കുട്ടികളിലെ കാന്‍സര്‍ ബോധവത്കരണം: മികച്ച സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ‘ഹോപ്’

ദുബൈ: നിര്‍ധന കുടുംബങ്ങളിലെ കാന്‍സര്‍ ബാധിതരായ കുട്ടികളുടെ ചികിത്സാ രംഗത്തും ചികിത്സാ ഇതര മേഖലകളിലും കഴിഞ്ഞ അഞ്ചു വര്‍ഷമായി സജീവമായി ഇടപെട്ടു വരുന്ന ദുബൈ കേന്ദ്രമായ ‘ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍’ എന്ന സന്നദ്ധ സ്ഥാപനം പ്രവര്‍ത്തനങ്ങളുടെ വ്യതിരിക്തത കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നു.
2016ല്‍ ഒരുപറ്റം സുമനസ്സുകളുടെ പിന്തുണയോടെ യുഎഇ പ്രവാസികളായ ഹാരിസ് കാട്ടകത്തിന്റെയും മുഹമ്മദ് ഷാഫി അല്‍മുര്‍ഷിദിയുടെയും സൂക്ഷ്മമായ ഏകോപനത്തിലാണ് ഹോപ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് കേരളത്തിലും ഗള്‍ഫിലുമടക്കം ആയിരക്കണക്കിന് കുട്ടികള്‍ക്ക് ആശ്വാസമേകാന്‍ ഈ പ്രസ്ഥാനത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനിപ്പുറം നിരവധി ബാല്യങ്ങളാണ് അര്‍ബുദത്തിന്റെ ദുരിതങ്ങള്‍ മറികടന്ന് ‘ഹോപ്പി’ലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിയതെന്നത് ഈ പ്രസ്ഥാനത്തിന്റെ സേവന സന്നദ്ധത കൂടുതല്‍ തിളക്കമുറ്റതാക്കുന്നതാണ്. കോഴിക്കോട് ജില്ലയില്‍ രണ്ടിടങ്ങളിലും എറണാകുളം, കണ്ണൂര്‍, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലുമുള്ള ഹോപ് ഹോംസിലുടെ തികച്ചും സൗജന്യമായി നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സാന്ത്വനമേകാനും അവരുടെ കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കാനും ഇവര്‍ക്ക് സാധിക്കുന്നു.
കുട്ടികളില്‍ അര്‍ബുദ രോഗം സ്ഥിരീകരിക്കുന്ന നിമിഷം മുതല്‍ രോഗത്തെ അതിജീവിക്കുന്ന കാലയളവ് വരെ ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ അവര്‍ക്കൊപ്പം സഹായ ഹസ്തവുമായി നിലകൊള്ളുമെന്നതാണ് ഇവര്‍ സമൂഹത്തോട് വിളിച്ചു പറയുന്നത്. രോഗത്തെ അതിജീവിക്കാനുള്ള ഏറ്റവും മികച്ച സാധ്യതകള്‍ സൃഷ്ടിക്കുക എന്നതാണ് ഇവര്‍ സേവന മേഖലയില്‍ ലക്ഷ്യം വെക്കുന്നത്. ഏറ്റവും മികച്ചതും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുക, സുരക്ഷിതവും അണുബാധ മുക്തവുമായ താമസ സൗകര്യം ചികിത്സാ വേളയില്‍ ലഭ്യമാക്കുക, മികച്ച പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുക, സാമ്പത്തികവും മാനസികവുമായ പിന്തുണയും സഹായവും എത്തിക്കുക എന്നീ നാലു കാര്യങ്ങള്‍ക്കാണ് ഇവരുടെ ഊന്നല്‍. ഹോപ് ക്‌ളിനിക്, ഹോപ് ഹോംസ്, ഹോപ് കെയര്‍ എന്നിവയിലൂടെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. അര്‍ബുദ ബാധിതരായ കുട്ടികളിലെ അതിജീവന സാധ്യതാ നിരക്ക് വര്‍ധിപ്പിച്ച് ഒപ്പം, കാന്‍സര്‍ എന്ന മാരക രോഗത്തില്‍ നിന്ന് സമൂഹത്തെ പൂര്‍ണമായും മുക്തമാക്കാനാണ് ഹോപ്പിന്റെ പരമമായ ലക്ഷ്യം. ദുബൈ ഖിസൈസിലെ ഹോപ് ഓഫീസില്‍ നിന്നാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നത്. അര്‍ബുദ ബാധിതരായ കുട്ടികളുടെ അതിജീവനത്തിനും ആശ്വാസത്തിനു വഴിയൊരുക്കിയ ഹോപ്പിനൊപ്പം നല്ല മനസ്സുകള്‍ ഇനിയും കൈ കോര്‍ക്കേണ്ടതുണ്ട്.
ഇന്റര്‍നാഷണല്‍ ചൈല്‍ഡ് കാന്‍സര്‍ ഡേ ഫെബ്രുവരി 15ന് ആചരിച്ചു. ഇതോടനുബന്ധിച്ച്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐപിഎസ്) തലശ്ശേരി ഘടകത്തിന്റെ സഹകരണത്തില്‍ ഹോപ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ഈ രംഗത്തെ പ്രമുഖ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് 17ന് ബോധവത്കരണ ക്‌ളാസ് സംഘടിപ്പിച്ചു. വെര്‍ച്വല്‍ സംവിധാനത്തില്‍ നടന്ന ചടങ്ങില്‍ ഡോ. കെ.ജി ഗോപകുമാര്‍, ഡോ. ജിതിന്‍ ടി.കെ തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി.

കേരളത്തിലെ ഹോപ് ഹോം