ദുബൈ: കേരളത്തിലെ കോളജുകളിലെ യുഎഇയിലുള്ള അലൂംനികളുടെ മാതൃസംഘടനയായ അക്കാഫ് (ഓള് കേരള കോളജസ് അലൂംനി ഫോറം) ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി ആരോഗ്യ പരിപാലനത്തിനും സംരക്ഷണത്തിനുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഒരു വര്‍ഷം നീളുന്ന നിരവധി പരിപാടികള്‍ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായുള്ള അക്കാഫ് വെല്‍നസ് ഡേ സമാരംഭം ഫെബ്രുവരി 19ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സൂം വഴി സംഘടിപ്പിക്കുന്നു. അടുത്തിടെ നിര്യാതനായ അക്കാഫ് അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ അഹമ്മദ് അഷ്റഫിന്റെ സ്മരണാര്‍ത്ഥമായാണ് ഈ പരിപാടി ഒരുക്കുന്നത്. കേരള ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍, ആസ്റ്റര്‍ ഗ്രൂപ് സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്, ഖലീജ് ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടറും അക്കാഫ് മുഖ്യ രക്ഷധികാരിയുമായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി എന്നിവരും പങ്കെടുക്കും. പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് അക്കാഫും ആസ്റ്ററും വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് അക്കാഫ് ചീഫ് കോഓര്‍ഡിനേറ്റര്‍ അനൂപ് അനില്‍ ദേവന് പറഞ്ഞു.