വോട്ട് കിട്ടാന്‍ സി.പി.എം ഇസ്‌ലാമോഫോബിയ പരത്തുന്നു: സി.പി. ജോണ്‍

3

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ നാല് വോട്ട് കിട്ടാന്‍ ഹിന്ദു- മുസ്‌ലിം വൈരാഗ്യമുണ്ടാക്കുന്നതിനു പുറമേ മുസ്‌ലിം ക്രിസ്ത്യന്‍ വിരോധം സൃഷ്ടിക്കാന്‍ സി പി എം നേതൃത്വം ശ്രമം നടത്തുകയാണെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ആരോപിച്ചു. കണ്ണൂര്‍ ഗുരുമന്ദിരത്തില്‍ സി.എം.പി. നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തര്‍ദ്ദേശീയ ഇസ്‌ലാമോഫോബിയയുടെ കേരളത്തിലെ വ്യാപാരിയായി സി.പി.എം നേതാവ് വിജയ രാഘവന്‍ മാറി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ മുസ്‌ലിം- ക്രിസ്ത്യന്‍ വൈരാഗ്യം കുത്തിവച്ച് നേട്ടമുണ്ടാക്കാന്‍ സി.പി.എം ആസൂത്രിത നീക്കമാണ് നടത്തിയത്.
കേരളത്തിലെ സിപിഎം നേതാക്കള്‍ക്ക് ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാം, എന്നാല്‍ മുസ്‌ലിംലീഗ് നേതാക്കള്‍ ഇങ്ങോട്ട് വന്നാല്‍ എന്തോ വലിയ കുഴപ്പം സംഭവിക്കാന്‍ പോകുന്നു എന്ന മട്ടില്‍ പറഞ്ഞ് പരത്തുന്നത് ഈ ചേരിതിരിവ് സൃഷ്ടിക്കാനാണ്. സി.എച്ച് മുഹമ്മദ് കോയ കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്നു എന്ന കാര്യം ഇത്തരക്കാര്‍ ഓര്‍ക്കണം. യു.ഡി.എഫിനെ തോല്‍പ്പിക്കുവാന്‍ ഹിന്ദു- മുസ്‌ലിം വൈരാഗ്യത്തിന് പുറമേ മുസ്‌ലിം ക്രിസ്ത്യന്‍ വൈരാഗ്യവും പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മിന്റെ സമീപനം കേരളത്തില്‍ വിലപ്പോവില്ലെന്നും സി.പി. ജോണ്‍ പറഞ്ഞു.