‘അല്‍സആദ’ വെര്‍ച്വല്‍ ഡിസ്‌കൗണ്ട് കാര്‍ഡ് ശ്രദ്ധേയമാകുന്നു

11

ദുബൈ: ടൂറിസ്റ്റുകള്‍ക്ക് സമ്മാനിക്കുന്ന ‘അല്‍സആദ’ വെര്‍ച്വല്‍ ഡിസ്‌കൗണ്ട് കാര്‍ഡ് ശ്രദ്ധേയമാകുന്നു. ദുബൈ എയര്‍പോര്‍ട്ടിലൂടെ എത്തുന്ന സഞ്ചാരികള്‍ക്ക് പ്രത്യേക ഓഫറുകളും കിഴിവുകളും അനുവദിക്കുന്ന സവിശേഷ ഡിസ്‌കൗണ്ട് കാര്‍ഡാണ് അല്‍സആദ. ഇത് ഉപയോഗിച്ച് രാജ്യത്തെ ആയിരക്കണക്കിന് സ്ഥാപനങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് ഇടപാടുകള്‍ നടത്താന്‍ കഴിയും. ഇതിനകം ലക്ഷക്കണക്കിന് പേര്‍ക്കാണ് അല്‍സആദ കാര്‍ഡ് കൈമാറിയിട്ടുള്ളത്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ എത്തുന്ന ടൂറിസ്റ്റ് വിസക്കാര്‍ക്ക് ദുബൈ നല്‍കുന്ന സമ്മാനമാണ് ഈ വെര്‍ച്വല്‍ കാര്‍ഡെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എഡി) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മര്‍റി അറിയിച്ചു.

മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി

എയര്‍പോര്‍ട്ടിലെ പാസ്‌പോര്‍ട്ട് കൗണ്ടറിന് മുന്നിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ പ്രത്യേക ബാര്‍കോഡ് നല്‍കും. ഇതിലെ കോഡ് സ്‌കാന്‍ ചെയ്ത് ആപ്‌ളികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് പാസ്‌പോര്‍ട്ട് നമ്പറും ദുബൈയില്‍ എത്തിച്ചേര്‍ന്ന തീയതിയും രജിസ്റ്റര്‍ ചെയ്താല്‍ പദ്ധതിയുടെ ഭാഗമാവാം. പ്രമോഷന്‍ ലഭിക്കുന്ന സ്ഥാപനങ്ങളും അതിന്റെ ലൊക്കേഷനുകളും ആപ്പില്‍ ദൃശ്യമാകും. പദ്ധതിയുമായി സഹകരിക്കുന്നവരുടെ സ്‌പെഷ്യല്‍ പ്രമോഷനുകളും ഓഫറുകളും അറിയിപ്പായി മൊബൈലില്‍ എത്തും. ഈ ആപ്പ് കാണിച്ച് രാജ്യത്തെ ആയിരക്കണക്കിന് സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരത്തില്‍ ഇടപാടുകള്‍ നടത്താം. ഇംഗ്‌ളീഷ്, അറബി ഭാഷകളിലൊന്ന് ആപ്പില്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ സൗകര്യമുണ്ട്. ഇതിന് ഗൂഗ്ള്‍ പ്‌ളേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും  AlSAADA എന്ന് ടൈപ് ചെയ്താലും ഈ ആപ്‌ളികേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വിനോദ സഞ്ചാരികള്‍ രാജ്യം വിട്ടാല്‍ കാര്‍ഡിന്റെ കാലാവധിയും അവസാനിക്കും. മറ്റൊരു ടൂറിസ്റ്റ് വിസയില്‍ വീണ്ടുമെത്തുമ്പോള്‍ അവര്‍ക്ക് പുതിയൊരു ഡിസ്‌കൗണ്ട് കാര്‍ഡ് നല്‍കുകയും ചെയ്യുന്നതാണ്.
ദുബൈയില്‍ നടന്ന ജൈടെക്‌സ് ടെക്‌നോളജി വീക്കിന്റെ 40-ാം പതിപ്പിലാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത്. രാജ്യത്തെത്തുന്ന സന്ദര്‍ശകരുടെ സന്തോഷാനുഭവങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഇത്തരത്തില്‍ ഒരു ഉദ്യമവുമായി ജിഡിആര്‍എഫ്എ ദുബൈ മുന്നോട്ട് വരുന്നതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന നിമിഷം മുതല്‍ പുറപ്പെടുന്നത് വരെ സഞ്ചാരികള്‍ക്ക് അസാധാരണവും സന്തോഷകരവുമായ അനുഭവങ്ങള്‍ അല്‍സആദ കാര്‍ഡിലൂടെ ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.