അക്കാഫ് ഡിഎച്ച്എയുമായി ചേര്‍ന്ന് കോവിഡ് വാക്‌സിന്‍ വിതരണ മേഖലയിലേക്ക്

ദുബൈ: യുഎഇയില്‍ വസിക്കുന്ന കേരളത്തിലെ കലാലയങ്ങളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളുടെ മാതൃസംഘടനയായ ഓള്‍ കേരള കോളജസ് അലൂംനി ഫോറം (അക്കാഫ്) ആഭിമുഖ്യത്തില്‍ കോവിഡ് 19 വാക്‌സിന്‍ വിതരണം സുഗമവും വേഗത്തിലുമാക്കാനായി ദുബൈ ഹെല്‍ഥ് അഥോറിറ്റി(ഡിഎച്ച്എ)യുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി. വയോധികര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും പരിഗണന നല്‍കി അക്കാഫിന്റെ ദ്രുത കര്‍മ സേനയായ ‘അക്കാഫ് ടാസ്‌ക് ഫോഴ്‌സി’ന്റെ പ്രവര്‍ത്തനം ഡിഎച്ച്എയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക പ്രശംസക്ക് അര്‍ഹമായി. പ്രതികൂലമായ സാഹചര്യത്തില്‍ മികച്ച പ്രവര്‍ത്തകരുടെ ഏകോപനം കൊണ്ട് ഏറെ ദുഷ്‌കരമായ ഈ പ്രവര്‍ത്തനങ്ങള്‍ അയത്‌ന ലളിതമായി നടത്താന്‍ അക്കാഫിന് കഴിഞ്ഞതില്‍ അക്കാഫിന്റെ പ്രവര്‍ത്തകര്‍ തികച്ചും അഭിനന്ദനമര്‍ഹിക്കുന്നു.
അക്കാഫ് പ്രസിഡന്റ് ചാള്‍സ് പോള്‍, വനിതാ വിഭാഗം പ്രസിഡന്റ് അന്നു പ്രമോദ്, ജന.സെക്രട്ടറി വി.എസ് ബിജു കുമാര്‍, വനിതാ വിഭാഗം സെക്രട്ടറി വിദ്യ പുതുശ്ശേരി, ചീഫ് കോഓര്‍ഡിനേറ്റര്‍ അനൂപ് അനില്‍ ദേവന്‍, ജോ.സെക്രട്ടറി മനോജ് കെ.വി, സ്റ്റാലിന്‍, ജോണ്‍ (സെന്റ് പീറ്റേഴ്‌സ് കോളജ്), സി.എ ബിജു (എംഎസ്എം കോളജ്), രാജു തേവര്‍മഠം (സെന്റ് പീറ്റേഴ്‌സ് കോളജ്) എന്നിവര്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് നേതൃത്വം നല്‍കി.