ദുബൈ: ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയം പ്രമേയമാക്കിയ ‘ബ്ളാക്ക് സാന്‍ഡ്’ ഡോക്യുമെന്ററി ഓസ്കര് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിലുള്പ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 114 ഡോക്യുമെന്ററികളുടെ പട്ടികയിലാണ് ഇതും ഇടം പിടിച്ചത്. ഹോളിവുഡ് സംവിധായകന് കൂടിയായ ഡോ. സോഹന്‍ റോയ് ആണ് ഇതിന്റെ ആശയാവിഷ്കാരവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള ഓസ്കര് അവാര്‍ഡിനായി മത്സരിക്കുന്നവയുടെ പട്ടികയില്‍ ഈ ലഘു ചിത്രവും ഇടം നേടിയതോടെ ആലപ്പാട്ടെ കരിമണല്‍ ഖനനവും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിഷയമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
കൊല്ലം ജില്ലയിലെ നീണ്ടകരക്കും ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിക്കുമിടയിലുള്ള ആലപ്പാട്, പൊന്മന എന്നീ സ്ഥലങ്ങളിലും അതിന്റെ സമീപ പ്രദേശങ്ങളിലുമാണ് വിവാദ കരിമണല്‍ ഖനനം നടന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെയും കേന്ദ്രത്തിലെയും പൊതുമേഖലാ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഖനനം നടത്തുന്നത്. ഖനനം മൂലംഇവിടത്തെ തീര മേഖലയില്‍ താമസിക്കുന്ന ഒട്ടനവധി പേര്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ‘സേവ് ആലപ്പാട്’ എന്ന പേരില്‍ ആരംഭിച്ച പ്രക്ഷോഭം ദേശീയ ശ്രദ്ധ വരെ ആകര്‍ഷിക്കുകയുണ്ടായി. ഈ വിവാദങ്ങളെയെല്ലാം സമഗ്രമായി സ്പര്‍ശിക്കുകയും ഈ മേഖലയിലെ ജനജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുകയും ചെയ്യുകയെന്നതാണ് ഈ ലഘു ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംവിധായകന് സോഹന്‍ റോയ് പറഞ്ഞു.
”ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച ഒരു സമഗ്ര ചിത്രം ഇതിലൂടെ കാഴ്ചക്കാര്‍ക്ക് ലഭിക്കും. ഖനനത്തിന്റെ ചരിത്രം, അത് സംബന്ധിച്ച പ്രക്ഷോഭത്തിന്റെ നാള്‍വഴികള്‍, അതിലെ രാഷ്ര്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവിധ കാഴ്ചപ്പാടുകള്‍, ശാസ്ത്രീയമായ അപഗ്രഥനം എന്നിവ മുതല്‍ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ വരെ ഈ ലഘു ചിത്രത്തില്‍ വിശദമാക്കിയിട്ടുണ്ട്. നിരവധി വീഡിയോകള്‍ ഈ വിഷയം സംബന്ധിച്ച് നമ്മുടെ മുന്നിലുണ്ടെങ്കിലും അവയൊന്നും പറയാത്ത നിരവധി കാര്യങ്ങള്‍ ‘ബ്ളാക്ക് സാന്‍ഡി’ ല്‍ ഉള്‍ക്കൊള്ളിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ പക്ഷത്ത് ചേരാതെ, ഈ വിവാദത്തിന്റെ പിന്നാമ്പുറങ്ങള്‍ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിക്കാന്‍ സാധിച്ചതിനുള്ള അംഗീകാരമായി കൂടി ഈ നേട്ടത്തെ ഞങ്ങള്‍ വിലയിരുത്തുന്നു” -അദ്ദേഹം പറഞ്ഞു.
അഭിനി സോഹന്‍ റോയ് ആണ് ഈ ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. ഗവേഷണം, തിരക്കഥ എന്നിവ ഹരികുമാര്‍ നിര്‍വഹിച്ചു. പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന് ബിജുറാം ആണ്. ജോണ്സണ് ഇരിങ്ങോള്‍ എഡിറ്റിംങ് മേല്‍നോട്ടവും ടിനു ക്യാമറയും നിര്‍വഹിച്ചിരിക്കുന്നു.
അരുണ്‍ സുഗതന്, ലക്ഷ്മി അതുല്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്. മഹേഷ്, ബിജിന്, അരുണ്‍ എന്നിവര്‍ എഡിറ്റിംങ്, കളറിംഗ്, ഗ്രാഫിക്സ് എന്നിവ നിര്‍വഹിച്ചു. ഏരീസ് എപ്പിക്കയാണ് അനിമേഷനുകളുടെ വിഭാഗം കൈകാര്യം ചെയ്തത്.
ഇംഗ്ളീഷ്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പരിഭാഷ നിര്‍വഹിച്ചത് നേഹ, മൃണാളിനി എന്നിവരാണ്.