വാട്‌സ്ആപ്പ് ചാറ്റിങ് വിവാദം കത്തുന്നു

8

അര്‍ണബിനെതിരെ ജെ.പി.സി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ. പി അനുകൂല മാധ്യമമായ റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയും റേറ്റിങ് ഏജന്‍സിയായ ബാര്‍കിന്റെ മുന്‍ സി.ഇ.ഒ പാര്‍ഥോദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ മാധ്യമ, രാഷ്ട്രീയ തലങ്ങളില്‍ വിവാദമാകുന്നു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യം പോലും റേറ്റിങിന് വേണ്ടി ഉപയോഗപ്പെടുത്തുകയും വാട്‌സ്ആപ്പ് വഴി ചര്‍ച്ച ചെയ്യുകയും ചെയ്ത ആര്‍ണബിനെതിരെ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബാലാകോട്ട് ഇന്ത്യന്‍ സൈന്യം രഹസ്യമായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രെക്ക് മുന്‍കൂട്ടി അറിയാമായിരുന്നെന്നും മോദി സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇത് നടത്തിയതെന്നുമുള്ള ഗോസ്വാമിയുടെ പരാമര്‍ശം ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ഒരു വിഭാഗം മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇത്തരമൊരു ആക്രമണം നടത്തി എന്ന് വെളിപ്പെടുത്തുമ്പോള്‍ ഇത് രാജ്യസുരക്ഷയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചുവെന്നാണ് ചൂണ്ടിക്കാട്ടുന്നതെന്നും ഇതേ കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. ആര്‍ണബിന്റെ നടപടി മൂന്ന് അപലപനീയമായ കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ശശി തരൂര്‍ എം.പിയും പറഞ്ഞു. പുറത്തു വന്ന വാട്ട്സ് ആപ്പ് ചാറ്റുകള്‍ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) ‘രാജ്യസ്നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ‘നമ്മള്‍ വിജയിച്ചു’ എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) വഞ്ചനാപരമായ കൃത്രിമത്വം.ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ എന്നും ശശി തരൂര്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു. വെള്ളിയാഴ്ചയാണ് അര്‍ണബിന്റെയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസിന്റെയും വാട്സ് ആപ്പ് ചാറ്റ് പുറത്തായത്.
പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നു. അതിന് അര്‍ണബിന് ബാര്‍ക്ക് സി.ഇ.ഒ. ആശംസ അറിയിക്കുന്നുമുണ്ട്. മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ഡല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും ചാറ്റില്‍ വിശദീകരിക്കുന്നു.
ബി.ജെ.പി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റിലുണ്ട്. പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബ് പറയുന്നത്. 2019 ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്. രാജ്യത്തെ നടുക്കിയ, നിരവധി പട്ടാളക്കാരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് ചാറ്റ് വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്യുമോ:
വെല്ലുവിളിച്ച് ശിവസേന
മുംബൈ: വിവാദമായ വാട്സ്ആപ്പ് ചാറ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ റിപ്പബ്ലിക്ക് ടി.വി. എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടി ആവശ്യപ്പെട്ട് ശിവസേന. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാവിവരങ്ങളുടെ ചോര്‍ച്ചയാണ് വാട്സ്ആപ്പ് ചാറ്റുകളിലൂടെ വ്യക്തമാകുന്നതെന്നും അര്‍ണബിനെതിരേ നടപടി വേണമെന്നുമാണ് ശിവസേനയുടെ ആവശ്യം.
ഇത് രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ്‌ക്ക് നേരേയുള്ള ഭീഷണിയാണെന്നും വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും എന്ത് നടപടി സ്വീകരിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. ചില സമയങ്ങളില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും സൈനികരഹസ്യങ്ങള്‍ അറിയാറില്ല. ഒരു ജവാന്‍ എന്തെങ്കിലും സൈനികരഹസ്യങ്ങളോ രേഖകളോ കൈവശപ്പെടുത്തിയാല്‍ അദ്ദേഹത്തെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയനാക്കും. ബാലക്കോട്ട് വ്യോമാക്രമണം നടക്കുമെന്ന് അര്‍ണബ് അറിഞ്ഞിരുന്നതായാണ് വാട്സാപ്പ് ചാറ്റുകള്‍ സൂചിപ്പിക്കുന്നത്. അതിനര്‍ഥം ദേശീയസുരക്ഷയില്‍ വീഴ്ചയുണ്ടായെന്നാണ്. ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ഇതിനെതിരേ എന്ത് നടപടി സ്വീകരിക്കും? അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കുമോ?’- സഞ്ജയ് റാവത്ത് ചോദിച്ചു.
അര്‍ണബ് വിഷയത്തി ല്‍ ബി.ജെ.പിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും ശിവസേന രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. മുഖപത്രമായ സാമ്നയിലൂടെയായിരുന്നു ശിവസേനയുടെ വിമര്‍ശനം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പങ്കുവെയ്ക്കുന്നത് ദേശവിരുദ്ധമല്ലെന്നാണ് ബി.ജെ.പിക്കാര്‍ കരുതുന്നതെങ്കില്‍ ദേശീയതയെക്കുറിച്ചുള്ള അവരുടെ നിര്‍വചനം പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു സാമ്നയിലെ മുഖപ്രസംഗം.
ടി.ആര്‍.പി. തട്ടിപ്പില്‍ വിശദമായ അന്വേഷണം നടത്തിയ മുംബൈ പോലീസിനെ മുഖപ്രസംഗത്തില്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.