വേണ്ടെങ്കില്‍ വാട്‌സ് ആപ്പ് ഉപേക്ഷിച്ചേക്കൂ…

സ്വകാര്യതാനയം ചോദ്യം ചെയ്ത ഹര്‍ജിക്കാരനോട് ഹൈക്കോടതി

ന്യൂഡല്‍ഹി: സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ വാട്‌സ് ആപ്പ് ഉപേക്ഷിച്ച് മറ്റൊരു ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ഡല്‍ഹി ഹൈക്കോടതി. വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യത നയത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ ഇക്കാര്യം പറഞ്ഞത്.
‘വാട്‌സ് ആപ്പ് ഉപേക്ഷിക്കുക. മറ്റേതെങ്കിലും ആപ്ലിക്കേഷനിലേക്ക് മാറുക. ഇതൊരു സ്വമേധയാ എടുക്കാവുന്ന തീരുമാനമാണ്. പോളിസി അംഗീകരിക്കാതിരിക്കാം- ജസ്റ്റിസ് സച്ച്‌ദേവ പറഞ്ഞു. കേസില്‍ വാദം ജനുവരി 25 ലേക്ക് മാറ്റി. ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളോ സെന്‍സിറ്റീവ് ലൊക്കേഷന്‍ ഡാറ്റയോ വാട്‌സ് ആപ്പ് ഫെയ്‌സ്ബുക്കുമായി പങ്കിടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. ‘വാട്‌സ് ആപ്പ് മാത്രമല്ല, എല്ലാ ആപ്ലിക്കേഷനുകളും ഇത് ചെയ്യുന്നു. നിങ്ങള്‍ ഗൂഗിള്‍ മാപ് ഉപയോഗിക്കുന്നുണ്ടോ?. ഇത് നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുമെന്ന് നിങ്ങള്‍ക്കറിയാമോ?- ജഡ്ജി ഹര്‍ജിക്കാരനോട് ചോദിച്ചു.
വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യതാനയം നടപ്പാക്കുന്നതിനെതിരെ നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ‘ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന് വിരുദ്ധമാണിതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. പുതിയ സ്വകാര്യതാനയത്തിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മേയ് 15 വരെ നയം നടപ്പാക്കില്ലെന്ന് വാട്‌സ് ആപ്പ് അറിയിച്ചിട്ടുണ്ട്.
സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ലെന്നും കമ്പനി വ്യക്തമാക്കി. ആശയക്കുഴപ്പം മാറ്റിയ ശേഷം പുതിയ സ്വകാര്യതാനയം നടപ്പിലാക്കിയാല്‍ മതിയെന്നാണ് കമ്പനിയുടെ നിലപാട്. ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതുമാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്നും വാട്‌സ്ആപ്പ് പ്രസ്താവനയില്‍ പറയുന്നു. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്‌സാപ് കമ്പനിക്കോ, ഫെയ്‌സ്ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.