മാന്ത്രിക ബജറ്റ്: എം.എ യൂസുഫലി

ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി

ദുബൈ: ആഗോളീയമായ മഹാമാരി പ്രതിസന്ധിക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു ചലിപ്പിക്കുന്ന മാന്ത്രിക ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസുഫലി. ”പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണങ്ങളുമായി അലിഞ്ഞു ചേര്‍ന്ന ഈ ബജറ്റ് അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ഗവേഷണം, വികസനം എന്നിവയോടൊപ്പം ആരോഗ്യ പരിചരണ മേഖലക്കും വന്‍ വിശ്വാസം പകര്‍ന്നു കൊണ്ടുള്ളതാണ്. ‘ആത്മനിര്‍ഭര്‍’ ഹെല്‍ത്ത് പ്രോഗ്രാമിന് ആമുഖമായി 64,180 കോടി രൂപ വകയിരുത്തിയത് സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പിന് ദീര്‍ഘ കാലത്തേക്ക് ആക്കം നല്‍കും. വാക്‌സിനേഷന് വേണ്ടി വന്‍ തോതില്‍ മുതല്‍മുടക്കുന്നത് ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും വമ്പിച്ച ധാര്‍മിക ഊര്‍ജം പകരും. ഒരു പ്രവാസിയെന്ന നിലയില്‍ പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ ചില പ്രത്യേക നടപടികള്‍ എടുക്കുമെന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്” -യൂസുഫലി പറഞ്ഞു.
ഇന്ത്യയില്‍ ‘വണ്‍ പേഴ്‌സണ്‍ കമ്പനീസ്’ അഥവാ ഒപിസിഎസ് നടപ്പാക്കുമെന്ന പ്രഖ്യാപനം സ്റ്റാര്‍ട്ടപ് മേഖലകള്‍ക്കും പുതുതലമുറ ബിസിനസുകള്‍ക്കും കാര്യമായ മാറ്റം കൊണ്ടു വരുന്നതായിരിക്കും. എന്‍ആര്‍ഐകളുടെ നികുതി 5 കോടിയില്‍ നിന്നും 10 കോടിയിലേക്ക് വര്‍ധിപ്പിച്ചതും ഇരട്ട നികുതി നിര്‍ത്താനുള്ള ചട്ടങ്ങളും വളരെ സ്വാഗതാര്‍ഹമായ നീക്കങ്ങളാണ്. കൊച്ചി അടക്കമുള്ള പ്രമുഖ മല്‍സ്യ ബന്ധന തുറമുഖങ്ങളുടെ വികസനം, ഹൈവേ അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ മുതല്‍മുടക്ക്, കൊച്ചി മെട്രോ എന്നിവയുള്‍പ്പെടെയുള്ള കേരളത്തിലേക്കുള്ള പ്രത്യേക പ്രഖ്യാപനങ്ങള്‍ തീര്‍ച്ചയായും രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കരുത്ത് പകരുന്നതാണ്. ബിസിനസ് സൗഹൃദത്വം വര്‍ധിപ്പിക്കാനും ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.