എം.എ യൂസുഫലിയെ ഐസിഎം ഗവേണിംഗ് കൗണ്‍സില്‍ അംഗമായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു

84
ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി

ദുബൈ/ന്യൂഡെല്‍ഹി: പ്രവാസി കുടിയേറ്റവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ ഉപദേശിക്കുന്ന ഇന്ത്യാ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ (ഐസിഎം) ഗവേണിംഗ് കൗണ്‍സില്‍ വിദഗ്ധ സമിതിയംഗമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസുഫലിയെ നിയമിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്നും യൂസുഫലിക്ക് ലഭിച്ചു.
വിദേശത്ത് തൊഴിലന്വേഷകരായി പോകുന്ന പ്രവാസികളെ സംബന്ധിച്ച നയപരമായ കാര്യങ്ങളില്‍ വിദേശ കാര്യ മന്ത്രാലയത്തെ സഹായിക്കുന്ന സമിതിയാണ് ഐസിഎം. തൊഴില്‍ മേഖലയിലെ രാജ്യത്തെ മാനവ വിഭവ ശേഷി അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജമാക്കുക, വിദേശ രാജ്യങ്ങളിലെ തൊഴില്‍ പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, തികഞ്ഞ യോഗ്യരും നൈപുണ്യ പരിശീലനം ലഭിച്ചവരുമായ തൊഴില്‍ സമൂഹം ഏറെയുള്ള രാജ്യമായി ഇന്ത്യയെ ഉയര്‍ത്തിക്കാട്ടുക, വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴില്‍ സമൂഹത്തിനാവശ്യമായ ക്ഷേമ പദ്ധതികള്‍ തയാറാക്കുക തുടങ്ങിയവയാണ് ഐസിഎമ്മിന്റെ ചുമതലകള്‍.
കേന്ദ്ര വിദേശ കാര്യ മന്ത്രാലയം സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ സാമ്പത്തിക കാര്യ, ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ അംഗങ്ങളാണ്.
”എന്നെ ഇത്രയും തന്ത്രപ്രധാനമായ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാറിന് ഞാന്‍ ആത്മാര്‍ത്ഥമായ അഭിനന്ദനം അറിയിക്കുന്നു. കഴിഞ്ഞ അഞ്ചു ദശാബ്ദക്കാലമായി മധ്യപൂര്‍വദേശത്ത് പ്രവാസി വ്യവസായിയായും 30,000ത്തിലധികം വരുന്ന ഇന്ത്യക്കാരുടെ തൊഴിലുടമയായും പരിചയ സമ്പത്തുള്ള എനിക്ക് പ്രവാസി സമൂഹത്തിനായി ആ അനുഭവ സമ്പത്ത് വിനിയോഗിക്കാനാകുമെന്ന ഉറച്ച വിശ്വാസമുണ്ട്. ഇന്നത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് പരിത:സ്ഥിതിയില്‍ ആഗോള തലത്തില്‍ പ്രൊഫഷണലായി സജ്ജമാവാന്‍ പുതുതലമുറയെ സജ്ജമാക്കുന്നതിന് എന്റെ ശ്രമങ്ങള്‍ മാറും” -എം.എ യൂസുഫലി വ്യക്തമാക്കി.