പ്രതിഷേധം ഫലം കണ്ടു; കോവിഡ് ടെസ്റ്റ് സൗജന്യമാക്കി

8

കോഴിക്കോട്: കോവിഡ് 19 ടെസ്റ്റിന്റെ പേരില്‍ പ്രവാസികളെ പീഡിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗും കെഎംസിസിയും അടക്കമുള്ള പ്രസ്ഥാനങ്ങളും പൊതുമണ്ഡലവും ശക്തമായി ആവശ്യപ്പെട്ടതും പ്രതിഷേധിച്ചതും ഫലം കണ്ടു. ഇതിന്റെ ഫലമായാണ് കോവിഡ് ടെസ്റ്റ് സൗജന്യമാക്കി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഒരു യാത്രക്ക് പ്രവാസികള്‍ 3 ടെസ്റ്റുകള്‍ക്കു വേണ്ടി പതിനായിരത്തോളം രൂപ മുടക്കേണ്ടി വരുന്ന സാഹചര്യമാണുണ്ടായിരുന്നത്. അഞ്ചംഗങ്ങളുള്ള കുടുംബത്തിന് ടെസ്റ്റിനു വേണ്ടി മാത്രം 50,000 രൂപ മുടക്കേണ്ടി വരുമായിരുന്നു. ഈ ടെസ്റ്റ് സൗജന്യമാക്കണമെന്ന് സംസ്ഥാന മുസ്‌ലിം ലീഗും വിവിധ കെഎംസിസി കമ്മിറ്റികളും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേരള പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ മുനീര്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവനും കത്ത് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ടെസ്റ്റ് സൗജന്യമാക്കണമെന്ന് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹീം എളേറ്റില്‍, സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഖാദര്‍ ചെങ്കള, കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഒകെ ഇബ്രാഹീം, ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറി കെ.പി മുഹമ്മദ് പേരോട് എന്നിവര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി പേരാണ് തൊഴില്‍ നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നും നാട്ടിലേക്ക് തിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും സന്നദ്ധ സംഘടനകള്‍ ടിക്കറ്റെടുത്ത് നല്‍കുന്നുണ്ട്. അത്തരക്കാരില്‍ നിന്നു പോലും കേവിഡ് ടെസ്റ്റിന്റെ പേരില്‍ പണം പിടുങ്ങാനാണ് സര്‍ക്കാര്‍ അവസരമൊരുക്കിയത്.
ഏതായാലും, ഇക്കാര്യത്തിലുള്ള പ്രതിഷേധം കനത്തതോടെ സര്‍ക്കാറിന് ടെസ്റ്റ് സൗജന്യമാക്കാതെ മറ്റു വഴിയില്ലെന്നായി. കേന്ദ്ര സര്‍ക്കാറാണ് ഈ നിബന്ധന കൊണ്ടുവന്നതെന്ന് സിപിഎം നേതാക്കള്‍ വാദിച്ചുവെങ്കിലും തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്ന തിരിച്ചറിവില്‍ ടെസ്റ്റ് നിരക്ക് സൗജന്യമാക്കുകയായിരുന്നു. പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കുകയാണിപ്പോള്‍.