ആരോഗ്യ മേഖലാ വിഹിതത്തില്‍ മികച്ച വര്‍ധന: ഡോ. ആസാദ് മൂപ്പന്‍

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സിഎംഡി ഡോ. ആസാദ് മൂപ്പന്‍

ദുബൈ: ഇന്ത്യ ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യ മേഖലക്കുളള വിഹിതത്തില്‍ ഇന്ത്യന്‍ ബജറ്റ് മികച്ച വര്‍ധനയാണ് നല്‍കിയിരിക്കുന്നതെന്നും ആരോഗ്യത്തിനും ക്ഷേമത്തിനുമായി മൊത്തം ബജറ്റ് വിഹിതം 137 ശതമാനം വര്‍ധിപ്പിച്ച് 223,846 കോടിയാക്കിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.
രോഗ ചികിത്സയെക്കാള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രോത്സാഹജനകമാണ്. ധന മന്ത്രി എടുത്തു പറഞ്ഞത് പോലെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും രാഷ്ട്രത്തിന്റെ സങ്കല്‍പത്തെ ശക്തിപ്പെടുത്താനുള്ള പ്രധാന സ്തംഭങ്ങളിലൊന്നാണ് ആത്മനിര്‍ഭര്‍ ഭാരത്. ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെ ലഭ്യത, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ വര്‍ധിപ്പിക്കാനും ബജറ്റ് മുന്‍ഗണന നല്‍കിയിട്ടുണ്ട്. മഹാമാരിയുടെ സാന്നിധ്യം ലഭ്യമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്‍ കടുത്ത ഭാരമേല്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ ഈ നീക്കം വളരെയധികം സഹായകമാകും.
ഇന്ത്യയില്‍ ‘വണ്‍ പേഴ്‌സണ്‍ കമ്പനി’ ആരംഭിക്കാന്‍ അവസരം നല്‍കിയതും എന്‍ആര്‍ഐകളുടെ വിദേശ റിട്ടയര്‍മെന്റ് ഫണ്ടുകളില്‍ ഇരട്ട നികുതി ഒഴിവാക്കുന്നതുമടക്കമുളള രണ്ട് മികച്ച നീക്കങ്ങള്‍ പ്രവാസികള്‍ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യയില്‍ പുനരധിവസിക്കാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് സഹായകമാകുന്നതാണ് ‘വണ്‍ പേഴ്‌സണ്‍ കമ്പനി’ തുടങ്ങാനുളള സൗകര്യം. ഇതിലൂടെ
അവര്‍ക്ക് പുതിയ സംരംഭം ആരംഭിക്കാനും ഉപജീവനമാര്‍ഗം നേടാനും കഴിയുന്നതിനൊപ്പം ഇന്ത്യയുടെ വളര്‍ച്ചയെയും അത് ശക്തിപ്പെടുത്തും.
കോവിഡ് 19 മരണ നിരക്കും ആക്റ്റീവ് കേസ് റേറ്റും ലോകത്തിലെ ഏറ്റവും താഴ്ന്ന രാജ്യങ്ങളിലൊന്നായി നിലനിര്‍ത്തുന്നതും പല രാജ്യങ്ങളിലേക്കും വാക്‌സിനുകള്‍ നല്‍കാന്‍ സാധിക്കുന്നതും ഇന്ത്യയുടെ മികവായി കാണേണ്ടതാണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ ജനങ്ങള്‍ക്ക് എത്രയും വേഗം ലഭ്യമാക്കിയിരിക്കുന്നതിനാല്‍, ഭാവിയില്‍ മഹാമാരിക്കപ്പുറത്തേക്ക് ശദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാന്‍ രാജ്യത്തെ അത് സന്നദ്ധമാക്കും.