സക്രിയ വളര്‍ച്ച സാധ്യമാക്കുന്നു: ഷംലാല്‍ അഹമ്മദ്

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്

ദുബൈ: ”സ്വയം പര്യാപ്തമായ ഒരു രാജ്യത്തിന്റെ അടിത്തറ പാകുന്നതിനൊപ്പം, സുസ്ഥിരവും പോസിറ്റീവുമായ വളര്‍ച്ച സാധ്യമാക്കുന്ന ഒരു മികച്ച ബജറ്റാണിത്. ജ്വല്ലറി വ്യവസായത്തെ സംബന്ധിച്ചിടത്തോളം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്നും 10 ശതമാനമാക്കിയ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് കള്ളക്കടത്തിനെ നിരുത്സാഹപ്പെടുത്താന്‍ സഹായിക്കുകയും സമ്പദ് വ്യവസ്ഥക്കും ദേശീയ സുരക്ഷക്കും പ്രയോജനകരമാക്കുകയും ചെയ്യും” -മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജിസിസി രാജ്യങ്ങളില്‍ ജ്വല്ലറി ഷോപ്പിംഗ് നടത്തുമ്പോഴുളള നേട്ടങ്ങള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലി, സിംഗപ്പൂര്‍, സ്‌പെയിന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആഭരണങ്ങളെല്ലാം ഒരൊറ്റ വിപണിയില്‍ തന്നെ ലഭ്യമാകുന്നതിനാല്‍ ജ്വല്ലറി പ്രേമികളെ ഈ വിപണി തുടര്‍ന്നും ആകര്‍ഷിക്കും. ജിസിസിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ വിലയിലുണ്ടാകുന്ന നേട്ടം തുടരും. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുറവായിരിക്കും. ഇന്ത്യയിലേതിനെക്കാള്‍ 10 ശതമാനം മുതല്‍ 12 ശതമാനം വരെ വിലയില്‍ ലാഭിക്കാം. ഇന്ത്യയിലെ പല ചില്ലറ വ്യാപാരികളും ബിഐഎസ് ഗുണനിലവാരത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍, ജിസിസിയിലെ സ്ഥാപനങ്ങള്‍ ഗുണനിലവാരം മാനദണ്ഡങ്ങള്‍ ഉറപ്പു നല്‍കുന്നു. ഉപയോക്തൃ സൗഹൃദ നയങ്ങളും എളുപ്പത്തിലുള്ള നിയന്ത്രണ പാലനവും സാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.