സഊദി വനിതകള്‍ മാത്രം ജീവനക്കാരായ ആദ്യ ലുലു ജിദ്ദയില്‍ പ്രവര്‍ത്തനമാരംഭിച്ചു

6

ജിദ്ദ: ലുലു ഗ്രൂപ്പിന്റെ 201-ാമത് സ്റ്റോര്‍ സഊദി അറേബ്യയിലെ ജിദ്ദയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിഷന്‍ 2030 നടപ്പാക്കുന്നതിന്റെ ഭാഗമായി സഊദി വനിതകള്‍ മാത്രം ജീവനക്കാരായുള്ള ലുലു ഗ്രൂപ്പിന്റെ ആദ്യ സംരംഭം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ജിദ്ദ അല്‍ജാമിഅ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിക്ക് സമീപം 37,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ളതാണ് സഊദിയിലെ ഇരുപതാമത്തേത് കൂടിയായ പുതിയ ലുലു എക്‌സ്പ്രസ്സ് സ്റ്റോര്‍. മഹാ മുഹമ്മദ് അല്‍ഖര്‍നി ജനറല്‍ മാനേജരായ പുതിയ ലുലു സ്റ്റോറില്‍ നൂറിലധികം വനിതകളാണ് ജീവനക്കാരായുള്ളത്.
സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന സഊദി ഭരണകൂടത്തിന്റെ ദീര്‍ഘ വീക്ഷണ നയങ്ങളോടുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണിതെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനുതകുന്ന ഈ തീരുമാനം കൂടുതല്‍ സ്വദേശി സ്ത്രീകള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
സഊദി അറേബ്യയിലെ പ്രഥമ സ്ത്രീ കേന്ദ്രീകൃത ലുലു മാര്‍ക്കറ്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മഹാ മുഹമ്മദ് അല്‍ ഖര്‍നി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയില്‍ സജീവ പങ്ക് വഹിക്കുകയും അതിലൂടെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ലക്ഷ്യമിടുകയും ചെയ്യുന്ന സഊദി വനിതകളുടെ വര്‍ധിച്ചു വരുന്ന സമൂഹത്തെ പ്രതിനിധീകരിക്കാനായത് വലിയ അംഗീകാരമായാണ് കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
800ലധികം വനിതകള്‍ ഉള്‍പ്പെടെ 3,000ത്തിലധികം സ്വദേശികളാണ് ഇപ്പോള്‍ സഊദി ലുലുവിന്റെ ഭാഗമായുള്ളതെന്ന് ലുലു സഊദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു. സഊദി വനിതകളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാന്‍ കൂടുതല്‍ സ്വദേശി വനിതകള്‍ക്ക് അവസരങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും ഷെഹിം വ്യക്തമാക്കി.