ദുബൈ എമിഗ്രേഷന്റെ 3 ഓഫീസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം

15

ദുബൈ: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബൈ (ജിഡിആര്‍എഫ്എഡി) തങ്ങളുടെ മൂന്നു ഓഫീസുകളുടെ പ്രവൃത്തി സമയത്തില്‍ പുതിയ മാറ്റം പ്രഖ്യാപിച്ചു. ന്യൂ അല്‍ത്വവ്വാര്‍ സെന്റര്‍, ഫ്രീസോണ്‍, ബിന്‍ സൗഗത് സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള വകുപ്പിന്റെ കസ്റ്റ്മര്‍ ഹാപിനസ് സെന്ററുകള്‍ക്കാണ് സമയ മാറ്റം. ഇവിടങ്ങളിലെ ജിഡിആര്‍എഫ്എഡിയുടെ ഉപഭോക്തൃ കേന്ദ്രങ്ങള്‍ രാവിലെ 7.30 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രവര്‍ത്തിക്കുകയെന്ന് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു.

ജിഡിആര്‍എഫ്എഡി മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി

ഇക്കഴിഞ്ഞ ഞായറാഴ്ച മുതലാണ് പുതുക്കിയ സമയക്രമം നിലവില്‍ വന്നത്. കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷത്തിന്റെ ആദ്യത്തില്‍ ജിഡിആര്‍എഫ്എഡിയുടെ മുഖ്യ കാര്യാലയമായ ജാഫ്‌ലിയ ഓഫീസിന്റെ പ്രവൃത്തി സമയത്തിലും മാറ്റം വരുത്തിയിരുന്നു. ഇവിടെയും രാവിലെ 7.30 മുതല്‍ 6 വരെയാണ് സേവനങ്ങള്‍ ലഭിക്കുക. ഈ ഓഫീസിന് പുറമെ, അല്‍ത്വവാര്‍ സെന്റര്‍, അല്‍മനാറ സെന്റര്‍, ഹത്ത, അല്‍ യലായിസ്, ബിന്‍ സൗഗത് സെന്റര്‍, ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-3, ദാഫ്‌സ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവില്‍ വകുപ്പിന് ഉപയോക്തൃ സന്തുഷ്ടി കേന്ദ്രങ്ങളുള്ളത്.

സ്മാര്‍ട് സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം
എമിഗ്രേഷന്‍ വകുപ്പിന്റെ സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെയുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ ഉയോഗപ്പെടുത്തണമെന്ന് മേജര്‍ ജനറല്‍ അല്‍ മര്‍റി
ഉപയോക്താക്കളെ ഓര്‍മപ്പെടുത്തി. ഇത് ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കും. സ്മാര്‍ട് ഇടപാടുകള്‍ സമയവും പ്രയത്‌നവും ലാഭിക്കാന്‍ സഹായിക്കുമെന്നും സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറായ 800 5111ല്‍ ബന്ധപ്പെടാവുന്നതാണ്.