യുഎഇയില്‍ 10 ലക്ഷത്തിലധികം ആളുകള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

    ദുബൈ: യുഎഇയില്‍ കോവിഡ് വാക്‌സിന്‍ വിതരണം സജീവമായി. ഇതിനകം 10,86,568 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ ആളുകളിലേക്ക് വാക്‌സിന്‍ എത്തിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നുണ്ട്. യുഎഇ ജനസംഖ്യയുടെ പകുതിയിലധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി ആരോഗ്യമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനകം 66,219 ഡോസുകള്‍ നല്‍കി. ഇതിനകം വാക്‌സിനേഷന്റെ രണ്ട് ഡോസുകള്‍ പൂര്‍ത്തിയാക്കിയ ആളുകളുടെ എണ്ണമാണ് ഒരു ദശലക്ഷത്തിലധികം എത്തിയിരിക്കുന്നത്. മുന്‍നിരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ പരിപാടി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഇപ്പോള്‍ പൊതുസമൂഹത്തില്‍പ്പെട്ട ആര്‍ക്കും വാക്‌സിന്‍ എടുക്കാനുള്ള സൗകര്യമുണ്ട്. യുഎഇയില്‍ നിലവില്‍ രണ്ട് തരത്തിലുള്ള വാക്‌സിനുകള്‍ ലഭ്യമാണ്. സിനോഫാം, ഫൈസര്‍ വാക്‌സിനുകളാണ് യുഎഇ അംഗീകാരം നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ എടുക്കുമ്പോള്‍ രണ്ട് ഡോകുളും ഒരേ വാക്‌സിന്‍ സ്വീകരിക്കണമെന്ന് യുഎഇയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ എടുക്കല്‍ നിര്‍ബന്ധമല്ലെന്നും സൗജന്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.