കോവിഡ് ബാധിച്ച് ചികിത്സക്കിടെ മരിച്ച കുവൈത്ത് പ്രവാസിയുടെ മയ്യിത്ത് ദുബൈയില്‍ ഖബറടക്കി

28
നൈസാം

ദുബൈ: കോവിഡ് 19 ബാധിച്ച് ചികിത്സക്കിടെ മരിച്ച കുവൈത്ത് പ്രവാസി തൃശൂര്‍ പെരിഞ്ഞനം ചക്കരപ്പാടം പള്ളിയുടെ വടക്കുവശം താമസിക്കുന്ന നൈസാമിന്റെ (45) മയ്യിത്ത് ദുബൈയില്‍ ഖബറടക്കി. കുവൈത്തിലേക്ക് നേരിട്ട് പോകാന്‍ വിലക്കുള്ളതിനാല്‍ ദുബൈ വഴി അതിന് ശ്രമിച്ച നൈസാം കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദുബൈയില്‍ ചികിത്സയിലാവുകയായിരുന്നു. വര്‍ഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വര്‍ഷം മുന്‍പാണ് ജോലി മാറ്റത്തിനായി കുവൈത്തിലെത്തിയത്. കെഇഒ ഇന്റര്‍നാഷനല്‍ കണ്‍സല്‍ട്ടന്റ്‌സ് കമ്പനിയില്‍ ഡ്രാഫ്റ്റ്‌സ്മാനായിരുന്നു. മയ്യിത്ത് സോനാപൂര്‍ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ചില സാങ്കേതിക കാരണങ്ങളാല്‍ മയ്യിത്ത് നാട്ടിലയക്കാനുള്ള നടപടികള്‍ക്ക് താമസം നേരിടുമെന്നതിനാല്‍ ദുബൈയില്‍ ഖബറക്കാന്‍ ഖത്തറില്‍ നിന്നെത്തിയ സഹോദരനും നാട്ടില്‍ നിന്നും കുടുംബവും അറിയിക്കുകയായിരുന്നു.
പ്രമുഖ സാമൂഹിക പ്രവത്തകന്‍ നസീര്‍ വാടാനപ്പള്ളി, ലീഗല്‍ കണ്‍സള്‍ട്ടന്റ് സാജിദ് വള്ളിയത്ത് എന്നിവരോടൊപ്പം ശുഐബ്, അസ്‌ലം, ഷിനോജ് ഷംസുദ്ദീന്‍ എന്നിവരും അനുബന്ധ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.