സേവന കാര്യക്ഷമത: ആമര്‍ കേന്ദ്രങ്ങളില്‍ 797 പരിശോധനകള്‍ നടത്തി

13
മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി

ദുബൈ: ഉപയോക്താകള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആമര്‍ കേന്ദ്രങ്ങളില്‍ ജിഡിആര്‍എഫ്എദുബൈ 797 പരിശോധനകള്‍ നടത്തിയെന്ന് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അറിയിച്ചു. 65 ആമര്‍ സെന്ററുകളില്‍ വിവിധ സമയങ്ങളിലായാണ് അധികൃതര്‍ പരിശോധനകള്‍ നടത്തിയത്. സേവന സൗകര്യങ്ങളുടെ ഗുണമേന്മയും കോവിഡ് 19 സാഹചര്യത്തില്‍ സ്വീകരിച്ച ആരോഗ്യ, സുരക്ഷാ പ്രതിരോധ നടപടികളും ഇതിനൊപ്പം തന്നെ പരിശോധനക്ക് വിധേയമാക്കി. വിസാ സേവന സംവിധാനങ്ങളുടെ ഗുണമേന്മ തിരിച്ചറിയാനും പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍ കരുതല്‍ നടപടികളെ കുറിച്ച് അവബോധം പകരാനും ഉപയോക്താകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കാനുമായാണ് പരിശോധനകള്‍ നടത്തിയതെന്ന് മേജര്‍ ജനറല്‍ അല്‍മര്‍റി വ്യക്തമാക്കി. മേലന്വേഷണങ്ങളില്‍ കണ്ടത്തിയ പിഴവുകള്‍ തിരുത്താനും സേവന സൗകര്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനും അത് ഉറപ്പു വരുത്താനും ജിഡിആര്‍എഫ്എഡി നിര്‍ദേശം നല്‍കുകയും ചെയ്തു.

മേജര്‍ സാലിം ബിന്‍ അലി

ദുബൈയിലെ വിസാ സേവന അപേക്ഷകളുടെ ഇടപാടുകളുടെ കാര്യക്ഷമത കൂടുതല്‍ വര്‍ധിിക്കാനും ഏറ്റവും വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായുള്ള സ്റ്റാന്റേര്‍ഡ് സേവന കേന്ദ്രങ്ങളാണ് ആമര്‍ സെന്ററുകളെന്ന് ജിഡിആര്‍എഫ്എഡിയിലെ ആമര്‍ സേവന വിഭാഗം ഡയറക്ടര്‍ മേജര്‍ സാലിം ബിന്‍ അലി പറഞ്ഞു. സേവന നടപടിക്രമങ്ങളില്‍ മികച്ച പരിശീലനം ലഭിച്ചവരുടെയും യോഗ്യതയുള്ളവരുടെയും സേവനങ്ങള്‍ ജിഡിആര്എഫ്എഡിയുടെ സേവന-വിതരണ സംവിധാനം കൂടുതല്‍ ഏകോപിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ സെന്ററുകളിലെ സേവനങ്ങളില്‍ സ്വീകരിക്കേണ്ട സുരക്ഷാ-മുന്‍കരുതല്‍ നടപടികമായി ബന്ധപ്പെട്ട് 422 ബോധവത്കരണ പ്രൊഫൈലുകളും ജിഡിആര്‍എഫ്എഡി ഇതിനകം പുറത്തിറക്കിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
അതിനിടെ, പൊതുജനങ്ങളുടെ വിസാ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും ടോള്‍ ഫ്രീ നമ്പറായ 800 5111ല്‍ വിളിക്കണമെന്ന് മേജര്‍ ജനറല്‍ അല്‍ മര്‍റി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് അടക്കമുള്ള വിദേശ രാജ്യങ്ങളിലെ അന്വേഷകര്‍ +971 4 3139999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. ആമര്‍@ഡിഎന്‍ആര്‍ഡി.എഇ എന്ന ഇമെയില്‍ വഴി ബന്ധപ്പെട്ടാലും വിവരങ്ങള്‍ അറിയാന്‍ കഴിയും.

ബ്രോഷര്‍