വാട്‌സാപ്പിന്റെ സ്വകാര്യത നയത്തിലെ മാറ്റം പാര്‍ലമെന്ററി സമിതി പരിശോധിക്കും

ന്യൂഡല്‍ഹി: വാട്‌സാപ്പിന്റെ സ്വകാര്യതനയത്തിലെ മാറ്റം പാര്‍ലമെന്ററി സമിതി പരിശോധിക്കും. വ്യക്തികളുടെ സമൂഹമാധ്യമ അക്കൗണ്ട് കമ്പനികള്‍ മരവിപ്പിക്കുന്നതിലെ സാധുതയും ഐ.ടി സ്റ്റാന്‍ഡിങ് കമ്മറ്റി പരിശോധിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ട്വിറ്റര്‍, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് ഉേദ്യാഗസ്ഥരെ സമിതി വിളിച്ചുവരുത്തും. ഉപഭോക്താക്കളുടെ നമ്പറും വിവരങ്ങളും മാതൃകമ്പനിയായ ഫെയ്‌സ്ബുക്കിന് കൈമാറും എന്നതടക്കം വാട്‌സാപ്പിന്റെ സ്വകാര്യതനയത്തെച്ചൊല്ലി ആശങ്കകള്‍ ശക്തമായ സാഹചര്യത്തിലാണ് സമിതിയുടെ സുപ്രധാന നീക്കം. സ്വകാര്യത നയത്തിലെ മാറ്റത്തെക്കുറിച്ചും വിവര സുരക്ഷിതത്വത്തെക്കുറിച്ചും വിശദീകരണം നല്‍കാന്‍ വാട്‌സാപ്പിനോട് ശശി തരൂര്‍ അധ്യക്ഷനായ സമിതി ആവശ്യപ്പെടും.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര വിഷയം സമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ചാറ്റുകള്‍ എന്റ് ടു എന്റ് എന്‍ക്രിപ്റ്റഡ് അഥവാ മൂന്നാമതൊരാള്‍ക്ക് അത് കാണാന്‍ സാധിക്കാത്തവയാണെന്ന് വാട്‌സാപ്പ് അവകാശപ്പെടുന്നത് എത്രത്തോളം ശരിയാണെന്ന് മഹുവ മൊയ്ത്ര ചോദിക്കുന്നു.
വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്നും ബിസിനസ് സന്ദേശങ്ങള്‍ക്ക് മാത്രമാണ് സ്വകാര്യതനയം ബാധകമെന്ന് കഴിഞ്ഞ ദിവസം വാട്‌സാപ്പ് വ്യക്തതവരുത്തിയിരുന്നു. മാധ്യമങ്ങളില്‍ പരസ്യവും നല്‍കി. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതില്‍ ഏറെ ചോദ്യങ്ങള്‍ പാര്‍ലമെന്ററി സമിതി അംഗങ്ങള്‍ മുന്നോട്ടുവെക്കുന്നു.
വ്യക്തിയുടെ അക്കൗണ്ടിന്മേലും സന്ദേശത്തിന്മേലും സമൂഹമാധ്യമ കമ്പനികള്‍ക്ക് പൂര്‍ണ അധികാരമുണ്ടോയെന്നതാണ് ഇതില്‍ പ്രധാനം. ആവിഷ്‌ക്കാരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഇന്ത്യയില്‍ കമ്പനികള്‍ക്ക് പൂര്‍ണ അധികാരമുണ്ടാകുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ കൃത്യമായ മാനദണ്ഡവും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരവും വേണമെന്നാണ് നിര്‍ദേശം.