200th ലുലു; ബുര്‍ജ് ഖലീഫയില്‍ പ്രകാശാഘോഷം

44

ദുബൈ: ഇരുനൂറാമത് ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചതുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ വെളിച്ചത്തിന്റെ ആഘോഷമൊരുക്കി. ഫെബ്രുവരി 20ന് ശനിയാഴ്ച രാത്രി 8 മണിക്കും 9.30നുമിടക്കാണ് ലുലു ലോഗോയും ആശംസാ സന്ദേശങ്ങളും തെളിഞ്ഞു കൊണ്ടുള്ള ആഘോഷം നടന്നത്.
ലോകമാകെയുള്ള ലക്ഷക്കണക്കിന് പേര്‍ ലുലുവിന്റെ ആഘോഷങ്ങള്‍ക്ക് സാക്ഷിയാവുകയും അഭിനന്ദന സന്ദേശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.

ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി

ബുര്‍ജ് ഖലീഫയില്‍ നിറങ്ങളില്‍ നീരാടി ലുലു നിറഞ്ഞപ്പോള്‍ ലോകമാകെ വീക്ഷിച്ചത് ദശലക്ഷക്കണക്കിന് പേരായിരുന്നു. ലുലു ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ പങ്ക് വഹിച്ച യുഎഇ ഭരണാധികാരികള്‍ക്കും പങ്കാളികള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുവെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു.


’90കളില്‍ യുഎഇയില്‍ ആദ്യ സ്റ്റോര്‍ ആരംഭിച്ച ലുലു ഇപ്പോള്‍ തുറന്നത് ഇരുനൂറാമത്തെ ഹൈപര്‍ മാര്‍ക്കറ്റ് ആണ്. ജിസിസി, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയുള്‍പ്പെടെ 10 രാജ്യങ്ങളിലായി റീടെയില്‍ രംഗത്ത് ലുലു വേര് പടര്‍ത്തിയിരിക്കുന്നു. ലോകമെങ്ങും വേരു പടര്‍ത്തി വ്യാപിച്ചു കിടക്കുന്ന യുഎഇ ആസ്ഥാനമായുള്ള ലുലു ആഗോളതലത്തില്‍ മുന്നേറുന്നതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണിത്. റീടെയില്‍ ബിസിനസിനു പുറമെ യുഎസ്, യുകെ, സ്‌പെയിന്‍, ആഫ്രിക്ക, ഇന്ത്യ, ഫാര്‍ ഈസ്റ്റ്, ചൈന എന്നിവിടങ്ങളിലായി ഭക്ഷ്യ ഉല്‍പാദന രംഗത്ത് 57,000ത്തിലധികം ജീവനക്കാര്‍ ലുലുവിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്.
വെല്ലുവിളി നിറഞ്ഞ ഈ സമയത്തും ചെയര്‍മാന്‍ യൂസഫലി എം.എയുടെ നേതൃത്വത്തില്‍ വിപുലീകരണത്തിന്റെ കാര്യത്തില്‍ വളരെ ഭാവനാത്മകമായ രീതിയിലാണ് ലുലു പ്രവര്‍ത്തിക്കുന്നത്.
”കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 15ലധികം സ്റ്റോറുകളാണ് ലുലു ആരംഭിച്ചത്. റീടെയില്‍ രംഗത്ത് ലോകമെമ്പാടും വേര് പടര്‍ത്താനും അഭിവൃദ്ധി പ്രാപിക്കാനും വ്യാപിക്കാനും ഞങ്ങളെ അനുവദിച്ചതിന് ഈ മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളോടും ഈ നാഴികക്കല്ലിലെത്താന്‍ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ ഓരോ പങ്കാളികള്‍ക്കും ആത്മാര്‍ത്ഥമായ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തുന്നു”വെന്ന് യൂസഫലി വ്യക്തമാക്കി.
”ബുര്‍ജ് ഖലീഫയില്‍ ലുലു ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അഭിമാന നിമിഷമാണ്. ഞങ്ങളുടെ സുസ്ഥിര വളര്‍ച്ചക്കും വികസനത്തിന്റെ പാതയില്‍ പുതിയ ഉയരങ്ങള്‍ തേടാനും ലോകോത്തര ഷോപ്പിംഗ് അനുഭവവമായി മാറി പുതിയ വിപണികളിലേക്കും ധാരാളം ആളുകളിലേക്ക് എത്താനും ഞങ്ങളെ പ്രാപ്തമാക്കുന്നു” -ലുലു ഗ്രൂപ് മാര്‍ക്കറ്റിംഗ് & കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ പറഞ്ഞു,