പുതുതലമുറാ പരിഷ്‌കാരങ്ങള്‍ക്കൊപ്പമുള്ള ബജറ്റ്: കെ.വി ഷംസുദ്ദീന്‍

പ്രവാസിബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി ഷംസുദ്ദീന്‍

ഷാര്‍ജ: പുതുതലമുറാ പരിഷ്‌കാരങ്ങള്‍ക്കൊപ്പമുള്ളതാണ് വളര്‍ച്ചക്കായുള്ള ഈ ബജറ്റെന്ന് പ്രമുഖ സാമ്പത്തിക നിരീക്ഷകനും പ്രവാസിബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനുമായ കെ.വി ഷംസുദ്ദീന്‍ പറഞ്ഞു. ആരോഗ്യ മേഖല, അടിസ്ഥാന സൗകര്യ വികസനം എന്നിവക്ക് ഊന്നലുള്ള ബജറ്റാണിത്. സുസ്ഥിര നികുതി വ്യവസ്ഥ, മൂലധന വ്യയത്തിന് ഉയര്‍ന്ന നിലയില്‍ കടം വാങ്ങല്‍ എന്നിവ എടുത്തു പറയേണ്ടതാണ്. ഓഹരി വില്‍ക്കലും നാണ്യമാക്കലും, ഇന്‍ഷുറന്‍സിന് തുറന്ന രീതി, ആയാസപ്പെടുന്ന ആസ്തികള്‍ക്ക് ശുദ്ധീകരണ പദ്ധതി, സ്വയം പര്യാപ്ത ഇന്ത്യ എന്നിവ ഈ ബജറ്റിലെ പരിഷ്‌കാര നീക്കങ്ങളാണ്. സ്റ്റാര്‍ട്ടപ് മേഖലക്ക് സക്രിയമായ വ്യത്യസ്ത ഘടകങ്ങളാണ് ഈ ബജറ്റ് പ്രദാനം ചെയ്തിരിക്കുന്നത്. ചെറു സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ബജറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യം പ്രദാനം ചെയ്യുന്നു. സുസ്ഥിര മാര്‍ഗത്തില്‍ ഈ മേഖലയെ വളരാന്‍ സഹായിക്കുന്ന ഏറ്റവും ആവശ്യമായ സുരക്ഷാ വലയൊരുക്കുന്ന ബജറ്റ് കൂടിയാണിത്. ലക്ഷക്കണക്കിനാളുകളെ ഇതിന്റെ ഭാഗഭാക്കാവാനും സഹായിക്കുന്നു. ഇനി എന്‍ആര്‍ഐകള്‍ക്ക് വണ്‍ പേഴ്‌സണ്‍ കമ്പനി തുടങ്ങാം. ഇത് നല്ല തുടക്കമാണ്. 1,100 കിലോമീറ്റര്‍ ഹൈവേക്ക് കേരളത്തിന്റെ ചരിത്രത്തില്‍ 65,000 കോടി എന്ന ഏറ്റവും ഉയര്‍ന്ന വകയിരുത്തലാണുണ്ടായിരിക്കുന്നത്. കൊച്ചി മെട്രോക്ക് 1,957 കോടിയും ലഭിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാഗ്ദാനമാണ് കേന്ദ്രത്തില്‍ നിന്നുണ്ടായിരിക്കുന്നത്. കോവിഡ് 19ന്റെ പ്രത്യേക സഹാചര്യത്തില്‍ ആരോഗ്യ പരിചരണത്തിന് 137 ശതമാനം വര്‍ധന പ്രാധാന്യമര്‍ഹിക്കുന്നതാണ്. 2021ലെ പൊതുബജറ്റ് നല്ലതാണെന്നും അദ്ദേഹം നിവീക്ഷിച്ചു.