അഷ്‌റഫ് താമരശ്ശേരി ബ്രാന്‍ഡ് അംബാസഡറായി അക്കാഫ് ആസ്റ്റര്‍ വെല്‍നസ് കാമ്പയിന് തുടക്കമായി

1. അക്കാഫ് വെല്‍നസ് ഡേ സൂം പ്‌ളാറ്റ്‌ഫോമില്‍ കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. 2. ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ സംസാരിക്കുന്നു

ദുബൈ: ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറുമായി സഹകരിച്ച് അക്കാഫ് ആസ്റ്റര്‍ വെല്‍നസ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് സൂം വഴി നടത്തിയ പരിപാടിയില്‍ അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തു. അകാലത്തില്‍ അക്കാഫിനെ വിട്ടു പിരിഞ്ഞ അഹമ്മദ് അഷ്‌റഫിന്റെ സ്മരണക്ക് മുന്നില്‍ വെല്‍നസ് പ്രോഗ്രാം സമര്‍പ്പിച്ചു. അക്കാഫ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിരക്ഷക്കായി നടപ്പാക്കുന്ന വിവിധ പരിപാടികള്‍ യോഗത്തില്‍ വിശദീകരിച്ചു. കേരളത്തിലെ കോളജുകളിലെ യുഎഇയില്‍ വസിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളുടെ മാതൃസംഘടനയാണ് അക്കാഫ്. തദവസരത്തില്‍ ആശംസകളര്‍പ്പിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ സംസാരിച്ചു. ആരോഗ്യ പരിരക്ഷണത്തിനും പരിപാലനത്തിനും അക്കാഫ് നടപ്പാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആസ്റ്ററിന്റെ പൂര്‍ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
അക്കാഫ് കേരളത്തിലെ കോളജുകളുടെ ആലൂംനികളുടെ മാതൃ സംഘടനയാണെങ്കിലും അത് ലോകത്താകമാനം പ്രതിനിധീകരിക്കു ന്നുവെന്നും അക്കാഫ് നടപ്പാക്കുന്ന പുതുമയാര്‍ന്ന പരിപാടികള്‍ക്ക് പ്രത്യേക അഭിനന്ദനവും അദ്ദേഹം നല്‍കി. അക്കാഫ് മുഖ്യ രക്ഷാധികാരിയും ഖലീജ് ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടറുമായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അക്കാഫിന്റെ ദീര്‍ഘദര്‍ശിത്വവും അവസരോചിതമായ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകളര്‍പ്പിച്ചു. അക്കാഫിന്റെ പ്രവര്‍ത്തനങ്ങളുടെ ജീവരേഖ പ്രസിഡന്റ് ചാള്‍സ് പോള്‍ വിവരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകനും യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകനുമായ അഷ്‌റഫ് താമരശ്ശേരിയെ അക്കാഫ് വെല്‍നസ്സ് പ്രോഗ്രാം ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. അഷ്‌റഫ് താമരശ്ശേരി നല്‍കിയ സന്ദേശം അക്കാഫ് വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിഖ് നല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വൈപുല്യം അക്കാഫ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് വിവരിച്ചു. അക്കാഫ് അംബാസഡറും അവതാരകനും സിനിമാ താരവുമായ മിഥുന്‍ രമേശ് അക്കാഫിന്റെ മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. മിഥുന്‍ രമേശ് അക്കാഫ് ജന.സെക്രട്ടറിയുമായി ഒരു ഫിറ്റ്‌നസ് ചലഞ്ചിനും തുടക്കം കുറിച്ചു. മാധ്യമങ്ങളെ പ്രതിനിധീകരിച്ച് രാജു മാത്യു, എം.സി.എ നാസര്‍, ജലീല്‍ പട്ടാമ്പി തുടങ്ങിയവര്‍ പങ്കെടുത്തു. അക്കാഫിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍ സംസാരിച്ചു. ആസ്റ്റര്‍ സിഎസ്ആര്‍ ഹെഡ് ജലീല്‍ പി.എ, ഡിജിഎം സിറാജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അക്കാഫ് ചീഫ് കോഓര്‍ഡിനേറ്റര്‍ അനൂപ് അനില്‍ ദേവന്‍ അക്കാഫ് വെല്‍നസ് കാമ്പയിനിലേക്ക് എത്തിച്ചേരാനുണ്ടായ സാഹചര്യം വിശദീകവിച്ചു. അക്കാഫ് കോവിഡ് 19 വാക്‌സിന്‍ വിതരണത്തിന് നല്‍കിയ സംഭാവനകളെ കുറിച്ച് അക്കാഫ് വനിതാ വിഭാഗം ജന.സെക്രട്ടറി വിദ്യ പുതുശ്ശേരി വിശദീകരിച്ചു. വനിതാ വിഭാഗം പൂര്‍ണമായും നടപ്പാക്കുന്ന വെല്‍നസ് പ്രോഗ്രാം പുതിയൊരു തുടക്കമാകുമെന്ന് റാണി സുധീര്‍ ചെയര്‍മാനായ അക്കാഫ് വനിതാ വിഭാഗം പ്രസിഡന്റ് അന്നു പ്രമോദ് പറഞ്ഞു. അക്കാഫ് അംഗങ്ങള്‍ക്കുള്ള ആസ്റ്ററിന്റെ പദ്ധതികളെയും ആസ്റ്റര്‍ വളണ്ടിയര്‍മാരുടെയും പ്രവര്‍ത്തനങ്ങളെയും അന്നു പ്രമോദ് വിശദീകരിച്ചു.
യുഎഇയിലെ മാധ്യമ പ്രതിനിധികളുമായി അക്കാഫിന്റെപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും പൊതുജനങ്ങളില്‍ എത്തിക്കുന്നതിലും മീഡിയ കോഓര്‍ഡിനേറ്റര്‍ ഷാബു സുല്‍ത്താനും കണ്‍വീനര്‍ എ. ഉമര്‍ ഫാറൂഖും നിര്‍ണായക പ്രവര്‍ത്തനങ്ങളാണ് നിര്‍വഹിച്ചത്. അക്കാഫ് ട്രഷറര്‍ റിവ ഫിലിപ്പോസ്, വൈസ് ചെയര്‍മാന്‍ ബക്കര്‍ അലി, ജോ.ട്രഷറര്‍ ജൂഡിന്‍ ഫെര്‍ണനാണ്ടസ് എന്നിവര്‍ ആശംസ നേര്‍ന്നു. അക്കാഫ് ജന.സെക്രട്ടറി വി.എസ് ബിജു കുമാര്‍ സ്വാഗതവും ജോ.ജന.സെക്രട്ടറി മനോജ് കെ.വി നന്ദിയും പറഞ്ഞു.