ്ങേറ്റം കുറിച്ച മുസ്തഫാ ഖാന്‍ വൈകാതെ തന്നെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. വിക്ടോറിയ ഗാര്‍ഡനില്‍ പതിവായി നടക്കാറുള്ള ജന്മാഷ്ടമി സംഗീത വിരുന്നില്‍ എട്ടാം വയസ്സു മുതല്‍ മുസ്തഫാ ഖാന്‍ സ്ഥിരസാന്നിധ്യമായിരുന്നു. ആള്‍ ഇന്ത്യാ റേഡിയോയിലും ദൂരദര്‍ശനിലും ഒട്ടേറെ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. പാരമ്പര്യമായിക്കിട്ടിയ സിദ്ധികള്‍ പാട്ടിന്റെ ലോകത്ത് ഉയരങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിന് തുണയായി. 50കള്‍ക്കു ശേഷം ഒട്ടേറെ പേര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. ആശാ ബോസ്്‌ലെ, മന്നാ ഡേ, കമല്‍ ബാരോട്ട്, വഹീദ് റഹ്്മാന്‍, റാനു മുഖര്‍ജി, ഗീതാ ദത്ത്, എ.ആര്‍ റഹ്്മാന്‍, ഹരിഹരന്‍, സോനു നിഗം, സനാ മൊയ്തുട്ടി, സാഗരിക, ശില്‍പാ റാവു തുടങ്ങിയ വന്‍ ശിഷ്യ സമ്പത്തു തന്നെ ഉസ്താത് ഗുലാം മുസ്തഫാ ഖാനുണ്ട്.
1991ല്‍ പത്മശ്രീയും 2006ല്‍ പത്മഭൂഷണും 2018ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു. 2003ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.