
‘മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് എന്തു സഹായം നല്‍കിയെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കണം’
കോഴിക്കോട്: കോവിഡ് 19 ടെസ്റ്റിന്റെ പേരില്‍ പ്രവാസികളെ പീഡിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കെഎംസിസി. 72 മണിക്കൂര്‍ സാധുതയുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് യാത്രക്കാര്‍ വിമാനത്താവളങ്ങളിലെത്തുന്നത്. തുടര്‍ന്ന്, നാലോ അഞ്ചോ മണിക്കൂര്‍ യാത്ര ചെയ്ത് വിമാനമിറങ്ങുമ്പോള്‍ വീണ്ടും പണം മുടക്കി ടെസ്റ്റ് ചെയ്യുകയെന്നത് അനാവശ്യമാണ്. ക്വാറന്റീന് കാലാവധി കഴിഞ്ഞ ശേഷം വീണ്ടും ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കണം. ഇതോടെ, ഒരു യാത്രക്ക് പ്രവാസികള്‍ മൂന്ന് ടെസ്റ്റുകള്‍ക്ക് വേണ്ടി പതിനായിരത്തോളം രൂപ മുടക്കേണ്ടി വരികയാണ്. അഞ്ചംഗങ്ങളുള്ള കുടുംബത്തിന് ടെസ്റ്റിന് വേണ്ടി മാത്രം 50,000 രൂപ മുടക്കേണ്ടി വരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്റ്റിന് ആറായിരത്തില്‍ പരം രൂപ ചെലവുണ്ട്.
ഇന്ത്യയിലെ പല വിമാനത്താവളങ്ങളിലും സൗജന്യ ടെസ്റ്റ് നല്‍കുന്നുണ്ട്. 500 രൂപക്ക് ടെസ്റ്റ് നല്കുന്ന വിമാനത്താവളങ്ങളുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ടെസ്റ്റ് സൗജന്യമാക്കണമെന്നും കെഎംസിസി നേതാക്കള്‍ കോഴിക്കോട് പ്രസ്സ് ക്ളബ്ബില്‍ ഒരുക്കിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഖാദര്‍ ചെങ്കള, കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്ത്, ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഒ.കെ ഇബ്രാഹിം, ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറി കെ.പി മുഹമ്മദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് തൊഴില്‍ നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നും നാട്ടിലേക്ക് തിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും സന്നദ്ധ സംഘടനകള്‍ ടിക്കറ്റെടുത്ത് നല്‍കുകയാണ്. അത്തരക്കാരില്‍ നിന്ന് പോലും കേവിഡ് 19 ടെസ്റ്റിന്റെ പേരില്‍ പണം പിടുങ്ങാനാണ് സര്‍ക്കാര്‍ അവസരമൊരുക്കുന്നത്. സംസ്ഥാന സര്‍ക്കാറും ഇക്കാര്യത്തില്‍ ഉത്തരവാദിത്തം കാട്ടണം. പ്രളയ കാലത്ത് കോടികളാണ് ഗള്‍ഫില്‍ നിന്നും പിരിച്ചു കൊണ്ടു വന്നത്. എന്നാല്‍, പ്രവാസികളുടെ കാര്യം വരുമ്പോള്‍ കേരള സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. പെന്ഷന് ഇനത്തില്‍ അന്യ സംസ്ഥാന പ്രവാസി 100 രൂപ അടക്കുമ്പോള്‍ ഗള്‍ഫിലുള്ളവര്‍ പ്രതിമാസം 350 രൂപയാണ് അടക്കേണ്ടി വരുന്നത്. ഒരു വര്‍ഷത്തിനിടെ ആയിരത്തോളം മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ മരിച്ചു. അവര്‍ക്ക് ഒരു രൂപ പോലും നല്കാന് സര്‍ക്കാര്‍ തയാറായല്ല. കോവിഡ് 19 കാലയളവില്‍ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് എന്തു സഹായം നല്‍കിയെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കെഎംസിസി നേതാക്കള്‍ ആവശ്യപ്പെട്ടു.