പുതിയ നിയന്ത്രണത്തിലൂടെ പ്രവാസികളോട് തുടര്‍ച്ചയായ അവഗണന

ദുബൈ: വിമാന യാത്രക്ക് മുന്‍പ് 72 മണിക്കൂറിനുള്ളില്‍ തടത്തിയ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുകയും എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം വന്‍ തുക ഈടാക്കി വീണ്ടും ടെസ്റ്റ് കര്‍ശനമാക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി കടുത്ത അനീതിയാണെന്നും കോവിഡ് 19 കാലയളവില്‍ ഒരുവിധത്തിലും അനുഭാവം കാട്ടാത്ത സര്‍ക്കാര്‍, പുതിയ നിയന്ത്രണത്തിലൂടെ തുടര്‍ച്ചയായ അവഗണനയാണ് പ്രകടിപ്പിക്കുന്നതെന്നും ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രനും ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.
അന്യ സംസ്ഥാന യാത്രക്കാര്‍ക്കില്ലാത്ത നിയന്ത്രണങ്ങളാണ് പ്രവാസികള്‍ക്കെതിരെ സ്വീകരിക്കുന്നത്.
ക്വാറന്റീനും ടെസ്റ്റുകളും ഗള്‍ഫ് മേഖലയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് മാത്രം ബാധകമാക്കിയതിലൂടെ വിവേചനാത്മക നിലപാടാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്.
ജോലിയും ശമ്പളവുമില്ലാതെയാണ് ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്ക് തിരിക്കുന്നത്. സന്ദര്‍ശക വിസയില്‍ വന്നവരും ധാരാളമുണ്ട്. എയര്‍പോര്‍ട്ടിലെ ടെസ്റ്റിന് ഈടാക്കുന്ന തുക മിക്കവര്‍ക്കും താങ്ങാവുന്നതിലുമധികമാണ്.
2016 മുതല്‍ പ്രവാസികളോട് നടത്തിയ വാഗ്ദാനങ്ങള്‍ ഒന്നും ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല.
പ്രവാസികള്‍ക്ക് എന്നും പ്രത്യേക പരിഗണനയുണ്ടെന്ന് പറയുന്നവര്‍, എയര്‍പോര്‍ട്ടിലെ കോവിഡ് 19 ടെസ്റ്റെങ്കിലും സൗജന്യമാക്കണമെന്നും സര്‍ക്കാറിന്റെ വിവേചനത്തിനെതിരെ എല്ലാ പ്രവാസി സംഘടനകളും പ്രതിഷേധിക്കണമെന്നും ഇന്‍കാസ് നേതാക്കള്‍ ആവശ്യപ്പെട്ടു.